പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ പരാജയം രുചിച്ച് ലാ ലിഗയിലെ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡ്. ലീഗിൽ 16 ആം സ്ഥാനത്ത് നിൽക്കുന്ന ഗെറ്റാഫെയാണ് സ്പാനിഷ് വമ്പന്മാരെ അട്ടിമറിച്ചത്. ഡിഫൻഡർ എഡർ മിലിറ്റാവോയുടെ പിഴവ് മുതലാക്കി ഒൻപതാം മിനിറ്റിൽ എനെസ് ഉനാലാണ് റയലിനെ നടുക്കി വല കുലുക്കിയത്. ലാലിഗയിലെ 2022ലെ ആദ്യ ഗോളായിരുന്നു ഇത്. 9 മത്സരങ്ങൾക്ക് ഇടയിലെ ഉനാലിന്റെ ആറാം ഗോളാണിത്.ലുക്ക മോഡ്രിച്ചിന് ഗോൾ മടക്കാൻ മികച്ച അവസരം ലഭിച്ചെങ്കിലും ക്രോസ് ബാറിൽ തട്ടിയകലുകയായിരുന്നു.
കോവിഡ് ബാധയെ തുടർന്ന് വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള താരങ്ങൾ ഇല്ലാതെയാണ് റയൽ 2022ലെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. കഴിഞ്ഞ ഒക്ടോബറിൽ എസ്പാന്യോളിനോടാണ് ലാ ലിഗയിൽ റയൽ മാഡ്രിഡ് അവസാനമായി തോൽവി അറിഞ്ഞത്.ലാലിഗയിൽ റയൽ മാഡ്രിഡിന്റെ 11 മത്സരങ്ങളുടെ അപരാജിത കുതിപ്പ് ഇതോടെ അവസാനിച്ചു. ഇപ്പോഴും 46 പോയിന്റുമായി റയൽ മാഡ്രിഡ് ലീഗിൽ ഒന്നാമത് നിൽക്കുന്നു. ഗെറ്റഫെ ഈ വിജയത്തോടെ 16ആം സ്ഥനാത്തേക്ക് എത്തി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡ് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്രെന്റ്ഫോർഡിന്റെ വിജയം.തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ജെറാഡിന്റെ ടീം പരാജയപ്പെട്ടത്. 16ആം മിനുട്ടിൽ ഡാനി ഇങ്സിലൂടെ ആണ് വില്ല ലീഡ് എടുത്തത്. ആദ്യ പകുതിയുടെ അവസാനം വിസ്സ ഒരു സൂപ്പർ സ്ട്രൈക്കിലൂടെ ബ്രെന്റ്ഫോർഡിന് സമനില വാങ്ങി കൊടുത്തു.രണ്ടാം പകുതിയിൽ 83ആം മിനുട്ടിൽ റോർസ്ലേവ് തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളിലൂടെ ബ്രെന്റ്ഫോർഡിന് വിജയം നൽകി.
മറ്റൊരു മത്സരത്തിൽ എവർട്ടണെ ഗുഡിസൺ പാർക്കിൽ വെച്ച് നേരിട്ട ബ്രൈറ്റൺ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ മകാലിസ്റ്റർ ബ്രൈറ്റൺ ലീഡ് എടുത്തു. 23ആം മിനുട്ടിൽ ബേർണിലൂടെ ബ്രൈറ്റൺ ലീഡ് ഇരട്ടിയുമാക്കി. 25ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ എവർട്ടണ് ഒരു ഗോൾ മടക്കാൻ അവസരം ലഭിച്ചെങ്കിലും കാൾവട്ട് ലൂയിന് ലക്ഷ്യം കാണാൻ സാധിച്ചില്ല.രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോർദനിലൂടെ ഒരു ഗോൾ മടക്കി റാഫയുടെ ടീം കളിയിലേക്ക് തിരികെ വന്നു. പക്ഷെ 71ആം മിനുട്ടിലെ മകാലിസ്റ്ററിന്റെ ഗോളിലൂടെ ബ്രൈറ്റൺ 2 ഗോൾ ലീഡ് ആക്കി.76ആം മിനുട്ടിൽ ഗോർദനിലൂടെ എവർട്ടൺ ഒരു ഗോൾ കൂടെ മടക്കി എങ്കിലും ബ്രൈറ്റന്റെ വിജയം തടയാൻ ആയില്ല.
മറ്റൊരു മത്സരത്തിൽ ലീഡ്സ് യുണൈറ്റഡ് ബേൺലിയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലീഡ്‌സിന്റെ വിജയം.ജാക്ക് ഹാരിസൺ (39′) സ്റ്റുവർട്ട് ഡാളസ് (77′) ഡാനിയൽ ജെയിംസ് (90’+2′) എന്നിവരാണ് ലീഡ്സിനെ ഗോൾ നേടിയത്.മാക്സ്വെൽ കോർനെറ്റ് (54′) ബേൺലിക്ക് വേണ്ടി ഒരു ഗോൾ നേടി.