ബാഴ്‌സലോണ-ബയേൺ മത്സരത്തിൽ വിവാദം, ബാഴ്‌സലോണക്ക് അനുകൂലമായി പെനാൽറ്റി നൽകിയില്ലെന്ന് ആരോപണം

വമ്പൻ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മത്സരത്തിലെ ചെറിയ സംഭവങ്ങൾ പോലും ചിലപ്പോൾ വിവാദങ്ങൾ സൃഷ്‌ടിക്കാറുണ്ട്. ഇന്നലെ ബാഴ്‌സലോണയും ബയേൺ മ്യൂണിക്കും തമ്മിൽ നടന്ന മത്സരത്തിലും അത്തരമൊരു വിവാദസംഭവം നടക്കുകയുണ്ടായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ നേടിയ രണ്ടു ഗോളുകൾക്ക് ബയേൺ മ്യൂണിക്ക് ബാഴ്‌സലോണക്കെതിരെ വിജയം നേടിയ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡെംബലേയെ ഫൗൾ ചെയ്‌തതിന്‌ റഫറിന് പെനാൽറ്റി അനുവദിക്കാത്തതിനെ ചൊല്ലിയാണ് ആരാധകർ ചോദ്യങ്ങൾ ഉയർത്തുന്നത്.

ബയേണിന്റെ മൈതാനത്തായിരുന്നു മത്സരമെങ്കിലും ബാഴ്‌സലോണ വളരെ ആധിപത്യം കളിയിൽ പുലർത്തിയിരുന്നു. ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകളെങ്കിലും നേടേണ്ടിയിരുന്നെങ്കിലും സുവർണാവസരങ്ങൾ പെഡ്രിയും ലെവൻഡോസ്‌കിയും തുലച്ചതാണ് അവർക്കു തിരിച്ചടിയായത്. ഇതിനിടയിലാണ് ബാഴ്‌സലോണയുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന ഡെംബലെയുടെ നീക്കം അൽഫോൻസോ ഡേവീസ് ബോക്‌സിന്റെ എഡ്‌ജിൽ വെച്ച് ഫൗൾ ചെയ്‌ത്‌ അവസാനിപ്പിച്ചത്.

ബാഴ്‌സലോണ താരങ്ങൾ പെനാൽറ്റിക്കു വേണ്ടി അപ്പീൽ ചെയ്‌തെങ്കിലും പ്രധാന റഫറി അതു നിഷേധിക്കുകയായിരുന്നു. അതിനു പിന്നാലെ ബയേണിന്റെ ഒരു പ്രത്യാക്രമണം വന്നതിനാൽ കളി കുറച്ച് നീണ്ടു പോവുകയും ചെയ്‌തു. പ്രധാന റഫറിയുടെ തീരുമാനം വീഡിയോ റഫറി ഇടപെട്ട് തിരുത്തുകയും ചെയ്‌തില്ല. എന്നാൽ അതിനു ശേഷം ദൃശ്യങ്ങൾ പുറത്തു വന്നപ്പോൾ ബോക്‌സിനുള്ളിൽ വെച്ചു തന്നെ അൽഫോൻസോ ഡേവീസ് ഒസ്മാനെ ഡെംബലെയെ ഫൗൾ ചെയ്‌തുവെന്ന കാര്യം വ്യക്തമായിരുന്നു.

മത്സരത്തിനു ശേഷം സോഷ്യൽ മീഡിയയിലൂടെ ആരാധകർ റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നുണ്ട്. ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പായി കരുതപ്പെടുന്ന ഗ്രൂപ്പിലെ രണ്ടു വമ്പൻ ടീമുകൾ തമ്മിലുള്ള മത്സരം നടക്കുമ്പോൾ റഫറിയിങ്ങിൽ കുറേക്കൂടി കൃത്യത പാലിക്കാൻ ശ്രമിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ആ പെനാൽറ്റി അനുവദിച്ചിരുന്നെങ്കിൽ മത്സരം ബാഴ്‌സലോണക്ക് അനുകൂലമായി വന്നേനെയെന്നും ആരാധകർ പറയുന്നു.

മത്സരത്തിൽ ബയേണിനെക്കാൾ ആധിപത്യം ഉണ്ടായിരുന്നെങ്കിലും ഗോളുകൾ നേടാൻ കഴിയാതിരുന്നതാണ് ബാഴ്‌സയ്ക്ക് തിരിച്ചടിയായത്. എന്നാൽ സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷ ടീമിനുണ്ട്. നിലവിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ബാഴ്‌സലോണക്ക് ഇനിയൊരു മത്സരത്തിൽ കൂടി തോൽവി വഴങ്ങിയാൽ നോക്ക്ഔട്ട് സ്ഥാനം തുലാസിലാവും എന്നതിനാൽ ജീവന്മരണ പോരാട്ടം തന്നെ നടത്തേണ്ടി വരും.

Rate this post