“ലോകകപ്പ് വരാനിരിക്കുന്നു, മെസിയെയും ഡി മരിയയെയും പരിക്കേൽപ്പിക്കരുത്”- അർജന്റീന താരത്തിന് മുന്നറിയിപ്പുമായി സെർജിയോ അഗ്യൂറോ
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് പൂർത്തിയായപ്പോൾ യൂറോപ്പിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ പിഎസ്ജിക്ക് മികച്ച എതിരാളികളെ തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് എച്ചിൽ ഇറ്റാലിയൻ ക്ലബായ യുവന്റസ്, പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക എന്നിവർക്കൊപ്പം ഇസ്രായേലിൽ നിന്നുള്ള ടീമായ മക്കാബി ഹൈഫയുമാണ് പിഎസ്ജിയെ നേരിടുക. ഇതിൽ യുവന്റസ്, ബെൻഫിക്ക എന്നീ ടീമുകൾ ഫ്രഞ്ച് വമ്പൻമാർക്ക് വെല്ലുവിളിയുയർത്താൻ പോന്ന ടീമുകൾ തന്നെയാണ്.
പിഎസ്ജിയും ബെൻഫിക്കയും തമ്മിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റു മുട്ടുമ്പോൾ രണ്ട് അർജന്റീന താരങ്ങൾ കൂടിയാണ് മുഖാമുഖം വരുന്നത്. പിഎസ്ജി മുന്നേറ്റനിരയിൽ മെസി ഇറങ്ങുമ്പോൾ ബെൻഫിക്ക പ്രതിരോധത്തിൽ അർജന്റീന താരം നിക്കോളാസ് ഒട്ടമെൻഡിയും കളിക്കുന്നുണ്ട്. നോക്ക്ഔട്ട് ഉറപ്പിക്കാൻ രണ്ടു താരങ്ങളും നേർക്കുനേർ വരുമെന്നിരിക്കെ ബെൻഫിക്ക താരമായ നിക്കോളാസ് ഒട്ടമെൻഡിക്ക് മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് മുൻ അർജന്റീന സ്ട്രൈക്കറായ സെർജിയോ അഗ്യൂറോ.
ലോകകപ്പിന് മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നിരിക്കെ ഏതൊരു താരവും പരിക്കേൽക്കാതെ നോക്കേണ്ടത് അനിവാര്യമാണ്. പരിക്കു പറ്റിയാൽ ലോകകപ്പ് തന്നെ നഷ്ടമാകും എന്നിരിക്കെ പിഎസ്ജിക്കെതിരെ ചാമ്പ്യൻസ് ലീഗിൽ ഇറങ്ങുമ്പോൾ മെസിയെ പരിക്കേൽപ്പിക്കരുതെന്നാണ് ഒട്ടമെൻഡിയോട് അഗ്യൂറോ ആവശ്യപ്പെട്ടത്. “ലിയോയെ പരിക്കേൽപ്പിക്കരുത്, അങ്ങിനെ ചെയ്താൽ ഞാൻ കൊന്നു കളയും. ലോകകപ്പാണ് വരുന്നത് ഒട്ടാ” എന്നാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നറുക്കെടുപ്പ് അവസാനിച്ചതിനു പിന്നാലെ അഗ്യൂറോ തന്റെ ട്വിച്ച് ചാനലിലൂടെ പറഞ്ഞത്.
SERGIO AGUERO (on @Twitch):
— Witball Channel 📡📺 (@Witball_Channel) August 26, 2022
“Otamendi, don’t injure Leo because I’ll k*ll you. The World Cup is coming”
"He's also facing Fideo (Di Maria) at Juventus….for f*ck's sake"pic.twitter.com/789Cz22qVz
പിഎസ്ജിക്കു പുറമെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ബെൻഫിക്ക നേരിടാൻ പോകുന്ന മറ്റൊരു ടീമായ യുവന്റസിലെ അർജന്റീന താരമായ ഏഞ്ചൽ ഡി മരിയയുടെ കാര്യവും അഗ്യൂറോ സൂചിപ്പിച്ചു. കഴിഞ്ഞ കോപ്പ അമേരിക്ക നേടുകയും വർഷങ്ങളായി പരാജയം അറിയാതെ മുന്നോട്ടു കുതിക്കുകയും ചെയ്യുന്ന അർജന്റീന ഇത്തവണ കിരീടപ്രതീക്ഷയോടെ തന്നെയാണ് ലോകകപ്പിനായി ഇറങ്ങുന്നത്. നായകൻ ലയണൽ മെസിയുടെ സാന്നിധ്യം തന്നെയാണ് അവർക്ക് ഏറ്റവും വലിയ കരുത്തു നൽകുന്നത്.