“പൊക്കമില്ലായ്മയാണെന്റെ പൊക്കം”- വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനസ്
ഉയരക്കുറവിന്റെ പേരിലുള്ള കളിയാക്കലുകൾക്കുള്ള മറുപടിയായി കുഞ്ഞുണ്ണി മാഷ് പറഞ്ഞ വരികളാണ് “പൊക്കമില്ലായ്മയാണെന്റെ പൊക്കം” എന്ന്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ചേർത്തു വെക്കാൻ കഴിയുന്നത് അയാക്സിൽ നിന്നും ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ അർജന്റീന പ്രതിരോധതാരം ലിസാൻഡ്രോ മാർട്ടിനസിന് ഒപ്പമാണ്. അഞ്ചടിയും ഒമ്പതിഞ്ചും മാത്രം ഉയരമുള്ള ലിസാൻഡ്രോ മാർട്ടിനസ് ഉയരവും കായികശക്തിയുമുള്ള താരങ്ങൾ നിറഞ്ഞ പ്രീമിയർ ലീഗിൽ പരാജയപ്പെടുമെന്ന പലരുടെയും മുൻവിധികളെ കാറ്റിൽ പറത്തുന്ന പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രീമിയർ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഹാരി മഗ്വയർക്കൊപ്പം പ്രതിരോധത്തിൽ ഇറങ്ങിയ മാർട്ടിനസ് ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു എങ്കിലും രണ്ടു മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങി. എന്നാൽ അതിനു ശേഷം ലിവർപൂളിനും സൗത്താംപ്റ്റനും എതിരെ നടന്ന കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ റാഫേൽ വരാനെക്കൊപ്പം പ്രതിരോധത്തിൽ ഇറങ്ങിയ ലിസാൻഡ്രോ മാർട്ടിനസ് തിളക്കമാർന്ന പ്രകടനം നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയവഴിയിലേക്ക് തിരിച്ചെത്താൻ സഹായിക്കുകയുണ്ടായി. ഈ രണ്ടു മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരവും മാർട്ടിനസിനെ തേടിയെത്തുകയുണ്ടായി.
ഉയരം കുറവായതു കൊണ്ട് പ്രീമിയർ ലീഗിൽ പരാജയപ്പെടുമെന്ന ധാരണകളെ കളിക്കളത്തിലെ കണക്കുകൾ കൊണ്ടും താരം ഇല്ലാതാക്കുന്നുണ്ട്. അമ്പത്തിയേഴു മില്യൺ പൗണ്ട് നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ച താരം നിലവിൽ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ഏരിയൽ ഡുവൽസ് വിജയിച്ച പ്രതിരോധതാരമാണ്. കഴിഞ്ഞ നാല് മത്സരങ്ങളിലെ എൺപത്തിമൂന്നു ശതമാനം ഏരിയൽ ഡുവൽസിലും അർജന്റീന താരം വിജയിച്ചു കഴിഞ്ഞു. 75 ശതമാനം ഏരിയൽ ഡുവൽസ് വിജയിച്ച ചെൽസി താരം കൂളിബാളി, 57 ശതമാനം വിജയിച്ച ആഴ്സണൽ താരം വില്യം സാലിബ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നത്.
Lisandro Martinez vs. Southamptonpic.twitter.com/P5BFXFmBne
— ّ (@LSVids) August 27, 2022
സൗത്താംപ്റ്റനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ചെ ആഡംസ്, ആഡംസ് ആംസ്ട്രോങ് എന്നീ താരങ്ങൾക്കെതിരായ അഞ്ച് ഏരിയൽ ഡുവൽസും ലിസാൻഡ്രോ മാർട്ടിനസ് വിജയിക്കുകയുണ്ടായി. ലിസാൻഡ്രോ മാർട്ടിനസിന് ഒരു ഡിഫെൻഡർക്ക് അനുയോജ്യമായ ഉയരത്തിന്റെ അഭാവമുണ്ടെങ്കിലും അതിനെ തന്റെ ആത്മവിശ്വാസവും ആക്രമണോത്സുകതയും കൊണ്ട് മറികടക്കാൻ താരത്തിന് കഴിയുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനും താരങ്ങൾക്കും അത് പകർന്നു നൽകാനും ടീമിന്റെ പോരാട്ടവീര്യം വർധിപ്പിക്കാനും താരം നടത്തുന്ന ഇടപെടലുകൾ വളരെ ശ്രദ്ധേയമാണ്.
റാഫേൽ വരാനെക്കൊപ്പം പ്രതിരോധത്തിൽ മികച്ചൊരു സഖ്യം ലിസാൻഡ്രോ മാർട്ടിനസ് പടുത്തുയർത്തുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്നതാണ്. അതേസമയം ടീമിന്റെ നായകനായിരുന്ന ഹാരി മാഗ്വയറുടെ അവസരങ്ങളെ ഇത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ലിസാൻഡ്രോ മാർട്ടിനസ് ഇതേ മികവ് തുടർന്നാൽ ലോകറെക്കോർഡ് തുകക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ മാഗ്വയർ ബെഞ്ചിൽ തന്നെ തുടരാനാണ് സാധ്യത. താരത്തിന്റെ പ്രകടനവും കളിക്കളത്തിലെ മനോഭാവവും അർജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകളെയും വർധിപ്പിക്കുന്നുണ്ട്.