“കപ്പടിച്ചാൽ കേരളത്തിന് ഒരു കോടി ,പ്രഖ്യാപനവുമായി പ്രവാസി വ്യവസായി “| Santhosh Trophy
സന്തോഷ് ട്രോഫി ഫൈനലില്‍ ജയിച്ചാല്‍ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രവാസി സംരംഭകന് ഡോ. ഷംഷീര്‍ വയലില്‍.ഇന്ത്യന്‍ ഫുട്ബോള്‍ മേഖലയ്ക്ക് ഉണര്‍വേകുന്ന പ്രകടനമാണ് കേരള ടീമിന്റേതെന്നും ഡോ. ഷംഷീര്‍ വയലില്‍ അഭിപ്രായപ്പെട്ടു.
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കേരളം ഇന്ന് പശ്ചിമബംഗാളിനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണിമുതലാണ് ഫൈനല്‍ മത്സരം. പ്രമുഖ പ്രവാസി സംരംഭകനായ ഡോ. ഷംഷീര്‍ വയലില്‍ വി.പി.എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്.
Team Kerala, all the best for today's #SantoshTrophyFinal. Happy to announce a cash prize of Rs. 1 crore if they lift this coveted trophy in Indian football. #ComeOnKerala pic.twitter.com/pdxfLnfzsP
— Dr. Shamsheer Vayalil (@drshamsheervp) May 2, 2022
1941-ൽ ആരംഭിച്ച ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റെക്കോർഡുള്ള ടീം തന്നെയാണ് ബംഗാൾ. 7ആം കിരീടം ലക്ഷ്യമിട്ട് 15ആം ഫൈനലിനാണ് കേരളം ഇന്ന് ഇറങ്ങുന്നത്. 46ആം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. അതില്‍ 32 തവണ ബംഗാള്‍ ചാമ്പ്യന്മാരായി. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്. 1989,1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം.
അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിന് ആയിരുന്നു വിജയം.അതും കൊല്‍ക്കത്തയില്‍വെച്ച്. സ്വന്തം നാട്ടിലേറ്റ ആ തോല്‍വിക്ക് പകരംവീട്ടാനുളള ഒരുക്കത്തിലാണ് ബംഗാള്‍. അതേസമയം സ്വന്തം നാട്ടുകാരുടെ മുന്നില്‍ വീണ്ടും കിരീടത്തില്‍ മുത്തമിടാനാണ് കേരളം ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച നടന്ന സെമിഫൈനലിൽ മണിപ്പൂരിനെതിരെ 3-0 ന്റെ വൻ വിജയം നേടിയാണ് അവർ ഏറ്റവും പ്രധാനപ്പെട്ട ഫൈനലിന് യോഗ്യത നേടിയത്.മറുവശത്ത് സെമിഫൈനലിൽ കർണാടകയെ 7-3ന് തകർത്ത് കേരളം കിരീടപ്പോരാട്ടത്തിൽ സ്ഥാനം ഉറപ്പിച്ചത്.