“ബാഴ്സലോണ യൂറോപ്പ ലീഗിൽ നിന്നും പുറത്ത് ,സെമി സ്ഥാനം ഉറപ്പിച്ച് വെസ്റ്റ് ഹാമും , ലൈപ്സിഗും , റേഞ്ചേഴ്സും”
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ ടൈയുടെ രണ്ടാം പാദത്തിൽ ബാഴ്‌സലോണയെ 3-2 ന് തോൽപ്പിച്ച് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് സെമി ഫൈനലിൽ സ്ഥാനം പിടിച്ചു.അഗ്രിഗേറ്റ് സ്കോറിൽ 4-3ന്റെ വിജയവും. ആദ്യ പാദത്തിൽ ജർമ്മനിയിൽ 1-1ന്റെ സമനില ആയിരുന്നു ഫലം. ഈ പരാജയത്തോടെ ബാഴ്സലോണയുടെ 15 മത്സരങ്ങളുടെ അപരാജിത കുതിപ്പും അവസാനിച്ചു.
ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനായി ഫിലിപ്പ് കോസ്റ്റിക് രണ്ട് ഗോളുകൾ നേടി.ബാഴ്സയുടെ പൊസഷൻ ഗെയിമിനെ അതിവേഗ കൗണ്ടർ അറ്റാക്കിംഗ് വഴി നേരിട്ട ജർമ്മൻ ടീം കോസ്റ്റിച്ചിന്റെ ഗോളിൽ കളിയുടെ നാലാം മിനിറ്റിൽ തന്നെ ലീഡ് നേടി ഞെട്ടിച്ചു. സ്വന്തം കാണികൾക്ക് മുന്നിൽ പകച്ചുപോയ ബാഴ്സയ്ക്ക് കനത്ത പ്രഹരം ഏൽപ്പിച്ച് 36 ആം മിനിറ്റിൽ കൊളംബിയൻ താരം റാഫേൽ ബോറേ ഫ്രാങ്ക്ഫർട്ടിന്റെ ലീഡ് രണ്ടായി ഉയർത്തി. 67ആം മിനുട്ടിൽ ബാഴ്സലോണ ഡിഫൻസിനെ കീഴ്പ്പെടുത്തി മൂന്നാം ഗോളും വന്നു. കോസ്റ്റികിന്റെ രണ്ടാം ഗോൾ. കളി 3-0നും ടൈ 4-1നും ജർമ്മൻ ടീം മുന്നിൽ. ഇതിനു ശേഷവും ഫ്രാങ്ക്ഫർട് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫിനിഷിങിലെ പിഴവ് ബാഴ്സലോണക്ക് തിരിച്ചടിയായി.
അവസാനം ബുസ്കെറ്റ്സ് ഇഞ്ച്വറി ടൈമിൽ ബാഴ്സക്കായി ഒരു ഗോൾ മടക്കി. പക്ഷെ അപ്പോഴേക്കും സമയം ഒരു പാട് വൈകിയിരുന്നു. എങ്കിലും 9 മിനുട്ട് ഇഞ്ച്വറി ടൈമിൽ ബാഴ്സലോണ പൊരുതി. 100ആം മിനുട്ടിൽ അവർ ഒരു പെനാൾട്ടിലൂടെ ഡിപായും ഗോൾ നേടി. ജർമ്മനിയിൽ നിന്നെത്തിയ 30,000ത്തോളം വരുന്ന ആരാധകരുടെ പിന്തുണ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ അട്ടിമറി വിജയത്തിൽ വലിയ സ്വാധീനം ചെലുത്തി.ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ലിയോണിനെ തോൽപ്പിച്ച വെസ്റ്റ് ഹാം യുണൈറ്റഡിനെ ഫ്രാങ്ക്ഫർട്ട് നേരിടും, ആദ്യ പാദം ഏപ്രിൽ 28 നും നിർണായകമായ രണ്ടാം മത്സരം മെയ് 5 നും.
മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ഹാം ഫ്രഞ്ച് ക്ലബ് ലിയോണിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.ആദ്യ പാദത്തിൽ കളി 1-1 എന്ന സമനിലയിൽ ആയിരുന്നു അവസാനിച്ചിരുന്നത്. രണ്ട് പാദങ്ങളിലുമായി 4-1ന്റെ വിജയം വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തമാക്കി.ക്രെയ്ഗ് ഡോസൺ, ഡെക്ലാൻ റൈസ്, ജെറോഡ് ബോവൻ എന്നിവരുടെ വകയായിരുന്നു ഇംഗ്ലീഷ് ക്ലബ്ബിന്റെ ഗോളുകൾ. സെമി ഫൈനലിൽ ഫ്രാങ്ക്ഫർട് ആകും വെസ്റ്റ് ഹാമിന്റെ എതിരാളികൾ.
മറ്റൊരു ക്വാർട്ടറിൽ ഇൻ-ഫോമിലുള്ള ഫ്രഞ്ച് ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കു നേടിയ ഇരട്ട ഗോളിന്റെ പിൻബലത്തിൽ അറ്റ്ലാന്റായെ കീഴടക്കി ലൈപ്സിഗ് സിമിയിൽ സ്ഥാനം പിടിച്ചു.ജർമ്മനിയിലെ ആദ്യ പാദത്തിൽ 1 -1 സമനില വഴങ്ങിയതിന് പിന്നാലെ, ബെർഗാമോയിൽ ലെപ്സിഗ് ആധിപത്യം പുലർത്തി, 18-ാം മിനിറ്റിൽ എൻകുങ്കു ക്ലോസ് റേഞ്ചിൽ നിന്ന് ഹോം സ്ലോട്ട് ചെയ്തപ്പോൾ ലൈപ്സിഗ് അർഹമായ ലീഡ് നേടി. 87 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ഫ്രഞ്ച് താരം രണ്ടാമത്തെ ഗോളും നേടി.
നാലാമത്തെ ക്വാർട്ടറിൽ പോർച്ചുഗീസ് ക്ലബ് ബ്രാഗയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സ് സെമിയിൽ സ്ഥാനം പിടിച്ചു.ആദ്യ പാദത്തിൽ നിന്ന് 1-0ന് പിന്നിലായ റേഞ്ചേഴ്‌സ് തകർപ്പൻ തിരിച്ചു വരവാണ് നടത്തിയത്. അഗ്രഗേറ്റ് സ്കോർ 3 -2 എന്ന നിലയിലാണ് റേഞ്ചേഴ്സ് മത്സരം അവസാനിപ്പിച്ചത്.ജെയിംസ് ടാവർണിയർ (2′, 44′ PEN) കെമർ റൂഫ് (101′) എന്നിവർ റേഞ്ചേഴ്സിന്റെ ഗോളുകൾ നേടിയപ്പോൾ ഡേവിഡ് കാർമോ (83′) ബ്രാഗയുടെ ഗോൾ നേടി.