മെസ്സിയുടെ പ്ലെ മേക്കിങ് മാസ്റ്റർ ക്ലാസ് ; ഗോളുകളെക്കാൾ കൂടുതൽ അസിസ്റ്റുകൾ നൽകുന്ന സൂപ്പർ താരം |Lionel Messi

നിലവിൽ ലോക ഫുട്ബോളിൽ ലയണൽ മെസ്സിയോളം ആരാധകരെ ആനന്ദിപ്പിക്കുന്ന മറ്റൊരു താരം ഇല്ല എന്ന് പറയേണ്ടി വരും. മൈതാനത്ത് മെസ്സിയുടെ ഓരോ നീക്കങ്ങളും ആകാംഷയോടെ കണ്ടിരിക്കുക എന്നത് ആരാധകരെ സംബന്ധിച്ച് ആനന്ദകരമായ കാര്യമാണ്. കാലു കൊണ്ട് മാത്രമല്ല തലച്ചോറ് കൊണ്ട് കൂടി കളിക്കുന്ന താരമാണ് മെസ്സി.കഴിഞ്ഞ സീസണിൽ പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന മെസ്സി സീസണിന്റെ തുടക്കത്തിൽ തന്നെ കയ്യടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഗോളുകളുടെ കാര്യത്തിൽ കൂടി കുറച്ച് മികവ് പുലർത്തിയാൽ പഴയ മെസ്സിയായി മാറും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.ഏതായാലും മെസ്സി എന്ന സ്ട്രൈക്കറെക്കാൾ കൂടുതൽ പ്ലേ മേക്കറെയാണ് ഈ സീസണിൽ കാണാൻ സാധിക്കുന്നത്. ഗോളുകളെക്കാൾ കൂടുതൽ അസിസ്റ്റുകൾ നൽകുന്ന മെസ്സിയെയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്. തന്റെ അവസാന മൂന്ന് ലീഗ് മത്സരങ്ങളിൽ നിന്നും അഞ്ച് അസിസ്റ്റുകൾ ഉൾപ്പെടെ ഈ വർഷം ഇതുവരെ ലീഗ് 1 ൽ 17 അസിസ്റ്റുകൾ നേടിയിട്ടുണ്ട്.ഒരു കലണ്ടർ വർഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടുതൽ ലീഗ് അസിസ്റ്റുകളുടെ ഒരു പുതിയ വ്യക്തിഗത റെക്കോർഡ് സൃഷ്ടിക്കാൻ മെസ്സിക്ക് വെറും മൂന്ന് അസിസ്റ്റുകൾ ആവശ്യമാണ്.

ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർമാരിൽ ഒരാളെന്ന നിലയിൽ മാത്രമല്ല ഏറ്റവും മികച്ച പ്ലേ മേക്കറായി മെസ്സിയെ വിലയിരുത്തണം. മെസ്സി സ്‌കോർ ചെയ്യാത്തപ്പോൾ തന്റെ ടീമിന് ഓരോ പന്തും ഗോളാക്കി മാറ്റാൻ ആവശ്യമായ എല്ലാ അവസരങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പ്രകടനമാണ് നടത്തുന്നത്. ഈ കണക്കുകൾ മെസ്സിയുടെ പ്ലേ മേക്കിംഗ് കഴിവുകൾ എടുത്തുകാണിക്കുന്നു. മെസ്സിയുടെ പ്രകടനത്തിൽ ആവേശഭരിതരായ ആരാധകർ അദ്ദേഹത്തെ ‘കിംഗ് ഓഫ് അസിസ്റ്റുകൾ’ എന്ന് വിളിക്കാൻ തുടങ്ങി. കഴിഞ്ഞ സീസണിൽ താൻ നേടിയതിന്റെ ഇരട്ടി ഗോളുകൾ സൃഷ്ടിക്കാൻ മെസ്സിക്ക് കഴിഞ്ഞു.

ഈ സീസണിൽ ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരം മെസ്സിയാണ്.7 അസിസ്റ്റുകളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഇനി ഫ്രഞ്ച് ലീഗിൽ ഏറ്റവും കൂടുതൽ ബിഗ് ചാൻസുകൾ സൃഷ്ടിച്ച താരവും മെസ്സി തന്നെയാണ്. 10 വലിയ ഗോളവസരങ്ങളാണ് മെസ്സി ക്രിയേറ്റ് ചെയ്തിട്ടുള്ളത്.ലീഗിൽ ഏറ്റവും കൂടുതൽ കീ പാസുകൾ നൽകിയ താരവും ലയണൽ മെസ്സി തന്നെയാണ്. 22 കീ പാസുകളാണ് പിഎസ്ജിയുടെ മത്സരങ്ങളിൽ നൽകിയിട്ടുള്ളത്.ഇനി ഡ്രിബിളുകളുടെ കാര്യമെടുത്ത് പരിശോധിച്ചാലും മെസ്സി ഒന്നാം സ്ഥാനത്താണ്. 30 തവണയാണ് ലയണൽ മെസ്സി വിജയകരമായി കൊണ്ട് എതിരാളികളെ മറികടന്നിട്ടുള്ളത്. ഇക്കാര്യത്തിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ തന്നെ മെസ്സി ഒന്നാമതാണ്.