മെസ്സി ബാഴ്സയിൽ തുടരാൻ സംഭവിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് സെർജി റോബെർട്ടോ.
ഈ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയം സൂപ്പർ താരം ലയണൽ മെസ്സിയുടെ ബാഴ്സ വിടുമെന്നുള്ള അഭ്യൂഹങ്ങളായിരുന്നു. മെസ്സി ക്ലബ് വിടാൻ അനുവാദം തേടിയത് മുതൽ നിരവധി കുപ്രചരണങ്ങൾ ഫുട്ബോൾ ലോകത്ത് വ്യാപിച്ചിരുന്നു. ഒടുക്കം ഒരാഴ്ച്ചക്ക് മേലെ നീണ്ടുനിന്ന പ്രതിസന്ധികൾക്കൊടുവിൽ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ അടുത്ത ട്രാൻസ്ഫർ ജാലകത്തിലും ഇത്പോലെയൊരു അവസ്ഥകളെ ബാഴ്സ നേരിടേണ്ടി വരുമെന്നുറപ്പാണ്. മെസ്സി അടുത്ത വർഷം ഫ്രീ ഏജന്റ് ആയി മാറുകയും അത്വഴി മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുകയും ചെയ്യാം. എന്നാൽ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ സാധ്യതകൾ ഉണ്ട് എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബാഴ്സ താരം സെർജി റോബെർട്ടോ. തങ്ങൾ വിജയങ്ങൾ നേടുകയും കിരീടങ്ങൾ നേടുകയുമാണെങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ മനസ്സ് മാറുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും റോബെർട്ടോ അറിയിച്ചു. അറ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസ്സിയെ കുറിച്ച് വ്യക്തമായി സംസാരിച്ചത്.
Sergi Roberto: “If we play well and win trophies, maybe Messi will stay"https://t.co/tnQDJAzNCh
— SPORT English (@Sport_EN) September 27, 2020
” അദ്ദേഹത്തിന്റെ സഹതാരം എന്ന നിലയിൽ അദ്ദേഹം ബാഴ്സയിൽ തുടരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷെ അവസാനത്തിൽ ഓരോരുത്തർക്കും അവരുടേതായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശമുണ്ട്. ആ തീരുമാനം എങ്ങനെ ആയാലും അതിനെ നാം ബഹുമാനിക്കേണ്ടതുണ്ട്. മെസ്സി ബാഴ്സ വിടാൻ അനുവാദം ചോദിച്ചു എന്നുള്ളതിനെ കുറിച്ച് എനിക്കൊന്നുമറിയില്ല. ആ വാർത്ത പുറത്തു വന്നപ്പോൾ എനിക്കത് വിശ്വസിക്കാനായില്ല. അങ്ങനെ സംഭവിക്കരുതേ എന്ന് ഞാൻ ആഗ്രഹിച്ചു. അവസാനം അദ്ദേഹം തുടരാൻ തീരുമാനിച്ചതിൽ ഞാൻ സന്തോഷവാനുമായി ” റോബെർട്ടോ തുടരുന്നു.
” അദ്ദേഹം ഒരു വർഷം കൂടി മാത്രമേ ബാഴ്സയിൽ തുടരുകയൊള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞങ്ങൾ നല്ല രീതിയിൽ കളിക്കുകയും കിരീടങ്ങൾ നേടുകയും ചെയ്താൽ, മെസ്സിയുടെ മനസ്സ് മാറില്ലെന്ന് ആര് കണ്ടു? ഞങ്ങൾ ബഹുമതികൾ നേടിക്കഴിഞ്ഞാൽ തീർച്ചയായും അദ്ദേഹം ഞങ്ങളോടൊപ്പം തുടരും എന്നാണ് ഞാൻ കരുതുന്നത്.ഇതൊരു സങ്കീർണമായ സാഹചര്യമാണ്. എല്ലാവരെയും സന്തോഷിപ്പിച്ചു നിർത്തുക എന്നുള്ളത് ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. പക്ഷെ മെസ്സിയുടെ കാര്യത്തിൽ ഇതൽപ്പം വ്യത്യസ്ഥമാണ്. കാരണം ഇരുപത് വർഷമായി അദ്ദേഹം ഈ ജേഴ്സി അണിയുന്നു. തീർച്ചയായും അദ്ദേഹത്തിന്റെ സന്തോഷവും താല്പര്യവും പ്രധാനപ്പെട്ടതാണ് ” റോബെർട്ടോ അറിയിച്ചു.