പ്രീമിയർ ലീഗ് അടക്കി വാഴാൻ റെക്കോർഡ് തുകയുടെ ട്രാൻസ്ഫറിൽ മറ്റൊരു ബ്രസീലിയൻ താരം കൂടിയെത്തി
ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മറ്റൊരു ബ്രസീലിയൻ താരം കൂടിയെത്തുന്നു. ഫ്രഞ്ച് ക്ലബായ ലിയോണിൽ കളിച്ചിരുന്ന ബ്രസീലിയൻ മധ്യനിര താരമായ ലൂക്കാസ് പക്വറ്റയാണ് പ്രീമിയർ ലീഗിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയത്. പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ് ഹാം യുണൈറ്റഡ് അൻപത്തിയൊന്നു മില്യൺ പൗണ്ടെന്ന ക്ലബിന്റെ എക്കാലത്തെയും വലിയ ട്രാൻസ്ഫർ തുകയാണ് ഇരുപത്തിനാലു വയസുള്ള താരത്തിനായി മുടക്കിയിരിക്കുന്നത്.
ലൂക്കാസ് പക്വറ്റയുടെ ട്രാൻസ്ഫർ ലിയോൺ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വെസ്റ്റ് ഹാം പരിശീലകനായ ഡേവിഡ് മോയസ് നടത്തിയ എട്ടാമത്തെ സൈനിങാണ് ലൂക്കാസ് പക്വറ്റയുടേത്. പതിനെട്ടു മാസങ്ങൾക്കു മുൻപ് ഐവറി കോസ്റ്റ് സ്ട്രൈക്കറായ സെബാസ്റ്റ്യൻ ഹാളറെ നാൽപ്പത്തിയഞ്ച് മില്യൺ നൽകി സ്വന്തമാക്കിയ റെക്കോർഡാണ് പക്വറ്റയുടെ ട്രാൻസ്ഫറോടെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. ഹാളർ പിന്നീട് അയാക്സിലേക്കും അവിടെ നിന്നും ബൊറൂസിയ ഡോർട്മുണ്ടിലേക്കും ചേക്കേറിയിരുന്നു.
അഞ്ചു വർഷത്തെ കരാറാണ് ബ്രസീൽ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായ ലൂക്കാസ് പക്വറ്റ വെസ്റ്റ് ഹാമുമായി ഒപ്പിട്ടിരിക്കുന്നത്. കരാർ ഒരു വർഷത്തേക്കു കൂടി നീട്ടാനുള്ള ഉടമ്പടിയുമുണ്ട്. പതിനൊന്നാം നമ്പർ ജേഴ്സിയാണ് താരം വെസ്റ്റ് ഹാമിൽ അണിയുക. ബ്രസീലിനു വേണ്ടി മുപ്പത്തിമൂന്നു മത്സരങ്ങൾ കളിച്ച താരമാണ് ലൂക്കാസ് പക്വറ്റ. 2018ൽ ഫ്ലാമംഗോയിൽ നിന്നും എസി മിലാനിലേക്ക് ചേക്കേറിയ പക്വറ്റ അവിടെ നിന്നുമാണ് ലിയോണിലെത്തുന്നത്. രണ്ടു ക്ളബുകൾക്കുമായി നൂറിലധികം മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.
Born in Brazil, but now East London is his home.
— West Ham United (@WestHam) August 29, 2022
Bem-vindo, @LucasPaqueta97! 😍🇧🇷 pic.twitter.com/N5AaDQROPD
ലിയോണിൽ എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തുന്ന താരം കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച വിദേശതാരമെന്ന പുരസ്കാരം സ്വന്തമാക്കിയിരുന്നു. എന്നാൽ ലിയോൺ സീസണിൽ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വെസ്റ്റ്ഹാമിൽ തിളങ്ങാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് താരം ട്രാൻസ്ഫറിനു ശേഷം പ്രതികരിച്ചു. കഴിഞ്ഞ സീസൺ യൂറോപ്പ ലീഗ് കളിച്ച വെസ്റ്റ് ഹാമിന് ഈ സീസണിൽ കോൺഫറൻസ് ലീഗിനുള്ള യോഗ്യതയെ ലഭിച്ചിട്ടുള്ളൂ. ബ്രസീലിയൻ താരത്തിന്റെ വരവ് കൂടുതൽ മികച്ച പ്രകടനം ടീമിന് സമ്മാനിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.