ഇനി റയൽ മാഡ്രിഡിലേക്ക് എത്താൻ സാധ്യതയുണ്ടോ എന്നുള്ള കാര്യത്തിൽ എംബപ്പേ പറയുന്നു|Kylian Mbappe
ഈ കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ലോക ഫുട്ബോളിനെ പിടിച്ചു കുലുക്കിയത് ഫ്രഞ്ച് ഇന്റർനാഷണൽ കിലിയൻ എംബപ്പേയുടെ ട്രാൻസ്ഫർ സാഗയായിരുന്നു.ഫ്രീ ഏജന്റാവുന്ന എംബപ്പേ കരാർ പുതുക്കുമോ അതല്ല ഏറെക്കാലമായി ലക്ഷ്യം വെക്കുന്ന റയൽ മാഡ്രിഡിനെ സ്വീകരിക്കുമോ എന്നുള്ളതായിരുന്നു എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കാര്യം. ഒടുവിൽ അതിനെല്ലാം വിരാമമിട്ടുകൊണ്ട് എംബപ്പേ പിഎസ്ജിയുമായി കരാർ പുതുക്കുകയായിരുന്നു.
ഇത് റയൽ ആരാധകർക്കിടയിൽ വലിയ നിരാശക്കാണ് വഴിവെച്ചത്.എംബപ്പേയെ ഏറെക്കാലമായി കാത്തിരുന്ന റയൽ ആരാധകർക്ക് ഈ തീരുമാനം വളരെയധികം ഷോക്കേൽപ്പിക്കുന്നതായിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിൽ എംബപ്പേക്കെതിരെ വലിയ പ്രതിഷേധങ്ങളും ആക്ഷേപങ്ങളും ഉയരുകയും ചെയ്തിരുന്നു.
ഏതായാലും ന്യൂയോർക്ക് ടൈംസിന് ഈയിടെ നൽകിയ ഒരു ഇന്റർവ്യൂവിൽ റയലിനെ കുറിച്ച് എംബപ്പെയോട് ചോദിച്ചിരുന്നു.ഭാവിയിൽ റയലിലേക്ക് എത്താനുള്ള സാധ്യതകളെ എംബപ്പേ തള്ളിക്കളയുന്നില്ല. തനിക്കൊരു വീട് പോലെയാണ് അനുഭവപ്പെടുന്നതെന്നും എംബപ്പേ ഇതിനോടൊപ്പം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ ഏറെ ചർച്ചയാവുന്നുണ്ട്.
PSG Star Leaves Door Open to Joining Real Madrid https://t.co/z1uQliuU0Z
— PSG Talk (@PSGTalk) September 7, 2022
‘ റയൽ മാഡ്രിഡ് എന്ന സ്വപ്നത്തിന്റെ കാര്യത്തിൽ ഭാവിയിൽ എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്ക് ഒരിക്കലും അറിയില്ലല്ലോ? ഞാൻ ഇതുവരെ അവിടുത്തെ താരമായിട്ടില്ല.പക്ഷേ എനിക്ക് റയൽ മാഡ്രിഡ് എന്റെ വീട് പോലെയാണ് അനുഭവപ്പെടുന്നത്.ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. എന്റെ ഭാവിയെ പറ്റി ഞാൻ ഫ്രാൻസിന്റെ പ്രസിഡണ്ടിനോടാണ് ചർച്ച ചെയ്തത്. അത് ഭ്രാന്തമായിരുന്നു. അദ്ദേഹം എന്നോട് പിഎസ്ജിയിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു ‘ എംബപ്പേ അറിയിച്ചു.
ക്ലബ്ബിൽ തുടരാൻ തനിക്ക് വലിയ സമ്മർദ്ദമുണ്ടായിരുന്നു എന്നാണ് ഇതിലൂടെ എംബപ്പേ ഉദ്ദേശിച്ചിട്ടുള്ളത്. ഭാവിയിൽ അദ്ദേഹത്തെ പരിഗണിക്കുമെന്നുള്ള സൂചനകൾ പ്രസിഡന്റ് നേരത്തെ നൽകിയിരുന്നു. എന്നാൽ ആരാധകർക്കിടയിൽ ഇതിനോട് വിയോജിപ്പാണ് ഉള്ളത്.