മെസിയോട് അപമര്യാദ കാണിച്ച സംഭവത്തിൽ എംബാപ്പക്കെതിരെ വെയ്ൻ റൂണി
പിഎസ്‌ജി ടീമിൽ മെസിയടക്കമുള്ള ഏതാനും താരങ്ങളോട് എംബാപ്പെ ഈഗോ വെച്ചു പുലർത്തുന്നതിനും കഴിഞ്ഞ ലീഗ് മത്സരത്തിൽ മെസിയോട് അപമര്യാദയോടെ പെരുമാറിയതിനുമെതിരെ കടുത്ത വിമർശനവുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ വെയ്ൻ റൂണി. ഇതുപോലെയൊരു ഈഗോ താൻ കണ്ടിട്ടില്ലെന്നു പറഞ്ഞ വെയ്ൻ റൂണി ഇരുപത്തിരണ്ടാം വയസിൽ ലയണൽ മെസിക്ക് നാല് ബാലൺ ഡി ഓർ സ്വന്തമായി ഉണ്ടായിരുന്നുവെന്ന് എംബാപ്പയെ ഓർമിപ്പിക്കുകയും ചെയ്‌തു. അർജന്റീനിയൻ മാധ്യമപ്രവർത്തകൾ റോയ് നേമാറാണ് റൂണിയുടെ ഈ വിഷയത്തിലെ പ്രതികരണം റിപ്പോർട്ടു ചെയ്‌തത്.
മോണ്ട്പെല്ലിയറിനെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിലാണ് വിവാദങ്ങൾക്കു കൊഴുപ്പു കൂട്ടിയ സംഭവങ്ങൾ നടന്നത്. മത്സരത്തിൽ പിഎസ്‌ജി രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ചെങ്കിലും എംബാപ്പെ കളിക്കളത്തിൽ പുലർത്തിയ മനോഭാവം ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. പ്രത്യാക്രമണത്തിനിടെ പന്ത് നൽകാത്തതിനെ തുടർന്ന് ഓട്ടം നിർത്തിയതും നെയ്‌മറോട് പെനാൽറ്റി ആവശ്യപ്പെട്ടതും അതിനു മുൻപ് അപമര്യാദയോടെ മെസിയുടെ ദേഹത്ത് സ്വന്തം തോൾ കൊണ്ട് അപമര്യാദയോടെ തട്ടിയതുമെല്ലാം വളരെയധികം ചർച്ചകൾക്ക് വിധേയമായതിനു പിന്നാലെയാണ് സംഭവത്തിൽ റൂണി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
“ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസുള്ള താരം മെസിയുടെ മെസിയെ തോളു കൊണ്ടു തട്ടുന്നു. ഇതിനേക്കാൾ വലിയൊരു ഈഗോ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇരുപത്തിരണ്ടാം വയസിൽ മെസിക്ക് നാല് ബാലൺ ഡി ഓർ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും എംബാപ്പയെ ഓർമിപ്പിക്കണം.” വെയ്ൻ റൂണി ഡിപാർ സ്പോർട്ടിനോട് പറഞ്ഞത് അർജന്റീനിയൻ മാധ്യമമായ മുണ്ടോ ആൽബിസെലെസ്റ്റോയുടെ ജേർണലിസ്റ്റായ റോയ് നെമർ വെളിപ്പെടുത്തി.
മത്സരത്തിനിടെ എംബാപ്പെ തന്റെ ദേഹത്ത് അപമര്യാദയോടെ തട്ടിയപ്പോൾ മെസി അതിനെ ആശ്ചര്യത്തോടെ നോക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. എന്നാൽ മെസിയോട് ക്ഷമാപണം നടത്താൻ തയ്യാറാവാതിരുന്ന ഫ്രഞ്ച് താരം നേരെ പോയി നെയ്‌മറോട് പെനാൽറ്റി ആവശ്യപ്പെടുകയാണ് ഉണ്ടായത്. എന്നാൽ നെയ്‌മർ പെനാൽറ്റി എംബാപ്പെക്ക് നൽകിയില്ല. ഇതേതുടർന്ന് മത്സരത്തിലുടനീളം ഫ്രഞ്ച് താരത്തെ അസ്വസ്ഥനായാണ് കാണപ്പെട്ടത്. അതേസമയം താരങ്ങൾ തമ്മിൽ യാതൊരു പ്രശ്‌നവും ഇല്ലെന്നാണ് പിഎസ്‌ജി പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.