മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ കഴിയാതിരുന്ന റൊണാൾഡോക്ക് ആശ്വാസമായി എറിക് ടെൻ ഹാഗിന്റെ വാക്കുകൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് അത്ര മികച്ച അനുഭവമല്ല സമ്മർ ട്രാൻസ്‌ഫർ ജാലകം സമ്മാനിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ഏതെങ്കില് ക്ലബ്ബിലേക്ക് ചേക്കേറാൻ റൊണാൾഡോ ശ്രമിച്ചെങ്കിലും താരത്തെ സ്വന്തമാക്കാൻ ക്ലബുകളൊന്നും താൽപര്യം പ്രകടിപ്പിച്ചില്ല. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസം വരെ ക്ലബ് വിടാനുള്ള ശ്രമം നടത്തിയെങ്കിലും ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ കളിക്കാനുള്ള യോഗം റൊണാൾഡോക്ക് ലഭിച്ചില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമെന്നുറപ്പായ റൊണാൾഡോക്ക് ക്ലബിൽ അവസരങ്ങൾ കുറഞ്ഞതും തിരിച്ചടിയാണ്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു മത്സരത്തിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. ഇന്നലെ ലൈസ്റ്റർ സിറ്റിയുമായി നടന്ന മത്സരത്തിലും ആദ്യ ഇലവനിൽ ഉൾപ്പെടാതിരുന്ന താരം രണ്ടാം പകുതിയിൽ പകരക്കാരനായാണ് ഇറങ്ങിയത്. എന്നാൽ റൊണാൾഡോയെ എല്ലായിപ്പോഴും പകരക്കാരനായി മാത്രമല്ല പരിഗണിക്കുന്നതെന്നാണ് പരിശീലകൻ എറിക് ടെൻ ഹാഗ് പറയുന്നത്.

ഇന്നലെ നടന്ന മത്സരത്തിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയുടെ അവസരങ്ങൾ എല്ലായിപ്പോഴും പകരക്കാരനെന്ന നിലയിൽ തന്നെ തുടരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അങ്ങിനെയാവില്ലെന്നായിരുന്നു ഡച്ച് പരിശീലകൻ മറുപടി പറഞ്ഞത്. “ഇല്ല, ഇനിയും നിരവധി മത്സരങ്ങൾ വരാനിരിക്കെ റൊണാൾഡോ ടീമിന്റെ പ്രധാന ഭാഗമായി മാറും. എല്ലാ കളിക്കാരും അങ്ങിനെ തന്നെയായിരിക്കും.” ടെൻ ഹാഗ് പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നു തന്നെയാണ് മുൻ അയാക്‌സ് പരിശീലകന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം റൊണാൾഡോ ആദ്യ ഇലവനിൽ ഇല്ലെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയങ്ങൾ കണ്ടെത്താൻ കഴിയുന്നുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ലൈസ്റ്റർ സിറ്റിക്കെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയിരുന്നു. ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങൾ തോറ്റെങ്കിലും അതിനു ശേഷം നടന്ന മൂന്നു മത്സരങ്ങളിലും വിജയം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതോടെ കഴിഞ്ഞിട്ടുണ്ട്. ജാഡൻ സാഞ്ചോ നേടിയ ഒരേയൊരു ഗോളിൽ വിജയം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് ടേബിളിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്.