മൊണാക്കോക്കെതിരായ മത്സരത്തിൽ എംബാപ്പെക്കു പകരം നെയ്‌മർ പെനാൽറ്റി എടുത്തതിന്റെ കാരണമിതാണ്

ഈ സീസൺ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഒരു മത്സരത്തിൽ പിഎസ്‌ജി വിജയം നേടാതിരിക്കുന്നത്. ഇന്നലെ മൊണാക്കോക്കെതിരായ മത്സരത്തിൽ എഴുപതാം മിനുട്ട് വരെയും ഒരു ഗോളിനു പിന്നിൽ നിന്നതിനു ശേഷം നെയ്‌മർ പെനാൽറ്റിയിലൂടെ നേടിയ ഗോളിൽ സമനില നേടുകയായിരുന്നു പിഎസ്‌ജി. സീസണിൽ പിഎസ്‌ജി ആറു മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ ആറിലും ഗോൾ നേടാൻ കഴിഞ്ഞ ബ്രസീലിയൻ താരം ഇത്തവണ താൻ അസാമാന്യ ഫോമിലാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.

അതേസമയം നെയ്‌മറെ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി താരം തന്നെ എടുത്തത് പലർക്കും അത്ഭുതമായിരുന്നു. പിഎസ്‌ജിയുടെ പെനാൽറ്റി എടുക്കാനുള്ള ചുമതല ആദ്യം നൽകിയിരിക്കുന്നത് എംബാപ്പെക്കാന് എന്നിരിക്കെയാണ് നെയ്‌മർ പെനാൽറ്റി എടുത്തതും ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ അത് വലയിലേക്ക് തിരിച്ചു വിട്ടതും. ഇന്നലെ നടന്ന മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കെ പിഎസ്‌ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയാർ എന്തുകൊണ്ടാണ് എംബാപ്പെക്കു പകരം നെയ്‌മർ പെനാൽറ്റി എടുത്തതെന്നതിന്റെ കാരണം വ്യക്തമാക്കി.

പെനാൽറ്റി നെയ്‌മർ എടുത്തത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നാണ് ക്രിസ്റ്റഫെ ഗാൾട്ടിയാർ പറയുന്നത്. “ഈ മത്സരത്തിൽ എംബാപ്പെ നമ്പർ വൺ പെനാൽറ്റി ടേക്കറും നെയ്‌മർ രണ്ടാം നമ്പറും ആയിരുന്നു. അവർ ചർച്ച ചെയ്യുന്നത് ഞാൻ കണ്ടു, നെയ്‌മർ അതിനു ശേഷം പെനാൽറ്റിയെടുത്തു, ഗോളും നേടി. എംബാപ്പെ താരത്തെ അഭിനന്ദിക്കുകയുമുണ്ടായി.” ഗാൾട്ടിയർ പറഞ്ഞു. നെയ്‌മർക്ക് ഉറപ്പായും ഗോൾ നേടാൻ കഴിയുമായിരുന്ന ഒരു സാഹചര്യത്തിലാണ് താരം ഫൗൾ ചെയ്യപ്പെട്ട് പിഎസ്‌ജിക്ക് പെനാൽറ്റി ലഭിച്ചതെന്നതു കൊണ്ടാണ് എംബാപ്പെ അതെടുക്കാതിരുന്നതെന്നാണ് ഇതിൽ നിന്നും അനുമാനിക്കാൻ കഴിയുന്നത്.

താനെടുക്കേണ്ട പെനാൽറ്റി നെയ്‌മർക്ക് നൽകിയതിലൂടെ പിഎസ്‌ജി ടീമിലെ സൂപ്പർതാരങ്ങൾ തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ കുറഞ്ഞു തുടങ്ങി എന്നാണു അനുമാനിക്കാൻ കഴിയാവുന്നത്. ഇത് ഈ സീസണിൽ പിഎസ്‌ജിക്ക് തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കൂടുതൽ കരുത്തു പകരും. കഴിഞ്ഞ സീസൺ നിരാശപ്പെടുത്തുന്ന ഒന്നായിരുന്നെങ്കിലും ഇത്തവണ അതിനെ മറികടക്കാൻ തന്നെയാണ് പിഎസ്‌ജി ഇറങ്ങുന്നത്. മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും പിഎസ്‌ജി തന്നെയാണ് ഇപ്പോഴും ലീഗ് പോയിന്റ് ടേബിളിൽ മുന്നിൽ നിൽക്കുന്നത്.

Rate this post