ആദ്യം ഗോളടിച്ചു, പിന്നെ ഗോൾകീപ്പറായി ഉജ്ജ്വല സേവ്; മാസ്മരിക പ്രകടനവുമായി അർജന്റീന താരം

സെവിയ്യയും ഐബാറും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിൽ അർജൻറീനിയൻ താരം ഓകാംപോസിന്റെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നത്. സെവിയ്യ വിജയം നേടിയ മത്സരത്തിൽ ടീമിന്റെ ഏകഗോൾ നേടിയ താരം പിന്നീട് ഇഞ്ചുറി ടൈമിൽ ഗോൾകീപ്പറായി തകർപ്പൻ സേവ് നടത്തി ടീമിന്റെ രക്ഷകനാവുകയും ചെയ്തു.

ഐബാറിനെതിരായ മത്സരത്തിന്റെ അൻപത്തിയാറാം മിനുട്ടിലാണ് താരം ടീമിന്റെ ഏകഗോൾ നേടുന്നത്. ജീസസ് നവാസിന്റെ പാസിൽ വലകുലുക്കിയ താരം ഈ സീസണിൽ നേടുന്ന പതിമൂന്നാമത്തെ ഗോളായിരുന്നു അത്. അതിനു ഇഞ്ചുറി ടൈമിൽ മറ്റൊരു തരത്തിലും അർജൻറീന താരം ടീമിനെ രക്ഷിക്കുകയായിരുന്നു.

മത്സരത്തിൽ സെവിയ്യ അഞ്ചു സബ്സ്റ്റിട്യൂഷനും നടത്തിയതിനു ശേഷമാണ് ഗോൾകീപ്പർ വാക്ളിക്ക് പരിക്കേറ്റു പുറത്തു പോകുന്നത്. ഇതോടെ ഒകാംപോസ് അവസാന നിമിഷങ്ങളിൽ ഗോളിയുടെ വേഷമണിയുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഐബാറിനു ലഭിച്ച കോർണറിൽ നിന്നും ഐബാർ ഗോൾ കീപ്പറുടെ ഷോട്ട് താരം തട്ടിയകറ്റി ടീമിനു വിജയം സമ്മാനിക്കുകയും ചെയ്തു.

മത്സരത്തിൽ വിജയിച്ചതോടെ യൂറോപ്യൻ യോഗ്യതയിലേക്ക് സെവിയ്യ അടുത്തു. മൂന്നാം സ്ഥാനത്തുള്ള അറ്റ്ലറ്റികോയുമായി വെറും രണ്ടു പോയിന്റ് വ്യത്യാസത്തിലാണ് സെവിയ്യ നാലാം സ്ഥാനത്തു നിൽക്കുന്നത്.

Rate this post