മെസിക്കൊപ്പം വീണ്ടും ഒരുമിക്കാനുള്ള സാധ്യതയെക്കുറിച്ചു പ്രതികരിച്ച് ഗാർഡിയോള
ബാഴ്സലോണ നായകനായ ലയണൽ മെസിയുമായി ഇംഗ്ലണ്ടിൽ വീണ്ടും ഒരുമിക്കുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള. മെസിക്കു വേണ്ടി മാഞ്ചസ്റ്റർ സിറ്റി ശ്രമം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച ഗാർഡിയോള ബാഴ്സലോണ നായകൻ കറ്റലൻ ക്ലബിനൊപ്പം തന്നെ തുടരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
ബാഴ്സലോണയിൽ തന്നെ വിരമിക്കാൻ താൽപര്യമെന്ന് നിരവധി തവണ വെളിപ്പെടുത്തിയ താരമാണ് മെസി. എന്നാൽ ബോർഡുമായുള്ള നിലവിലെ പ്രശ്നങ്ങളെ തുടർന്ന് താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. അടുത്ത വർഷം അവസാനിക്കുന്ന കരാർ പുതുക്കാനുള്ള ചർച്ചകൾ നിർത്തി വെച്ചതോടെയാണ് ഈ വാർത്തകൾ ശക്തി പ്രാപിച്ചത്.
Pep Guardiola (Manchester City manager): "My wish is that Messi is going to stay in Barcelona." pic.twitter.com/IMbopXOs6O
— barcacentre (😷) (@barcacentre) July 7, 2020
“ഈ സീസൺ അവസാനിക്കുന്നതു വരെ ട്രാൻസ്ഫറുകളെക്കുറിച്ച് ഞാൻ സംസാരിക്കാൻ താൽപര്യപ്പെടുന്നില്ല. മെസി ബാഴ്സക്കൊപ്പം തന്നെ തുടരുമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.” പ്രീമിയർ ലീഗ് മത്സരത്തിനു മുൻപ് മാധ്യമ പ്രവർത്തകരോടു സംസാരിക്കുമ്പോൾ ഗാർഡിയോള വ്യക്തമാക്കി.
അടുത്ത സീസണിലേക്കുള്ള ട്രാൻസ്ഫറുകളിൽ ഒരു പ്രതിരോധ താരത്തെ സ്വന്തമാക്കാനുള്ള താൽപര്യം സിറ്റി പരിശീലകൻ വ്യക്തമാക്കി. വിൻസന്റ് കമ്പനി ടീം വിട്ടതിനു ശേഷം അതിനൊത്ത ഒരു പകരക്കാരനെ സിറ്റിക്കു സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു. ഇതിനു പുറമേ ഡേവിഡ് സിൽവ, സാനേ എന്നിവർക്കു പകരക്കാരെയും സിറ്റിക്കു കണ്ടെത്തേണ്ടതുണ്ട്.