പ്രീമിയർ ലീഗിൽ ആഴ്സണലിന് വിജയത്തോടെ തുടക്കം , ഗോളിൽ ആറാടി ബയേൺ മ്യൂണിക്ക്
പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങി ആഴ്സനൽ. ക്രിസ്റ്റൽ പാലസിനെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ആഴ്സണൽ കീഴടക്കിയത്. പ്രീസീസണിലെ തുടർച്ച എന്ന പോലെ മികച്ച ഫുട്ബോളുമായി തുടങ്ങിയ ആഴ്സണലിന് ഇരുപത് മിനുട്ടുകൾ മാത്രമെ വേണ്ടി വന്നുള്ളൂ ആദ്യ ഗോൾ നേടാൻ.
20 ആം മിനിറ്റിൽ ബ്രസീലിയൻ ഗബ്രിയേൽ മാർട്ടിനെല്ലി ഗണ്ണേഴ്സിനെ മുന്നിൽ എത്തിച്ചു.പ്രീമിയർ ലീഗിന്റെ ഒരു സീസൺ ബ്രസീലിയൻ താരത്തിന്റെ ഗോളോടെ തുടങ്ങുന്നത് ഇത് ചരിത്രത്തിൽ ആദ്യമായിരുന്നു.ഈ ഗോളിന് ശേഷം ആഴ്സണൽ പതിയെ പിറകോട്ട് പോവുകയും പാലസ് പതിയെ കളിയിലേക്ക് വരികയും ചെയ്തു. റാംസ്ഡെലിന്റെ രണ്ട് വലിയ സേവുകൾ ആഴ്സണലിനെ ലീഡിൽ നിർത്തുന്നത് കാണാൻ ആയി. രണ്ടാം പകുതിയിൽ പാലസിന്റെ തുടരാക്രമണങ്ങൾ ആഴ്സണലിനു മേൽ സമ്മർദ്ദം കൂട്ടി. അതിനിടയിലാണ് 85ആം മിനുട്ടിൽ വിജയം ഉറപ്പിച്ച ആഴ്സണലിന്റെ രണ്ടാം ഗോൾ വരുന്നത്.കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തിൽ ആഴ്സനൽ ബ്രെന്റ്ഫോഡിനോട് രണ്ട് ഗോളിന് പരാജയം വഴങ്ങിയിരുന്നു.
സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കി ക്ലബ് വിട്ടെങ്കിലും ഗോൾവേട്ടയിൽ തങ്ങൾ പിന്നോട്ട് പോയില്ലെന്ന് തെളിയിച്ചാണ് ബുണ്ടസ് ലിഗ സീസണിന് ബയേൺ തുടക്കം കുറിച്ചത് . യൂറോപ്പാ ലീഗ് ജേതാക്കളായ എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനെ അവരുടെ സ്റ്റേഡിയത്തിൽ പോയി ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് ബയേൺ തകർത്തത്.
Sadio Mane’s goal. Nice pic.twitter.com/qu7zH8xdFb
— Juliet Bawuah (@julietbawuah) August 5, 2022
കളി തുടങ്ങി ആദ്യ 43 മിനുട്ടിൽ തന്നെ ബയേൺ അഞ്ചു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ലെവൻഡോസ്കി ക്ലബ് വിട്ടത് ഓർമ്മ പോലും ഇല്ലാത്ത രീതിയിൽ ആയിരുന്നു ബയേൺ ഗോളടിച്ചു കൂട്ടിയത്. ബയേണിനായി ജമാൽ മ്യൂസിയാല രണ്ട് ഗോൾ നേടി. ജോഷ്വാ കിമ്മിച്ച്, ബെഞ്ചമിൻ പാവാർഡ്,സാദിയോ മാനെ, സെർജി ഗ്നാബ്രി എന്നിവരും വലകുലുക്കി. ഫ്രാങ്ക്ഫർട്ടിന്റെ ഏകഗോൾ കോളോ മുവാനിയുടെ വകയായിരുന്നു.
ഫ്രഞ്ച് ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ഒളിംപിക് ലിയോൺ അജാസിയോയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ലിയോണിന്റെ ജയം. ടെറ്റെ, അലാസന്ദ്രെ ലക്കാസെറ്റെ എന്നിവരാണ് ലിയോണിനായി വലകുലുക്കിയത്. അജാസിയോയുടെ ഏകഗോൾ തോമസ് മംഗാനിയുടെ വകയായിരുന്നു.