” ഗോൾ വഴങ്ങാൻ മത്സരിക്കുകയും ഗോളടിക്കാൻ മറക്കുകയും ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്സ് “
കേരള ബ്ലാസ്റ്റേഴ്സ് നിർണായകമായ പതിനെട്ടാം റൗണ്ട് മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ നേരിടാൻ തയ്യാറെടുക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തു നിന്ന് നോക്കിയാൽ എല്ലാ അർത്ഥത്തിലും ജീവൻമരണ പോരാട്ടമാണ് ഈ മത്സരം.ടീമിലെ കോവിഡ് വ്യാപനത്തിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം അത്ര ശുഭകരമല്ല. അവസാന 6 മത്സരങ്ങളില്‍ മൂന്നു തോൽവിയാണു ബ്ലാസ്റ്റേഴ്സ് നേരിട്ടത്. ബ്ലാസ്റ്റേഴ്സിന് എന്തുകൊണ്ടും ഈ മത്സരം വിജയിച്ചേ മതിയാകു. ഈ മത്സരം ഉൾപ്പെടെയുള്ള അവസാനത്തെ മൂന്ന് മത്സരങ്ങളും ജയിച്ച് മുഴുവൻ പോയിന്റും നേടിയാൽ മാത്രമേ ഈ സീസണിൽ ISLൽ കേരളാ ബ്ലാസ്റ്റേഴ്സിന് സെമി ഫൈനൽ കളിക്കാനാകൂ എന്നത് ഒരു യാഥാർഥ്യമാണ്.
ഈ വർഷത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയ ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. 17 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 7 ജയവും ആറു സമനിലയും4 തോൽവിയും നേരിട്ട ബ്ലാസ്റ്റേഴ്സ് 27 പോയിന്റാണ് നേടിയത്. ഇത്രയും മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ മാത്രമാണ് കേരള ടീം വഴങ്ങിയത്. ലെസ്കോവിക് -ഹോർമീപാം -സിപോവിച്ച് എന്നിവർ അണിനിരന്ന പ്രതിരോധത്തെ മറികടക്കാൻ എതിരാളികൾ പാടുപെടുന്ന കാഴ്ച നാം കണ്ടിട്ടുണ്ട്. മുന്നേറ്റനിര പരാജയപെടുമ്പോഴും പാറ പോലെ ഉറച്ചു നിൽക്കുന്ന പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന് വിജയം കൊണ്ട് വരുന്നത്. എന്നാൽ അവസാന അഞ്ചു മത്സരങ്ങളിൽ 8 ഗോളുകളാണ് ഇവർ വഴങ്ങിയത്. മുൻ മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി ഗോളുകൾ വഴങ്ങുന്നത് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തെ തളർത്തുകയും ചെയ്തു.
2021 – 2022 ഐഎസ്എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുള്ള ടീമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് .എന്നാൽ അവസാന നടന്ന എല്ലാ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങുകയും ചെയ്തു.അലക്സ് ഫെർഗുസൺ പറഞ്ഞ ““Attack wins you games, defence wins you titles.” എന്ന പ്രസക്തമായ വാക്ക് ഫുട്ബോൾ പ്രേമികൾ ഒരിക്കലും മറക്കില്ല. അതെ പ്ലെ ഓഫിലേക്കുള്ള യാത്രയിൽ പ്രതിരോധം പാളിയാൽ എല്ലാം പാളുമെന്ന് ഉറപ്പ്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഫൈനലിൽ എത്തിയ രണ്ട് സീസണുകളിലും പ്രതിരോധം മികച്ചതായിരുന്നു. ഹോർമിപാമിനേറ്റ പരിക്ക് ബ്ലാസ്റ്റേഴ്സിനെ വല്ലാത്ത രീതിയിൽ ബാധിച്ചിരുന്നു. പരിക്കും സസ്പെൻഷനും മൂലം പ്രതിരോധത്തിൽ സ്ഥിരമായ നാല് താരങ്ങളെ ഇറക്കാൻ ബ്ലാസ്റ്റേഴ്സ് പാടുപെട്ടു. പുതിയ കോമ്പിനേഷനുകളിൽ കളിക്കാർക്ക് ഒത്തിണക്കം പുലർത്താനും സാധിച്ചില്ല.
