തുടർച്ചയായി രണ്ടാം തവണയും മാൻ ഓഫ് ദ മാച്ച്, യുണൈറ്റഡ് പ്രതിരോധത്തിലെ അർജന്റീനിയൻ ശക്തി|Lisandro Martinez

മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായി രണ്ടാം മത്സരത്തിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം നേടിയിരിക്കുകയാണ്. ഇന്നലെ നടന്ന എവേ മത്സരത്തിൽ യുണൈറ്റഡ് 1-0ന് സതാംപ്ടണെ പരാജയപ്പെടുത്തി.സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനെ കീഴടക്കിയിരുന്നു.

എറിക് ടെൻ ഹാഗിന്റെ യുണൈറ്റഡ് ലിവർപൂളിനെ തോൽപ്പിച്ച അതേ പ്ലെയിംഗ് ഇലവനുമായാണ് ഇന്നലെ സതാംപ്ടണുമായി ഏറ്റുമുട്ടിയത്.രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. 55-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസാണ് ഡാലോട്ടിന്റെ അസിസ്റ്റിൽ ഗോൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഇടം പിടിച്ചില്ലെങ്കിലും 68-ാം മിനിറ്റിൽ ജാഡോൻ സാഞ്ചോയ്ക്ക് പകരക്കാരനായി ഇറങ്ങി .അടുത്തിടെ റയൽ മാഡ്രിഡിൽ നിന്ന് യുണൈറ്റഡിലെത്തിയ ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ യുണൈറ്റഡിനായി തന്റെ ആദ്യ മത്സരം കളിച്ചു. 80-ാം മിനിറ്റിൽ കാസെമിറോ കളത്തിലിറങ്ങി.

ലിവർപൂളിനെതിരായ മത്സരത്തിന് സമാനമായി സതാംപ്ടണിനെതിരായ മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധം തിളങ്ങി. യുണൈറ്റഡിന്റെ അർജന്റീനിയൻ സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനെസിനെ പ്രത്യേകം പരാമർശിക്കേണ്ടതാണ്. സതാംപ്ടണിനെതിരായ മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനെസ് 5 ഏരിയൽ ഡ്യുവലുകൾ വിജയിക്കുകയും 4 ബ്ലോക്കുകകൾ സൃഷ്ടിക്കുകയും ചെയ്തു.(100% ground duels won,100% successful dribbles,61 touches,48 passes,7 clearances,5/5 aerial duels won,4 interceptions) ഇതോടെ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും ലിസാൻഡ്രോ മാർട്ടിനെസിന് ലഭിച്ചു. തന്റെ ഉയരാതെ തന്റെ പ്രകടനങ്ങൾ കൊണ്ട് മറികടന്ന താരം നിർണായകമായ പല ഹെഡ്ഡർ ക്ലിയറൻസുകൾ നടത്തുകയും ചെയ്തു. 

നേരത്തെ ലിവർപൂളിനെതിരായ മത്സരത്തിൽ ലിസാന്ദ്രോ മാർട്ടിനെസ് തന്നെയായിരുന്നു കളിയിലെ താരം. സീസണിന്റെ തുടക്കത്തിൽ അയാക്സിൽ നിന്നുമെത്തിയപ്പോൾ മുതൽ പലരിലും സംശയങ്ങളും ഉയർന്നിരുന്നു. അതെല്ലാം തീർക്കുന്ന പ്രകടനമാണ് അർജന്റീനിയൻ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പുറത്തെടുക്കുന്നത്.ഉയരക്കുറവുള്ള ലിസാൻഡ്രോ മാർട്ടിനസിന് പ്രീമിയർ ലീഗിൽ തിളങ്ങാനാവില്ല,സെന്റർ ബാക്ക് പൊസിഷനിൽ ലിസാൻഡ്രോയെ കളിപ്പിക്കുന്നത് മണ്ടത്തരമാണ് തുടങ്ങിയ വിമർശനങ്ങൾ തുടക്കത്തിൽ തന്നെ നേരിടേണ്ടി വന്നിരുന്നു.എന്നാൽ തൊട്ടടുത്ത മത്സരത്തിൽ തന്നെ ലിസാൻഡ്രോ വിമർശകരുടെ കണ്ടെത്തലുകൾ തെറ്റാണെന്ന് തെളിയിച്ചു.ലിവർപൂളിന്റെ ശക്തമായ മുന്നേറ്റ നിരക്കെതിരെ പോരാട്ട വീര്യത്തോടെ പൊരുതുന്ന ലിസാൻഡ്രോയെയാണ് കാണാൻ സാധിച്ചത്.

അർജന്റീന സംബന്ധിച്ചിടത്തോളവും ആരാധകരെ സംബന്ധിച്ചിടത്തോളവും വളരെയധികം സന്തോഷം പകരുന്ന പ്രകടനമാണ് ലിസാൻഡ്രോ മാർട്ടിനസിന്റേത്.വരുന്ന വേൾഡ് കപ്പിൽ താരത്തിന്റെ ഈ മികവ് അർജന്റീനയുടെ ദേശീയ ടീമിന് വളരെയധികം ഗുണം ചെയ്യുമെന്നുള്ള കാര്യത്തിൽ സംശയങ്ങളൊന്നുമില്ല. ലോകകപ്പ് വരുമ്പോൾ അർജന്റീനയ്ക്കും വലിയ പ്രതീക്ഷയാണ് ഈ 24കാരൻ നൽകുന്നത്.

Rate this post