തെറ്റുകളുടെ കളിയാണ് ഫുട്ബോൾ. ഏറ്റവും കുറച്ച് തെറ്റുകൾ ചെയ്യുന്നവൻ വിജയിക്കുന്നു – ജോഹാൻ ക്രൈഫ് നടത്തിയ ഈ വിവരണം ലോകപ്രശസ്തമാണ്. ഇത്രയും കാല്പനിക വശ്യതയോടെ ഫുട്ബോളിനെ വർണിക്കുന്ന മറ്റൊരു വിശേഷണം ഇല്ലായിരിക്കാം. കളിക്കളത്തിൽ താരങ്ങൾ അനുഭവിക്കുന്ന സംഘർഷങ്ങൾ പോലെ തന്നെ ഗ്യാലറിയും ടി.വി. സ്ക്രീനിൽ മത്സരങ്ങൾ കാണുന്ന കോടികണക്കിന് ആളുകളും ആരാധകരും ആ ആത്മസംഘർഷങ്ങളുടെ ഭാഗമാകുന്നു. യഥാർത്ഥത്തിൽ ഫുട്ബാൾ ജീവിതം തന്നെയാണ്. കളിക്കളങ്ങൾ നമ്മുടെയൊക്കെ ജീവിതങ്ങളുടെ പ്രതിബിംബങ്ങളാണ്. പ്രണയവും വിരഹവും പ്രത്യാശയും നിരാശയും യുദ്ധവും സമാധാനവും ജീവിതത്തിലെന്ന പോലെ കളിക്കളത്തിലുമുണ്ട്.
വിഖ്യാത എഴുത്തുകാരൻ ജോർജ് ഓർവെൽ ഫുട്ബോൾ യുദ്ധത്തിന്റെ തുടർച്ചയല്ലാതെ മറ്റൊന്നുമല്ലെന്നും, നിരന്തരം കലഹിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ യുദ്ധഭൂമി വിട്ടു കളിക്കളങ്ങളിലേക്ക് ചേക്കേറി ഒരിക്കലും അവസാനിക്കാത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്നും നിരീക്ഷിക്കുന്നു. ഈ വിരഹവും , ദുഃഖവും , സംഘർഷങ്ങളും ഒക്കെ ഫുട്ബോളിന് വലിയ.വേരോട്ടമില്ലാത്ത രാജ്യങ്ങളിൽ പോലും നിലനിൽക്കുന്നു. ഇന്ത്യ ലോക ഫുട്ബോളിലെ ഉറങ്ങുന്ന ഭീമൻ ആണെന്ന വിശേഷണം പറഞ്ഞത് ഫിഫ പ്രസിഡന്റായിരുന്നു. വലിയ ജനസംഖ്യ എന്ന നിലയിൽ ഒരു ഫുട്ബോൾ ലോകകപ്പിന് പോലും യോഗ്യത കിട്ടുന്നില്ല എന്ന് പറഞ്ഞാൽ വളരെ നിരാശജനകമാണ്.
അഞ്ച് പതിറ്റാണ്ടു കാലത്തോളം കാര്യമായ നേട്ടങ്ങൾ ഒന്നും അവകാശപ്പെടാനില്ലാതെ നിദ്രയിൽ ആയിരുന്ന ‘ഭീമൻ’ പതിയെ ഉണർന്നു തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ കാലത്തിലെ കുതിപ്പിന് പിന്നിൽ നിന്ന് ഊർജം പകരുന്ന ഘടകങ്ങൾ നിരവധിയുണ്ട്. സമീപകാലത്ത് ഫിഫ റാങ്കിങ്ങിൽ വലിയ മുന്നേറ്റം നടത്തിയ ഇന്ത്യൻ ഫുട്ബോളിന്റെ ജാതകം തിരുത്താൻ സഹായിച്ച ഐ.എസ്.എലും ഇവിടുത്തെ ഫുട്ബോളും ഇന്ന് ലോക ശ്രദ്ധ നേടിക്കഴിഞ്ഞു .ലോകോത്തര ലീഗുകളോട് കിടപിടിക്കുന്ന ആരാധക പിന്തുണയുള്ള ഒരു ടീം ഇന്ത്യയിലുണ്ട് – കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മഞ്ഞപട
ഐ. ലീഗിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധികളായ ക്ലബും ചരമഗീതം എഴുതിയ സമയത്ത് മലയാളികൾ സ്വന്തം ടീമിനായി അത്രയധികം ആഗ്രഹിച്ചിരുന്ന ഒരു കാലമായിരുന്നു അത്. ഐ ലീഗ് ക്ലബ് വീണ്ടും വരില്ലെന്ന യാഥാർഥ്യത്തോടെ നിൽക്കുമ്പോഴായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗെന്ന ആശയവുമായി റിലയൻസ് വിപ്ലവം സൃഷ്ടിച്ചത്. ഇതോടെ ഫുട്ബോളിന്റെ ഈറ്റില്ലമായ കേരളത്തിനും ഒരു ക്ലബ് ലഭിച്ചു. കേരള ബ്ലാസ്റ്റേഴ്സ്.ആദ്യ സീസണിൽ തന്നെ കാവ്യനീതി പോലെ ഇന്ത്യൻ ഫുട്ബോളിന്റെ കാമ്പായ രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു കലാശകളി. കേരളത്തിന്റെ ബ്ലാസ്റ്റേഴ്സും ബംഗാളിന്റെ അത്ലറ്റികോയും. എന്നാൽ അവിടെയും കിട്ടാക്കനിയായ കേരളത്തിനൊരു ലീഗ് കീരിടമെന്ന നേട്ടം യാഥാർഥ്യമായില്ല.
