ചിലരുടെ വായകൾക്ക് പൂട്ടിട്ടല്ലോ എന്ന് ഡി മരിയ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ലിച്ചക്ക് അർജന്റൈൻ താരങ്ങളുടെ അഭിനന്ദനപ്രവാഹം

ഒരു ബുദ്ധിമുട്ടേറിയ തുടക്കമായിരുന്നു അർജന്റീനയുടെ പ്രതിരോധനിര താരമായ ലിസാൻഡ്രോ മാർട്ടിനസിനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാത്തിരുന്നത്. യുണൈറ്റഡ് ബ്രന്റ്ഫോർഡിന് മുന്നിൽ തകർന്നടിഞ്ഞപ്പോൾ ഏവരും കുറ്റപ്പെടുത്തിയത് ലിസാൻഡ്രോയെയായിരുന്നു.താരത്തിന്റെ ഉയരത്തിന് പോലും പരിഹാസങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

എന്നാൽ തൊട്ടടുത്ത മത്സരങ്ങളിൽ എല്ലാ വിമർശകർക്കും അർജന്റീനക്കാരുടെ ലിച്ച മറുപടി നൽകി.ലിവർപൂൾ,സതാംപ്റ്റൻ എന്നിവരെ യുണൈറ്റഡ് കീഴടക്കിയപ്പോൾ പ്രതിരോധത്തിൽ ഉരുക്കു കോട്ടയായി നിലകൊണ്ടത് ലിസാൻഡ്രോയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം താരം കൈക്കലാക്കി.

അതുകൊണ്ടും അവസാനിച്ചില്ല, കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ ഏറ്റവും മികച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇതേ ലിസാൻഡ്രോ മാർട്ടിനസ് തന്നെയായിരുന്നു. ഈ പുരസ്കാരവുമായി നിൽക്കുന്ന ചിത്രം അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

‘ എന്നെ ഓഗസ്റ്റ് മാസത്തിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുത്ത എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു.ഞങ്ങൾ വളരെ ശക്തമായി വളരാൻ കാരണം ഞങ്ങളുടെ ടീം സ്പിരിറ്റ് മാത്രമാണ്. ഞങ്ങൾ പോരാട്ടങ്ങളും അവാർഡുകളും പരസ്പരം പങ്കുവെക്കുന്നു ‘ ഇതായിരുന്നു ലിസാൻഡ്രോ മാർട്ടിനസ് ക്യാപ്ഷനായി കൊണ്ട് നൽകിയിരുന്നത്.

വലിയ അഭിനന്ദനപ്രവാഹമാണ് ഇതിന്റെ കമന്റ് ബോക്സിൽ ലിസാൻഡ്രോക്ക് ലഭിച്ചിട്ടുള്ളത്.പ്രത്യേകിച്ച് അർജന്റീനയിലെ സഹതാരങ്ങൾ താരത്തെ പ്രശംസിച്ചിട്ടുണ്ട്.’ ചിലരുടെ വായകൾക്ക് പൂട്ടിട്ടല്ലോ,അത് നന്നായി ലിച്ച ‘ എന്നായിരുന്നു അർജന്റൈൻ സൂപ്പർ താരമായ ഡി മരിയയുടെ കമന്റ്.’വെൽ ഡൺ ‘ എന്നായിരുന്നു എയ്ഞ്ചൽ കൊറേയ കുറിച്ചിരുന്നത്. കൂടാതെ പപ്പു ഗോമസ്,നൂഹേൽ മൊളീന,ഗർനാച്ചോ തുടങ്ങിയ അർജന്റീന താരങ്ങളും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെയാണ് നേരിടുക. ഇന്ന് രാത്രി 9 മണിക്ക് ഓൾഡ് ട്രഫോഡിലാണ് മത്സരം നടക്കുക. ഈ മത്സരത്തിൽ യുണൈറ്റഡിന്റെ ഡിഫൻസ് പ്രതീക്ഷകൾ ലിസാൻഡ്രോയിൽ തന്നെയാണ്.