“ഞങ്ങൾ ബയേൺ മ്യൂണിക്കിനെക്കാൾ മികച്ച ടീമായിരുന്നു”- ചാമ്പ്യൻസ് ലീഗ് പരാജയത്തിൽ പ്രതികരിച്ച് സാവി
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബയേൺ മ്യൂണിക്കിനോട് എതിരില്ലാത്ത രണ്ടു ഗോളുകളുടെ തോൽവി ഏറ്റു വാങ്ങിയതിൽ പ്രതികരണവുമായി ബാഴ്സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്. ബയേൺ മ്യൂണിക്കിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ ബാഴ്സലോണയായിരുന്നു മികച്ച ടീമെന്നാണ് സാവി പറയുന്നത്. ടീമിന് ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുക്കുന്നതിൽ പരാജയപ്പെട്ടതാണ് തോൽവി വഴങ്ങാനുള്ള കാരണമായതെന്നും സാവി മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.
“ചാമ്പ്യൻസ് ലീഗിൽ ഇതുപോലെ നിലവാരമുള്ള ടീമിനെ അയച്ചു വിടുമ്പോൾ നിങ്ങളതിന് വലിയ വില നൽകേണ്ടി വരുന്നത് സ്വാഭാവികമാണ്. ഞങ്ങളായിരുന്നു മികച്ച ടീം. ഞങ്ങൾക്ക് ആറോ ഏഴോ വ്യക്തമായ അവസരമുണ്ടായിരുന്നു. എന്നാൽ ബയേൺ ക്ഷമിക്കാൻ തയ്യാറായിരുന്നില്ല.” സാവി പറഞ്ഞു. ബാഴ്സലോണ വഴങ്ങിയ ആദ്യത്തെ ഗോൾ മാർക്കിങ് പിഴവിൽ നിന്നും വന്നപ്പോൾ രണ്ടാമത്തെ ഗോൾ ഫൗൾ ചെയ്യാതിരുന്നതു കൊണ്ടാണെന്നാണ് സാവി വിലയിരുത്തുന്നത്. ബയേൺ അതു കൃത്യമായി ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“മത്സരഫലം കളിയെ പതിഫലിപ്പിക്കുന്നില്ല. ഞങ്ങൾ ആധിപത്യം സ്ഥാപിച്ചു, കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ കൃത്യത ഇല്ലാത്തതിനു വില നൽകേണ്ടിയും വന്നു. പിഴവുകളിൽ നിന്നും മനസിലാക്കാൻ കഴിയുമെന്നതാണ് ഈ നെഗറ്റിവ് ഫലത്തിൽ നിന്നും കണ്ടെത്താൻ കഴിയുന്ന പോസിറ്റിവായ കാര്യം. ഇതൊരടി പുറകിലേക്ക് പോക്കാണ്. വിജയമില്ലെങ്കിൽ സമനിലക്കെങ്കിലും വേണ്ടി ഞങ്ങൾ വേണ്ടതു ചെയ്തു. തോൽവി അർഹിച്ചിരുന്നില്ല, പക്ഷെ രണ്ടു ബോക്സിലും ഞങ്ങൾ പിഴവുകൾ വരുത്തിയിരുന്നു.” സാവി കൂട്ടിച്ചേർത്തു.
Xavi thought Barcelona were better than Bayern despite the 2-0 loss 👀 pic.twitter.com/7jiiLNTgEs
— ESPN FC (@ESPNFC) September 13, 2022
ബാഴ്സലോണയുടെ പ്രധാന താരങ്ങളായ റോബർട്ട് ലെവൻഡോസ്കിയും പെഡ്രിയുമാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരങ്ങൾ തുലച്ചത്. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ നാല് അവസരങ്ങളാണ് ഈ രണ്ടു താരങ്ങളും കൂടി തുലച്ചത്. മത്സരത്തിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയെടുത്തതും ബാഴ്സലോണ തന്നെയായിരുന്നു. എന്നാൽ ഗോൾ നേടുന്നതിൽ ബാഴ്സ പരാജയപ്പെട്ടപ്പോൾ ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്ത് ബയേൺ മ്യൂണിക്ക് സ്വന്തം മൈതാനത്തു വിജയം കുറിച്ചു.
മത്സരത്തിൽ വിജയം നേടിയ ബയേൺ മ്യൂണിക്കാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ നേടിയ നാല് ഗോളുകളുടെ വിജയത്തിന്റെ ആനുകൂല്യത്തിൽ ബാഴ്സലോണ രണ്ടാം സ്ഥാനത്തു നിൽക്കുന്നു. ഗ്രൂപ്പിലെ മറ്റൊരു ടീം കരുത്തരായ ഇന്റർ മിലാനാണ് എന്നതിനാൽ തന്നെ ഓരോ പോയിന്റ് നഷ്ടവും ബാഴ്സലോണയുടെ ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. അടുത്ത മത്സരത്തിൽ ഇന്റർ മിലാൻ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാഴ്സലോണയുടെ നോക്ക്ഔട്ട് സാധ്യതകൾക്കും മങ്ങലേൽക്കും.