ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നറുക്കെടുപ്പ് പൂർത്തിയായി, മരണ ഗ്രൂപ്പിൽ ബാഴ്സയും ബയേണും ഇന്ററും ഏറ്റുമുട്ടും
2022-23 സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. തുർക്കിയിലെ ഇസ്താംബുളിൽ വെച്ചാണ് യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ വമ്പൻമാർ ആരൊക്കെയാണ് ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുകയെന്ന കാര്യത്തിൽ തീരുമാനായത്. ബയേൺ മ്യൂണിക്ക്, ബാഴ്സലോണ, ഇന്റർ മിലാൻ എന്നീ ടീമുകൾ അടങ്ങുന്ന ഗ്രൂപ്പ് സിയാണ് ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പ്. ഈ ടീമുകൾക്കൊപ്പം ചെക്ക് റിപ്പബ്ലിക്ക് ക്ലബായ വിക്ടോറിയ പ്ലെസനും ഗ്രൂപ്പ് സിയിലുണ്ട്.
ഗ്രൂപ്പ് എയിൽ ഡച്ച് ക്ലബായ അയാക്സിനൊപ്പം ലിവർപൂളും നാപ്പോളിയും സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സുമാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ബിയിൽ പോർച്ചുഗീസ് ക്ലബായ പോർട്ടോ, സ്പാനിഷ് ക്ലബായ അത്ലറ്റികോ മാഡ്രിഡ് ജർമൻ ക്ലബായ ബയേർ ലെവർകൂസൻ, ബെൽജിയൻ ക്ലബായ ബ്രൂഗെ എന്നിവർ നോക്ക്ഔട്ടിലെത്താൻ ഏറ്റുമുട്ടും. ഗ്രൂപ്പ് സിയിൽ യൂറോപ്പിലെ കരുത്തുറ്റ ടീമുകളായ ബയേൺ, ബാഴ്സലോണ, ഇന്റർ മിലാൻ എന്നിവർക്കൊപ്പം വിക്ടോറിയ പ്ലെസനും ചേരുമ്പോൾ ആരായിരിക്കും നോക്ക്ഔട്ട് കാണാതെ പുറത്താവുകയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
ഗ്രൂപ്പ് ഡിയിൽ ജർമൻ ക്ലബായ ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ട്, ഇംഗ്ലീഷ് ക്ലബായ ടോട്ടനം, പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് എസ്പി, ഫ്രഞ്ച് ക്ലബായ മാഴ്സ എന്നിവരാണ് ഏറ്റുമുട്ടുക. ഈ ഗ്രൂപ്പിൽ നിന്നും ഏതു ടീമിനും നോക്ക്ഔട്ടിലെത്താൻ സാധ്യതയുണ്ട്. ഗ്രൂപ്പ് ഇയിൽ എസി മിലാൻ, ചെൽസി എന്നിവർക്കൊപ്പം ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗ്, ക്രൊയേഷ്യൻ ക്ലബായ ഡൈനാമോ സാഗ്രബ് എന്നിവരും പോരാടും. ഗ്രൂപ്പ് എഫിൽ ജർമൻ ക്ലബ് ആർബി ലീപ്സിഗ്, യുക്രൈൻ ക്ലബ് ഷാക്തർ, സ്കോട്ടിഷ് ക്ലബ് സെൽറ്റിക് എന്നിവരെ എതിരാളികളായി ലഭിച്ച നിലവിലെ ചാമ്പ്യന്മാരായ റയലിന് നോക്ക്ഔട്ട് പ്രവേശനം എളുപ്പമാകും.
ഗ്രൂപ്പ് ജിയിൽ കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം സ്പാനിഷ് ക്ലബായ സെവിയ്യ, ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ട്, ഡാനിഷ് ക്ലബായ കോപ്പൻഹേഗൻ എന്നിവരാണ് പോരാടുന്നത്. ഗ്രൂപ്പ് എച്ചിൽ കരുത്തരായ പിഎസ്ജിക്ക് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ്, കഴിഞ്ഞ സീസണിൽ അട്ടിമറികൾ നടത്തിയ പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക, ഇസ്രായേലി ക്ലബ് മക്കാബി ഹൈഫ എന്നിവർ വെല്ലുവിളിയുയർത്തും. സെപ്തംബർ ആദ്യവാരത്തിലാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ആരംഭിക്കുന്നത്.