❝39 വർഷമായി അബോധാവസ്ഥയിൽ മുൻ പി.എസ്.ജി താരം. ഈ കാലമത്രെയും പ്രാർത്ഥനയും, കാവലുമായി ഭാര്യയും❞

ഈ മാസം , മാർച്ച് 10 ന്, മുൻ പി‌എസ്‌ജി പ്രതിരോധ താരം ജീൻ പിയറി ആഡംസിന് 73 വയസ്സ് തികഞ്ഞു. എന്നാൽ നാല് പതിറ്റാണ്ടായി തന്റെ ജന്മദിനം അറിയാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. മുട്ടുകാലിനു നടത്തിയ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവുമൂലം നീണ്ട 39 വർഷമായി അബോധാവസ്ഥയിൽ കഴിയുകയാണ് ആഡംസ്. ഗോൾ വല കാക്കുന്ന ഗോൾ കീപ്പറുടെ ജാഗ്രതയോടെ അന്നു തൊട്ടിന്നോളം ജീൻ പിയറിനു കാവലാളായി ഭാര്യ ബെർണഡിറ്റ് ആഡംസ് അരികിലുണ്ട്.

എഴുപതുകളിൽ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജിയുടെ ഉരുക്കുകോട്ടയായിരുന്നു ജീൻ പീയർ. 29–ാം വയസ്സിൽ പിഎസ്ജിയുമായി കരാറിലേർപ്പെട്ട പിയർ ക്ലബ്ബിന്റെ മുൻനിര താരങ്ങളിലൊരാളായി മാറുകയായിരുന്നു. 1972–76 കാലഘട്ടത്തിൽ സഹതാരം മരിയസ് ട്രസറിനൊപ്പം ഫ്രാൻസ് ടീമിന്റെ പ്രതിരോധവും പിയർ കാത്തു.പ്രതിരോധനിരയിലെ മികവു മൂലം ആരാധകർ അദ്ദേഹത്തെ ‘ബ്ലാക്ക് റോക്ക്’ എന്നു വിളിച്ചു. 1948ൽ സെനഗലിൽ ജനിച്ച പിയറിന്റെ കുടുംബം അദ്ദേഹത്തിന്റെ 10–ാമത്തെ വയസ്സിലാണു ഫ്രാൻസിലേക്കു കുടിയേറിയത്. ദാരിദ്ര്യം മറികടക്കാൻ റബർ സംസ്കരണ കമ്പനിയിൽ വരെ ജോലി ചെയ്തെങ്കിലും എഴുപതുകളോടെ ക്ലബ് ഫുട്ബോളിൽ സജീവമായി മാറി. 22 വട്ടം ഫ്രഞ്ച് ദേശീയ ടീമിനായും കളത്തിലിറങ്ങി.

1982ൽ കാൽമുട്ടിനേറ്റ പരുക്കാണു പിയറിന്റെ ജീവിതത്തിനു നേരെ ചുവപ്പു കാർഡ് കാണിച്ചത്.എഡ്വാർഡ് ഹെറിയറ്റ് ഹോസ്പിറ്റൽ ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും അനസ്തറ്റിസ്റ്റിന്റെ ശ്രദ്ധക്കുറവു മൂലം തലച്ചോറിലേക്കുള്ള ഓക്സിജൻ തടസ്സപ്പെട്ട് അബോധവസ്ഥയിലായി. 1990 കളിൽ, ആദംസിനെ പരിചരിക്കുന്ന അനസ്തെറ്റിസ്റ്റിനും ട്രെയിനിക്കും ഒരു മാസത്തെ സസ്പെൻഷൻ ശിക്ഷയും കനത്ത പിഴയും നൽകണമെന്ന് കോടതി വിധിച്ചു. അന്നു മുതൽ തീർത്തും കിടപ്പിലായ പിയറിനു വേണ്ടി ചിരിക്കുന്നതും കരയുന്നതുമൊക്കെ ബെർണഡിറ്റാണ്.

ചലനശേഷി നഷ്ടപ്പെട്ടുവെങ്കിലും പിയർ എല്ലാമറിയുന്നു എന്ന സന്തോഷമാണു ബെർണഡിറ്റിന്റെ മനസ്സിൽ നിറയെ. ദയാവധം നടപ്പിലാക്കണമെന്ന ആവശ്യവുമായി സുഹൃത്തുക്കൾ ഉൾപ്പെടെ രംഗത്തെത്തിയപ്പോഴും ജീവിതത്തിന്റെ മൈതാനത്തുനിന്നു പ്രിയതമനെ മടക്കി അയയ്ക്കാൻ ബെർണഡിറ്റ് തയാറല്ല. പ്രണയത്തിന്റെ പച്ചവറ്റാത്ത ഹൃദയ മൈതാനത്ത് പിയറിനായുള്ള പ്രാർഥനയുമായി അവർ കാത്തിരിക്കുന്നു.

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആഡംസിന് ഇപ്പോഴും ആശയവിനിമയം നടത്താനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിയുന്നില്ല, പക്ഷേ അദ്ദേഹത്തിന് ഇപ്പോഴും ശ്വസിക്കാനും അനുഭവിക്കാനും ഭക്ഷണം കഴിക്കാനും ചുമക്കാനും വൈദ്യ ഉപകരണങ്ങളുടെ സഹായമില്ലാതെ വീട്ടിൽ ജീവിക്കാനും കഴിയും . ആഡംസിന്റെ മുൻ ഫ്രാൻസ് ടീം അംഗം മരിയസ് ട്രെസർ പറഞ്ഞു ,ഭയാനകമായ സംഭവത്തിന് ശേഷം തന്റെ മുൻ സഹപ്രവർത്തകനെ കാണാൻ ധൈര്യം ഉണ്ടായില്ല “ജീൻ പിയറി ഉണർന്നാലും അയാൾ ആരെയും തിരിച്ചറിയുകയില്ല. അപ്പോൾ ഇതുപോലെ ജീവിക്കുന്നത് മൂല്യവത്താണോ? സമാനമായ ഒരു കാര്യം എനിക്കുണ്ടായാൽ, എന്നെ ഇവിടെ നിർത്തരുതെന്ന് ഞാൻ ഭാര്യയോട് പറഞ്ഞു, ”ട്രെസർ പറഞ്ഞു.

Rate this post