ലീഗിലെ രണ്ടാം പകുതിയിൽ ഗോളടിക്കാൻ മറന്നു പോകുന്ന ബ്ലാസ്റ്റേഴ്സിനായാണ് നമുക്ക കാണാൻ സാധിച്ചത്. ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രധാന പ്രശ്നം ഗോളുകൾ നേടാൻ സാധിക്കാത്തതാണ്. 17 മത്സരങ്ങളിൽ നിന്നും വെറും 24 ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചത്. കഴിഞ്ഞ ആറു മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളും ചെന്നൈയിനും മാത്രമാണ് ബ്ലാസ്റ്റേഴ്സിനെക്കാൾ കുറവ് ഗോളുകൾ നേടിയിട്ടുള്ളത്. അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും അത് മുതലാക്കാൻ സ്ട്രൈക്കര്‍മാര്‍ക്ക് സാധിക്കുന്നില്ല. പലപ്പോഴും നിർഭാഗ്യം കൊണ്ടാണ് ഗോളുകൾ അടിക്കാൻ സാധിക്കാതിരിക്കുന്നത്.
ടോപ് സ്കോറർമാരുടെ പട്ടിക പരിശോധിച്ചാൽ ആദ്യ പത്തിൽ ഒരു ബ്ലാസ്റ്റേഴ്സ് താരത്തിനെ പോലും നമുക്ക് കാണാൻ സാധിക്കില്ല. ഇതിൽ നിന്നും ബ്ലാസ്റ്റേഴ്സ് നേരിടുന്ന വലിയ പ്രശ്നവും നമുക്ക് മനസ്സിലാവാൻ സാധിക്കും. അഞ്ചു ഗോളുമായി അൽവാരോ വസ്ക്വസ് പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ്. വാസ്ക്വസിനെ പോലെ ഇത്രയും അനുഭവ സമ്പത്തുള്ള ഒരു സ്ട്രൈക്കറിൽ നിന്നും ബ്ലാസ്റ്റേഴ്സ് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. മുന്നേറ്റ നിരയിൽ വാസ്ക്വസ് – ഡയസ് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും പലപ്പോഴും ലഭിക്കുന്ന അവസരങ്ങൾ മുതലാക്കാൻ അവർക്ക് സാധിക്കുന്നില്ല. സഹലാണെങ്കിൽ തന്റെ തുടക്ക കാലത്തേ ഫോമിന്റെ നിഴൽ മാത്രമാണ്. തുടർച്ചയായ 9 മത്സരങ്ങളിൽ സഹലിന് ഗോൾ നേടാൻ സാധിക്കാത്തത് ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.ഇനിയുള്ള മത്സരങ്ങളിൽ സ്ട്രൈക്കര്‍മാര്‍ കൂടുതൽ മികവിലേക്കുയരേണ്ടിയിരിക്കുന്നു.
പ്രതിരോധവും -മുന്നേറ്റനിരയും ഒരേപോലെ മികവ് പുറത്തെടുത്താൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് പ്ലെ ഓഫ് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ സാധിക്കു.ലീഗിന്റെ ആദ്യ പകുതിയിൽ കിരീട പ്രതീക്ഷകൾ നൽകി പോയിന്റ് ടേബിളിൽ ഒന്നാമത് നിന്ന ഒരു ടീം അവസാന ഘട്ടത്തിൽ പ്ലെ ഓഫ് സ്പോട്ട് പോലും തുലാസ്സിലാവുന്ന നിലയിലെത്തിനിൽക്കുന്നത് ആണ് കാണാൻ സാധിച്ചത്. ആരാധകർ ബ്ലാസ്റ്റേഴ്സിൽ നിന്നും ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. അവർ ഹൃദയം കൊണ്ടാണ് ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്നത്. അത്കൊണ്ട് തന്നെ അവർക്കായി എങ്കിലും ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ തീരു.