എംബാപ്പെ സ്വാർത്ഥനായ കളിക്കാരൻ, ഫ്രഞ്ച് താരവും നെയ്മറും തമ്മിലുള്ള പ്രശ്നങ്ങളവസാനിക്കുന്നില്ല
ഈ സീസണിൽ പിഎസ്ജി മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ടീമിലെ താരങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. കരാർ പുതുക്കി ക്ലബിനൊപ്പം തുടർന്ന ഫ്രഞ്ച് മുന്നേറ്റനിര താരം കിലിയൻ എംബാപ്പായും ബ്രസീലിയൻ താരം നെയ്മറും തമ്മിലുള്ള പ്രശ്നങ്ങൾ സംബന്ധിച്ചാണ് റിപ്പോർട്ടുകൾ കൂടുതലായും സൂചിപ്പിച്ചിരുന്നത്. മെസിയും നെയ്മറും മുന്നേറ്റനിരയിൽ വളരെ ഒത്തിണക്കത്തോടെ കളിക്കുമ്പോൾ എംബാപ്പെ സ്വാർത്ഥത കാണിച്ച് ഒറ്റക്ക് ഗോളുകൾ നേടാൻ ശ്രമിക്കുന്നത് ഈ താരങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ല.
ഇതിനു പുറമെ മോണ്ട്പെല്ലിയറിനെതിരായ മത്സരത്തിൽ പെനാൽറ്റി എടുക്കുന്നതിനെ ചൊല്ലി രണ്ടു പേരും ചെറിയ തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. നെയ്മറും താനും തമ്മിൽ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് എംബാപ്പയും താരങ്ങൾ തമ്മിൽ പരസ്പരധാരണയോടെയാണ് മുന്നോട്ടു പോകുന്നതെന്ന് പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറും അതിനു ശേഷം വ്യക്തമാക്കിയിരുന്നെങ്കിലും ഇവർ തമ്മിലുള്ള അസ്വാരസ്യങ്ങൾ ഇപ്പോഴും അതുപോലെ തന്നെ തുടരുന്നുണ്ടെന്നാണ് പ്രമുഖ കായികമാധ്യമമായ ഗോൾ വെളിപ്പെടുത്തുന്നത്.
Neymar is still annoyed with Kylian Mbappe's attitude at PSG, but Sergio Ramos is helping to cool the situation ⚔️
— GOAL News (@GoalNews) September 12, 2022
യുവന്റസിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നെയ്മർക്ക് അനായാസം ഗോൾ നേടാൻ കഴിയുമായിരുന്ന അവസരമുണ്ടായിട്ടും പാസ് നൽകാതെ ഒറ്റക്ക് ഷോട്ടുതിർക്കാൻ ശ്രമിച്ച എംബാപ്പെ അതു തുലച്ചു കളഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. മോണ്ട്പെല്ലിയറിനെതിരെ പെനാൽറ്റി എടുക്കുമ്പോൾ തർക്കിച്ചതും, ഈ സംഭവവുമെല്ലാം നെയ്മർക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആ മത്സരത്തിൽ യുവന്റസ് ഒപ്പമെത്താനുള്ള ശ്രമം നടത്തുന്ന സമയത്താണ് വിജയം ഉറപ്പിക്കാൻ കഴിയുമായിരുന്ന നീക്കം തന്റെ സ്വാർത്ഥത കൊണ്ട് എംബാപ്പെ തുലച്ചത്.
El egoísmo de Mbappe está llegando al límite de cegarlo tanto. Que no se ha percatado que tiene a dos Crack como Messi y Neymar que lo pueden ayudar a mejorar..
— AnaDeportes (@Ana_deportes) September 13, 2022
Cuánta humildad y falta de compañerismo le falta a kylian…pic.twitter.com/9td8Di6enD
എംബാപ്പയുടെ രീതികളിൽ നെയ്മർക്ക് വളരെയധികം അസ്വസ്ഥതയുണ്ടെങ്കിലും ഡ്രസിങ് റൂമിലെ ഐക്യം തകർക്കാൻ താരം ഒരുക്കമല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പിഎസ്ജിയിൽ നെയ്മറുടെ സുഹൃത്തായ സെർജിയോ റാമോസിനോട് എംബാപ്പാക്കെതിരെ പരസ്യമായി യാതൊരു വിമർശനവും നടത്തില്ലെന്ന തന്റെ നിലപാടും നെയ്മർ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഒത്തിണക്കം ഇല്ലാത്തത് ടീമിന്റെ മുന്നോട്ടു പോക്കിനെ വളരെ ബാധിച്ചെന്നിരിക്കെ, ഇത്തവണയും അതുണ്ടാവാതിരിക്കാൻ നെയ്മർ ശ്രദ്ധ ചെലുത്തുന്നുണ്ട്.
പിഎസ്ജി ടീമിനുള്ളിൽ നെയ്മറും എംബാപ്പയും തമ്മിൽ ഒരു മത്സരം നടക്കുന്നുണ്ടോയെന്ന് ആരാധകരിൽ പലർക്കും സംശയങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ടീമിന്റെ ടോപ് സ്കോററായി എംബാപ്പയാണ് ഉണ്ടാകാറുള്ളതെങ്കിലും ഇതവണയത് നെയ്മറാണ്. കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ബ്രസീലിയൻ താരത്തിന് ഇത്തവണ പ്രധാന കിരീടങ്ങൾ നേടാൻ കഴിഞ്ഞാൽ ബാലൺ ഡി ഓർ പുരസ്കാരം വരെ തേടിയെത്തിയേക്കാം. അതെ പുരസ്കാരം എംബാപ്പായും വളരെ കാലമായി ലക്ഷ്യം വെക്കുന്നതാണ്.