അർജൻറീന താരങ്ങൾ ലാപാസിൽ മുങ്ങിത്താഴും, നിർണായകമായത് മത്സരത്തിനു മുൻപുള്ള മണിക്കൂറുകളെന്ന് സ്കലോനി
അർജൻറീനയെ സംബന്ധിച്ച് ഏറ്റവും കടുത്ത പോരാട്ടമാണ് ബൊളീവിയയിൽ വച്ച് നടക്കാനിരിക്കുന്നതെന്നു വ്യക്തമാക്കി പരിശീലകൻ ലയണൽ സ്കലോനി. സമുദ്രനിരപ്പിൽ നിന്നും 3500 അടിയിലധികം ഉയരത്തിലുള്ള സ്റ്റേഡിയമായ ലാ പാസിൽ വച്ചു നടക്കുന്ന മത്സരം താരങ്ങളെ സംബന്ധിച്ച് മുങ്ങിത്താഴുന്നതു പോലെയായിരിക്കുമെന്നും എന്നാൽ സാഹചര്യങ്ങളെ മറികടക്കാൻ കഴിയുന്ന താരങ്ങളെ അണിനിരത്തി ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കാൻ ടീം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഓരോ താരങ്ങളോടും ഞാൻ ഇതിനെക്കുറിച്ചു സംസാരിക്കും. മത്സരത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപാണ് ഏതൊക്കെ താരങ്ങൾക്ക് ഇതിനെ അതിജീവിക്കാൻ കഴിയുമെന്ന വ്യക്തമായ ധാരണ ലഭിക്കുകയുള്ളൂ. ഏതെങ്കിലും താരങ്ങൾ നൂറു ശതമാനമല്ലെങ്കിൽ ടീമിന്റെ നല്ലതിനു വേണ്ട തീരുമാനമെടുക്കും. ഇരുപതു ദിവസങ്ങൾക്കു മുൻപെങ്കിലും ഇവിടെയെത്തിയാലേ ശരിക്കും ഇണങ്ങിച്ചേരാൻ കഴിയൂ.”
The most difficult away trip in the world? 🌎
— Goal News (@GoalNews) October 12, 2020
“എല്ലാ കളിക്കാരും മുങ്ങിത്താഴാൻ പോവുകയാണ്. എന്നാൽ ഫിസിക്കൽ ട്രയിനിങ്ങിൽ മികച്ചു നിൽക്കുന്ന താരങ്ങൾക്ക് ചിലപ്പോൾ കൂടുതൽ ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയില്ല. കൂടുതൽ സമയം പന്തു കൈ വെച്ചാൽ അത്രയും നല്ലതായിരിക്കും.” സ്കലോനി വ്യക്തമാക്കി.
ലാ പാസിൽ വെച്ച് അർജൻറീന അവസാനമായി മത്സരം വിജയിച്ച 2015ൽ സെറ്റ് പീസുകളെയാണ് ടീം കൂടുതൽ ആശ്രയിച്ചതെന്ന കാര്യവും സ്കലോനി ചൂണ്ടിക്കാട്ടി. മെസിയെ കേന്ദ്രീകരിച്ച് അതേ തന്ത്രമായിരിക്കും അർജൻറീന ഇത്തവണയും പയറ്റുക. കഴിഞ്ഞ പത്തു തവണ ലാ പാസിൽ കളിച്ചപ്പോൾ മൂന്നു വിജയം മാത്രമാണ് അർജന്റീന സ്വന്തമാക്കിയിരിക്കുന്നത്.