“ഫുൾഹാമിന്റെ വല നിറച്ച് മാഞ്ചസ്റ്റർ സിറ്റി ; ത്രസിപ്പിക്കുന്ന ഡെർബി പോരാട്ടത്തിൽ എസി മിലാൻ ജയം ; പൂർണ ആധ്യപത്യത്തോടെ ബയേൺ മ്യൂണിക്ക്”
ഫുൾഹാമിനെ 4-1ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് ക്വാർട്ടറിൽ. റിയാദ് മഹ്റസിന്റെ ഇരട്ടഗോളുകളാണ് സിറ്റിയുടെ വിജയം അനായാസമാക്കിയത്. ഗുണ്ടോഗൻ, സ്റ്റോൺസ് എന്നിവരും പ്രീമിയർ ലീഗ് വമ്പൻമാർക്കായി ലക്ഷ്യം കണ്ടു. തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു സിറ്റിയുടെ വിജയം. നാലാം മിനുട്ടിൽ ഫാബിയോ കാർവാലോ ആണ് ഫുൾഹാമിന് ലീഡ് നൽകിയത്. ഈ ഗോളിന് ശേഷം പിന്നെ സിറ്റിയുടെ ആധിപത്യമായിരുന്നു.
ആറാം മിനുട്ടിൽ തന്നെ ഗുണ്ടോഗനിലൂടെ സിറ്റി സമനില കണ്ടെത്തി. മഹ്റസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 13ആം മിനുട്ടിൽ ഡിബ്രുയിന്റെ ബോൾ വലയിൽ എത്തിച്ച് കൊണ്ട് സെന്റർ ബാക്ക് സ്റ്റോൺസ് സിറ്റിയെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ മെഹ്റസിന്റെ ഇരട്ട ഗോളുകൾ സിറ്റി വിജയം പൂർത്തിയാക്കി. 53ആം മിനുട്ടിൽ പെനാൾട്ടിയിൽ നിന്നായിരുന്നു മെഹ്റസിന്റെ ആദ്യ ഗോൾ. 57ആം മിനുട്ടിൽ ഡിബ്രുയിന്റെ അസിസ്റ്റിൽ നിന്ന് മഹ്റസ് തന്റെ രണ്ടാം ഗോളും നേടി.
എവർട്ടൺ പരിശീലകൻ എന്ന നിലയിലുള്ള ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ വിജയം ആഘോഷിച്ച് ഫ്രാങ്ക് ലംപാർഡ്. ബ്രെന്റ്ഫോഡിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് എവർട്ടൺ എഫ്എ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. എവെർട്ടനായി മിനാ, റിച്ചാർലിസ്ൺ, ഹോൾഗേറ്റ്, ടൗൺസെന്റ് എന്നിവർ സ്കോർ ചെയ്തു. ബ്രെന്റ്ഫോഡിന്റെ ഏക ഗോൾ പെനാൽറ്റിയിലൂടെ ടോണി സ്വന്തമാക്കി.പ്രീമിയർ ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് റാഫേൽ ബെനിറ്റസിനെ പുറത്താക്കിയാണ് മുൻ ചെൽസി കോച്ചും ഇതിഹാസ താരവുമായ ഫ്രാങ്ക് ലംപാർഡിനെ പുതിയ മാനേജറായി എവർട്ടൺ നിയമിച്ചത്.
സിരി എയിലെ ആവേശകരമായ മിലാൻ ഡെർബിയിൽ എ സി മിലാന് ത്രസിപ്പിക്കുന്ന ജയം. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാനെ പരാജയപ്പെടുത്തി കൊണ്ട് എ സി മിലാൻ ഇന്ററിന് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. ഫ്രഞ്ച് സ്ട്രൈക്കർ ജിറൂഡിന്റെ ഇരട്ട ഗോളുകൾ ആണ് എ സി മിലാന് വിജയം നൽകിയത്. ഇബ്രയും റെബിചും ഉൾപ്പെടെ പ്രധാന താരങ്ങൾ ഇല്ലാതെയാണ് മിലാൻ ഇറങ്ങിയത്.രണ്ട് തവണ സ്കോർ ചെയ്താണ് ജിറൂഡ് കളി എസി മിലാന് അനുകൂലമായി തിരിച്ചുവിട്ടത്. 75, 78 മിനിറ്റുകളിലായിരുന്നു ഇന്റർ മിലാന്റെ കഥ കഴിച്ച ഗോളുകൾ.
ഒന്നാം പകുതിയിൽ ഇവാൻ പെരിസിച്ചാണ് ഇന്ററിന്റെ ഗോൾ നേടിയത്. ഇതോടെ ഇറ്റാലിയൻ ലീഗിൽ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം കനത്തു.കളിയുടെ 95 മിനുട്ടിൽ തിയോ ചുവപ്പ് കാർഡ് കണ്ടതോടെ മിലാൻ 10 പേരായി ചുരുങ്ങി എങ്കിലും ഡാർബി എസി മിലാൻ തന്നെ സ്വന്തമാക്കി. ഈ വിജയത്തോടെ എ സി മിലാൻ 52 പോയിന്റുമായി ഇന്ററിന് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. 53 പോയിന്റുള്ള ഇന്റർ ഒരു മത്സരം കുറവാണ് കളിച്ചത്.
ബുണ്ടസ് ലീഗയിൽ ശക്തരുടെ പോരാട്ടത്തിൽ ആർ.ബി ലൈപ്സിഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ബയേൺ മ്യൂണിക്.ബയേണിനു പന്ത് കൈവശം വക്കുന്നതിൽ മുൻതൂക്കം ഉണ്ടായിരുന്ന മത്സരത്തിൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ ആണ് സൃഷ്ടിച്ചത്. പന്ത്രണ്ടാം മിനിറ്റിൽ തോമസ് മുള്ളറിലൂടെ ബയേൺ ആണ് മത്സരത്തിൽ ആദ്യ ഗോൾ കണ്ടത്തിയത്. എന്നാൽ 27 മത്തെ മിനിറ്റിൽ ലൈമറിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ അഡ്രിയാൻ സിൽവ ലൈപ്സിഗിനു സമനില ഗോൾ നൽകി.
📽️ A true tug of war this evening where @FCBayernEN ultimately came out on top, but not without having to put in a serious shift. 🪢#FCBRBL pic.twitter.com/47JmIYtB34
— Bundesliga English (@Bundesliga_EN) February 5, 2022
ഒന്നാം പകുതിക്ക് തൊട്ടു മുമ്പ് കിങ്സ്ലി കോമാന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ റോബർട്ട് ലെവൻഡോസ്കി ബയേണിനെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ലൈമറിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ക്രിസ്റ്റഫർ എങ്കുങ്കു ലൈപ്സിഗിനെ മത്സരത്തിൽ വീണ്ടും ഒപ്പം എത്തിച്ചു. എന്നാൽ 5 മിനിറ്റിനുള്ളിൽ ലൈപ്സിഗ് താരം ജോസ്കോ വാർഡിയോൾ സെൽഫ് ഗോൾ നേടിയതോടെ ബയേൺ വീണ്ടും മത്സരത്തിൽ മുന്നിലെത്തി.21 മത്സരങ്ങളിൽ നിന്നും 52 പോയിന്റുമായി വ്യക്തമായ ആധിപത്യത്തോടെ ഒന്നാമതാണ് ബയേൺ .