നെയ്മറിനെ നായയുമായി താരതമ്യം ചെയ്തു അവഹേളനം, പയറ്റ്ന്റെ പോസ്റ്റ് കൊളുത്തിയത് വൻ വിവാദം
മാഴ്സെയുമായി തോൽവി രുചിക്കേണ്ടി വന്നതിനൊപ്പം മാഴ്സെ താരമായ അൽവാരോ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന നെയ്മറുടെ ആരോപണം വൻ വിവാദത്തിലേക്കാണ് ആ മത്സരത്തെ കൊണ്ടു ചെന്നെത്തിച്ചത്. താരങ്ങൾ തമ്മിൽ കയ്യാങ്കളിയായതും നെയ്മറടക്കം അഞ്ചു താരങ്ങൾക്ക് റെഡ് കാർഡുകളും പതിനാലു മഞ്ഞക്കാർഡുകളും കണ്ട മത്സരവും ഇതു തന്നെ. എന്നാൽ ഈ സംഭവത്തെ എരിതീയിൽ എണ്ണയൊഴിച്ചപോലെ ആക്കിയിരിക്കുകയാണ് ദിമിത്രി പയറ്റ്.
En bande organisée
C’est pas la capitale @Co_Ultras_Paris
C’est Marseille bb @OM_Officiel pic.twitter.com/YpGt56siS1— Dimitri Payet (@dimpayet17) September 14, 2020
മാഴ്സെ താരമായ ദിമിത്രി പയറ്റ് തന്റെ സഹതാരമായ അൽവാരോ ഗോൺസാലസിന് പിന്തുണയുമായി ഇൻസ്റ്റഗ്രാമിലിട്ട ഒരു പോസ്റ്റാണ് ആധാരം. നെയ്മറെ അവഹേളിക്കുന്ന രീതിയിൽ ഇട്ടിരിക്കുന്ന ചിത്രം നെയ്മർ ആരാധകരെ രോഷാകുലരാക്കിയിരിക്കുകയാണ്. നെയ്മർ ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്.
ചിത്രത്തിൽ ദിമിത്രി പയറ്റും മാഴ്സെ താരങ്ങളുമടങ്ങുന്ന സംഘത്തിന്റെ ചിത്രത്തിൽ നെയ്മറെ അൽവാരോ ഗോൺസാലസിന്റെ കയ്യിൽ പിടിച്ചിരിക്കുന്ന നായയുടെ തലയ്ക്കു പകരം ചിരിക്കുന്ന നെയ്മറുടെ തല ചേർത്താണ് ചിത്രീകരിച്ചിരിക്കുന്നത്. “ഞങ്ങളുടേത് ഒരു സംഘടിത കൂട്ടമാണെന്നും ഇത് പാരീസല്ല ഇത് മാഴ്സെയാണ് കുഞ്ഞേ” എന്ന അടിക്കുറിപ്പോടുകൂടിയാണ് ദിമിത്രി പയറ്റ് മാഴ്സെതാരങ്ങളുടെ തലകൾ ഉൾപ്പെടുത്തി എഡിറ്റു ചെയ്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വൻ വിമർശനങ്ങളാണ് ദിമിത്രി പയറ്റിനെതിരെ ഉയർന്നു കൊണ്ടിരിക്കുന്നത്.
വംശീയാധിക്ഷേപരോപണവുമായി നെയ്മറാണ് ആദ്യം രംഗത്തെത്തിയതെങ്കിലും ഇപ്പോഴത്തെ സ്ഥിതിഗതികൾ നെയ്മർക്ക് പ്രതികൂലമായാണ് ഭവിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോ റഫറി നെയ്മറിന് റെഡ് കാർഡ് കൊടുത്തത് അൽവാരോയുടെ തലക്ക് നെയ്മർ അടിക്കുന്ന വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ഇതിനെതിരെ കൂടുതൽ അച്ചടക്ക നടപടികളും വിലക്കുകളും താരത്തിനെതിരെ ഫ്രഞ്ച് ലീഗ് അധികൃതർ ചുമത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്തായാലും പയറ്റിന്റെ ഈ ഇൻസ്റ്റഗ്രാം പോസ്റ്റും വിവാദപരമായ സംഭവത്തെ വീണ്ടും ചൂടുപിടിപ്പിച്ചിട്ടുണ്ട്.