പ്രായം തളർത്താത്ത പോരാട്ടവീര്യം ! “ലോകത്തിലെ ഏറ്റവും മികച്ച ലീഗിൽ 37 വയസ്സുള്ളപ്പോൾ 18 ഗോളുകൾ”
മുപ്പത്തിയേഴാം വയസ്സിലും പ്രായം തളർത്താത്ത പോരാട്ടവീര്യമാണ് ക്രിസ്ത്യാനോ റൊണാൾഡോ കളിക്കളത്തിൽ കാഴ്ചവെക്കുന്നത്. കാലിൽ ഒളിപ്പിച്ചുവെച്ച മാന്ത്രികത പുറത്തെടുക്കുമ്പോൾ ഫുട്ബാൾ ആരാധകർ ഓരോ നിമിഷവും അയാളുടെ കളി ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ തന്റെ പഴയ തട്ടകമായ യുണൈറ്റഡിൽ എത്തിയ റൊണാൾഡോ മിന്നും പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത്.
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി വ്യക്തിഗതമായി മികച്ച പ്രകടനമാണ് റൊണാൾഡോ പുറത്തെടുക്കുന്നത്. മഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി 38 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളാണ് ഇത് വരെ റൊണാൾഡോ നേടിയത്. പ്രീമിയർ ലീഗിൽ 18 ഗോളുകളുമായി മികച്ച ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് റൊണാൾഡോ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലിനെതിരെയുള്ള മത്സരത്തിലാണ് റൊണാൾഡോ തന്റെ ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ ഇരട്ട ഗോൾ നേടിയ റൊണാൾഡോ കരിയറിലെ ഗോൾനേട്ടം 801 ആയി ഉയർത്തുകയും ചെയ്തു. ടോപ് ലെവൽ ഫുട്ബോളിൽ 800 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡും റൊണാൾഡോ സ്വന്തമാക്കി. മാഞ്ചെസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രിഡ്, ജുവന്റസ്, സ്പോർട്ടിങ് ലിസ്ബൺ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും പോർച്ചുഗൽ ദേശീയ ടീമിനുവേണ്ടിയും കളിച്ചാണ് റൊണാൾഡോ 800 ഗോളുകൾ നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി 130 ഗോളുകളും, റയൽ മാഡ്രിഡിന് വേണ്ടി 450 ഗോളുകളും,ജുവന്റസിന് വേണ്ടി 101 ഗോളുകളും, സ്പോർട്ടിങ് ലിസ്ബണ് വേണ്ടി 5 ഗോളുകളും, പോർച്ചുഗലിനു വേണ്ടി 115 ഗോളുകളും നേടിയാണ് റൊണാൾഡോ 800 ഗോൾ എന്ന നേട്ടം സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരം, ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോൾ നേടിയ താരം എന്നീ റെക്കോഡുകളും റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചു. മൂന്നു രാജ്യങ്ങളിൽ, മൂന്നു ക്ലബ്ബുകൾക്ക് വേണ്ടി 100 ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ക്രിസ്ത്യാനോ റൊണാൾഡോ സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, റിയൽ മാഡ്രിഡ്, ജുവന്റെസ് എന്നീ ക്ലബുകൾക്ക് വേണ്ടി 100 ഗോൾ നേടിയാണ് അദ്ദേഹം ഈ റെക്കോർഡ് സ്വന്തമാക്കിയത്.
ഇനി റൊണാൾഡോയുടെ മുന്നിലുള്ളത് ഖത്തർ ലോകകപ്പാണ്. ഒരു സമയത്ത് പോർച്ചുഗൽ ലോകകപ്പിന് യോഗ്യത നേടുമോ എന്ന ചോദ്യമുയർന്ന നിമിഷമുണ്ടായിരുന്നു. എന്നാൽ നോർത്ത് മസിഡോണയെ തകർത്തുകൊണ്ട് പോർച്ചുൽ ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു. റൊണാൾഡോ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ 36 ഗോളുകൾ നേടികൊണ്ട് റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇറാന്റെ അലി ഡേയ്ലി നേടിയ 34 ഗോളുകൾ എന്ന റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. സാധ്യമായ എല്ലാ നേട്ടങ്ങളും നേടിക്കൊണ്ട് മുന്നേറുമ്പോഴും ലോകകപ്പ് എന്ന സ്വപ്നം മാത്രം അയാളിൽ ബാക്കി നിൽക്കുന്നു. പോർച്ചുഗലിനു വേണ്ടി ലോകകപ്പ് നേടിക്കൊണ്ട് ഫുട്ബോളിൽ നിന്നും വിടവാങ്ങാനുള്ള അതിയായ ആഗ്രഹവും റൊണാൾഡോക്ക് ഉണ്ട്. പോർച്ചുഗലിന് വേണ്ടി 115 ഗോളുകൾ അടിച്ചുകൂട്ടിയ ആ ഗോൾ സ്കോറിങ് മികവ് തന്നെയാണ് ഖത്തർ ലോകകപ്പിൽ എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ റൊണാൾഡോയുടെ ഭാവി എന്താണെന്ന് ഊഹാപോഹങ്ങളിൽ ആണ് ആരാധകർ. നിലവിൽ ഇംഗ്ലീഷ് പ്രിമീയർ ലീഗിൽ ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വരുന്ന ചാംപ്യൻസ് ലീഗിന് യോഗ്യത നേടും എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ റൊണാൾഡോ ടീം വിട്ടു പോകുമോ എന്ന സംശയത്തിലാണ് ആരാധകരും ടീം മാനേജ്മെന്റും.