” ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചു കൂട്ടുന്ന അർജന്റീന – സ്പാനിഷ് കൂട്ട്കെട്ട് “
ഓരോ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും കുറച്ചു വര്‍ഷങ്ങളായി സ്വപ്നം കണ്ട പ്രകടനമാണ് ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം മഞ്ഞ പട പുറത്തെടുത്തത്.സീസണിലെ നിരാശാജനകമായ തുടക്കം അവരുടെ ചരിത്രത്തിലെ ഏറ്റവും അവിസ്മരണീയമായ ഒന്നാക്കി മാറ്റാനും മഞ്ഞപ്പടക്കായി. ബ്ലാസ്റ്റേഴ്സിന്റെ ഈ മുന്നേറ്റത്തിൽ പരിശീലകനായ ഇവാൻ വുകൊമാനോവിച്ച് എന്ന സെർബിയ തന്ത്രജ്ഞന്റെ പങ്ക് നമുക്ക് വിവരിക്കാൻ സാധിക്കാത്തതിനപ്പുറമാണ്. കഴിഞ്ഞ കുറെ സീസണുകളിലെ മോശം പ്രകടനം മൂലം ആരാധകർ കയ്യൊഴിഞ്ഞ ബ്ലാസ്റ്റേഴ്സിന് പുതിയ ജീവൻ നൽകി പുനരുജ്ജീവിപ്പിച്ചത് ഇവാൻ ആണ്.
എന്നാൽ സെർബിയൻ പരിശീലകനറെ തന്ത്രങ്ങൾക്കിടയിലും എടുത്തു പറയേണ്ട പ്രകടനം നടത്തിയ രണ്ടു വിദേശ സ്ട്രൈക്കർമാരായിരുന്നു പെരേര ഡയസും ,അൽവാരോ വസ്ക്വാസും.2019 – 2020 സീസണില്‍ 18 മത്സരങ്ങളില്‍നിന്ന് 29 ഗോള്‍ നേടിയതായിരുന്നു ഒരു സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വമ്പന്‍ ഗോള്‍ നേട്ടം. എന്നാല്‍, ഇത്തവണ ബ്ലാസ്റ്റേഴ്സ് ആ റിക്കാര്‍ഡ് തകര്‍ത്തു. 20 മത്സരങ്ങളില്‍നിന്ന് 34 ഗോളാണ് 2021 – 2022 സീസണില്‍ മഞ്ഞപ്പട അടിച്ചു കൂട്ടിയത്. ഈ 34 ഗോളുകളിൽ 16 അതും അടിച്ചു കൂട്ടിയത് ഈ അര്‍ജന്റീന – സ്പാനിഷ് കൂട്ടുകെട്ടാണ് എന്നറിയുമ്പോൾ ഈ സീസണിലെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ ഇവർ വഹിച്ച പങ്ക് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.എട്ട് ഗോള്‍ വീതം ആല്‍വാരോ വാസ്ക്വെസും ജോര്‍ജ് പെരേര ഡിയസും നേടിയത്.
ഈ സീസണിലെ തന്നെ ഏറ്റവും മികച്ച സ്ട്രൈക്കിങ് പാർട്നെർസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയസും വാസ്ക്കസും തന്നെയാണ്. ഇരുതലമൂർച്ചയുള്ള ഈ ആയുധങ്ങളെ തടയാൻ ഏത് പ്രതിരോധ നിരയും ശരിക്കും വിഷമിക്കുണ്ട്. പലപ്പോഴും അൽവാരോയുടെ സ്ട്രൈക്കർ പൊസിഷനിൽ ഡയസിനെയാണ് കാണാൻ സാധിക്കുന്നത്. ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.ഐഎസ്എല്ലിലെ തന്നെ ഏറ്റവും കഠിനാധ്വാനിയായ താരങ്ങളിലൊരാളാണ്. ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ കളിശൈലിയിൽ ഏറ്റവും പ്രധാനഘടകവും ഡയസാണ്. ഡയസ് കളിക്കാതെ പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഇതിൽ നിന്നും താരത്തിന്റെ ടീമിന്റെ പങ്ക് മനസ്സിലാക്കാൻ സാധിക്കും.
ഗോളുകൾ കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തുന്ന സ്ട്രൈക്കറാണ് അൽവാരോ വസ്ക്വാസ്.പല ബ്ലാസ്റ്റേഴ്സ് ആരാധകരും പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായിട്ടാണ് അൽവാരോയുടെ കളിശൈലിയെ താരതമ്യപ്പെടുത്തുന്നത്.നോർത്ത് ഈസ്റ്റിനെതിരെ നേടിയ നേടിയ ലോങ്ങ് റേഞ്ച് ഗോൾ മാത്രം മതിയാവും താരത്തിന്റെ മികവ് നമുക്ക് മനസ്സിലാക്കാൻ . ഒന്നിനെയും കൂസാതെ നിർഭയത്തോടെ മൈതാനത്ത് നിറഞ്ഞാടുന്ന അൽവാരോ ഏതു പൊസിഷനിലും നിന്നും ഗോൾ ലക്ഷ്യമാക്കി ഷോട്ട് ഉതിർക്കാൻ തലപര്യപ്പെടുന്ന താരം കൂടിയാണ്. തളരാത്ത പോരാട്ട വീര്യവും കളിക്കളത്തിലെ അഗ്രഷനുമായെത്തുന്ന സ്പാനിഷ് താരം പലപ്പോഴും ടീമിനെ ഒറ്റക്ക് മുന്നോട്ട കൊണ്ട് പോകും.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 20 മത്സരങ്ങളും കളിച്ച സ്പാനിഷ് സ്ട്രൈക്കർ ഗോവക്കെതിരെ അവസാന മിനുട്ടിൽ നേടിയ ഗോളുൾപ്പെടെ 8 ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു. 64 ഷോട്ടുകൽ അടിച്ച താരം 27 ക്രോസ്സുകൾ 405 പാസ്സുകളും നൽകി. എതിർ പോസ്റ്റിൽ വാസ്ക്വസ് ഇപ്പോഴും ഭീഷണിയായി നിലകൊണ്ടിരുന്നു.സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിൽ എത്തിയ ഏറ്റവും ഉയർന്ന വിദേശികളിൽ ഒരാൾ തന്നെയാണ് സ്പാനിഷ് സ്ട്രൈക്കർ. 18 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഡയസ് 8 ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.34 ഷോട്ടുകൽ അടിച്ച താരം17 ക്രോസ്സുകൾ 307 പാസ്സുകളും നൽകി. ഡയസിനൊപ്പം വസ്ക്വാസ് പടുത്തുയർത്തുന്ന കൂട്ട്കെട്ട് പ്ലെ ഓഫീലെ വിജയത്തിലും ,കിരീടത്തിലേക്കും എത്തിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.