2015 സീസണിൽ നിരാശ പെടുത്തിയപ്പോൾ.2016 സീസണിൽ തിരിച്ചുവരുകയായീരുന്നു ബ്ലാസ്റ്റേഴ്സ് കണ്ണൂർകാരൻ വിനീതിന്റെയും ഹെയതികാരൻ ബെൽഫോർട്ടിന്റെയും ഗോളടി മികവിലും ഹെങ്ബർട്ടിന്റെയും ഹൂഗ്സിന്റെയും പ്രതിരോധ മികവിലും ഫൈനലിലേക്ക് കുതിക്കുകയായിരുന്നു സച്ചിന്റെ ക്ലബ്. ഒരിക്കൽ കൂടി ഫൈനലിൽ കൊൽക്കത്ത വമ്പന്മാരായ ടീമിനോട് കാലിടറിയെങ്കിലും ആരാധകരുടെ മനസ് നിറക്കാൻ ടീമിനായിരുന്നു. ആ രണ്ട് ഫൈനൽ പ്രവേശനം ഒഴിച്ച് നിർത്തിയാൽ ഓർക്കാൻ സുഖമുള്ള ഒന്നും കേരളത്തിന്റെ ടീമിന് ഐ. എസ്.എലിൽ നിന്നും കിട്ടിയിട്ടില്ല. എന്നിട്ടും ആരാധകർ ഈ ടീമിനെ സ്നേഹിക്കുന്നു , പിന്തുണയ്ക്കുന്നു
ജയത്തിൽ സന്തോഷിക്കുകയും തോൽവിയിൽ ചങ്ക് പൊട്ടുകയും ചെയ്യുന്ന ആരാധക കൂട്ടത്തിന് വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ മികച്ച ഒരു ഐ എസ് എൽ കാലമാണ് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത് എന്ന് പറയാം. 19 മത്സരങ്ങളിൽ നിന്ന് 9 ജയവും 6 സമനിലയും 4 തോൽവിയുമായി 2016 ന് ശേഷം പ്ലെ ഓഫിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല ഒരു സീസണിലൂടെ കടന്നു പോകുന്ന ടീം ഈ മുന്നേറ്റം തുടർന്നാൽ കിരീടം കേരളത്തിലെത്തും. പ്രത്യാക്രമണങ്ങളിലൂടെ ഗോൾ നേടുകയും അല്ലാത്ത സമയങ്ങളിൽ എതിരാളിയെ ചെറുത്തുനിൽക്കുകയുമെന്ന അടിസ്ഥാനതന്ത്രമാണ് ടീം പുറത്തെടുക്കുന്നത്. കഴിഞ്ഞ സീസണിൽ കണ്ട പോലെ പരിക്കുകൾ ബുദ്ധിമുട്ട് ആണെങ്കിൽ പോലും ഇവയെ എല്ലാം അനുകൂല ഘടകമാക്കി മാറ്റാൻ പരിശീലകൻ വുകോമാനോവിച്ചിന് കഴിയുന്നുണ്ട്. ജയത്തിൽ കൂടുതൽ സന്തോഷിക്കാതെ വിജയദാഹം മാത്രമുള്ള വലിയ ലീഗുകളെ അനുസ്മരിപ്പിക്കുന്ന ഒരു പ്രൊഫഷണൽ സമീപനം ക്ലബിന് ഇത്തവണ ഉണ്ട്.
കോവിഡിന് മുമ്പ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിറക്കാനും എവേ മത്സരങ്ങളിൽ ഗാലറിയുടെ ഒരു ഭാഗം മഞ്ഞപ്പിക്കാനും ബ്ലാസ്റ്റേഴ്സിന്റെ ആരാധകൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഫാൻ ഫൈറ്റുകളിലും ശക്തിതെളിയിക്കുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിൽ സ്ഥിരത വരുത്താൻ ഇതുവരെ ആരാധകർക്ക് കഴിയാതെ പോയത് നിരാശയായിരുന്നു. പോയ കാലത്തിലെ പിഴവുകളെ സ്പോർട്ടിങ് ഡയറക്ടറായി കരോളിസ് സ്കിൻകിസ് നിയമിതനായതോടെ ഒരു പ്രൊഫഷനൽ സമീപനത്തിലൂടെ മറികടക്കാൻ ടീമിനായിട്ടുണ്ട്. എന്തായാലും മികച്ച രീതിയിൽ തുടങ്ങിയ ടീം അത്തരത്തിൽ ഒരു സീസൺ അവസാനിപ്പിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ
ബ്രിട്ടീഷുകാർ ഇന്ത്യയിൽ കാൽപ്പന്തുകളിയുടെയും ക്രിക്കറ്റിന്റെയും ഹോക്കിയുടെയും വിത്ത് പാകിയപ്പോൾ ബാറ്റിന്റെയും സ്റ്റമ്പിന്റെയും ഹോക്കി സ്റ്റിക്കുകളുടെയും പിറകെ പോവാതെ കാൽപ്പന്തുകളിയെ ജീവനു തുല്ല്യം സ്നേഹിച്ചു ആരാധനയോടെ നെഞ്ചിലേറ്റി തങ്ങളുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാക്കി മാറ്റിയ ഒരു ജനത ജീവനുതുല്യം സ്നേഹിക്കുന്ന ടീമാണ്. അവർക്ക് ജയിക്കാതിരിക്കാൻ ആകില്ല ; അവർ ജയിക്കും.