❝മൂന്ന് മലയാളി താരങ്ങൾ കൂടി ഐ എസ് എല്ലി ലേക്ക് ❞

വളർന്നു വരുന്ന ഏതൊരു ഇന്ത്യൻ യുവ ഫുട്ബോളറുടെയും വലിയ ലക്‌ഷ്യം ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുക എന്നതായി മാറിയിരിക്കുകയാണ്. ഇന്ത്യൻ ടീമിലേക്കുള്ള ആദ്യ പടിയായാണ് ഐ എസ് എല്ലി നെ കാണുന്നത്. തുടർച്ചയായ രണ്ടു ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരളയിൽ നിന്നും സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ നിന്നും നിരവധി മലയാളി താരങ്ങളാണ് ഇന്ത്യയിലെ ഏറ്റവും വലിയ ലീഗിലേക്ക് അവസരം കാത്തു നിൽക്കുന്നത്.

പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം മൂന്ന് ഗോകുലം താരങ്ങൾ ഐ എസ് എല്ലിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്.എമിൽ ബെന്നി, ജിതിൻ എം എസ് ഉവൈസ്‌ എന്നിവരാണ് ക്ലബ് വിടാൻ ഒരുങ്ങുന്നത്.എമിൽ ബെന്നി, ജിതിൻ എം എസ് എന്നിവർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്കാണ് പോകുന്നത്.ജംഷദ്പൂർ ആണ് ഉവൈസിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചത്.എമിലുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടു വർഷത്തെ കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. എമിൽ 2020 മുതൽ ഗോകുലം കേരളക്ക് ഒപ്പം ഉണ്ട്.

സെൻട്രൽ മിഡ്ഫീൽഡറായും, ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കുന്ന എമിൽ ഗോകുലത്തിനായി ഇതു വരെ 39 മത്സരങ്ങളിൽ ബൂട്ട് കെട്ടി. ഇത്രയും മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും 5 അസിസ്റ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഗോകുലത്തിനായി 21 മത്സരങ്ങൾ കളിച്ചിരുന്നു. ഒരു ഗോളും മൂന്ന് അസിസ്റ്റും ടീമിനായി താരം സംഭാവന ചെയ്തു. എമിൽ 2020-21 ഐ ലീഗ് സീസണിൽ എമേർജിങ് പ്ലയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2019 മുതൽ ഗോകുലത്തിന് ഒപ്പമുള്ള ജിതിൻ കഴിഞ്ഞ സീസൺ ഐ ലീഗിൽ 17 മത്സരങ്ങൾ കളിക്കുകയും 4 ഗോളുകൾ നേടുകയും ചെയ്തിരുന്നു.എ എഫ് സി കപ്പിലും മികച്ച പ്രകടനം നടത്താൻ ജിതിനായിരുന്നു. 2017 -18 ൽ കേരളം സന്തോഷ് ട്രോഫിയിൽ കിരീടം നേടിയപ്പോൾ ഫൈനലിലെ ഗോൾ അടക്കം 5 ഗോളുകൾ ജിതിൻ നേടിയിരുന്നു.

ഗോകുലം വിട്ട ഉവൈസ് താരം ഐ എസ് എൽ ക്ലബ്ബായ ജംഷദ്പൂർ എഫ് സിയിലേക്ക് ചേക്കേറുമെന്നാണ് സൂചന.‌ ഗോകുലത്തിനായി ഇതു വരെ 24 മത്സരങ്ങൾ ഈ പ്രതിരോധ താരം കളിച്ചിട്ടുണ്ട്. ഒരു ഗോളും, 3 അസിസ്റ്റുകളും നേടി. വരും ദിവസങ്ങളിൽ കൂടുതൽ മലയാളായി താരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുമെന്നാണ് കരുതുന്നത്.