സൂപ്പർ താരത്തിന് വേണ്ടി 100 മില്യൺ യൂറോയുടെ ഓഫറുമായി പ്രീമിയർ ലീഗ് ക്ലബ്, തള്ളിക്കളഞ്ഞ് റയൽ മാഡ്രിഡ്|Real Madrid

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിന്റോയിൽ മിഡ്ഫീൽഡിലെ വളരെ പ്രധാനപ്പെട്ട ഒരു താരത്തെ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന് നഷ്ടമായിരുന്നു. ബ്രസീലിയൻ സൂപ്പർ താരമായ കാസമിറോയായിരുന്നു ക്ലബ്ബ് വിട്ടത്.പ്രീമിയർ ലീഗിലെ പ്രമുഖരായ മാഞ്ചസ്റ്റർ യുണൈറ്റഡായിരുന്നു താരത്തെ സ്വന്തമാക്കിയത്. എന്നാൽ നേരത്തെ ചുവാമെനിയെ എത്തിച്ചതിനാൽ റയലിന് വലിയ ക്ഷീണം തട്ടാതെ ഇരിക്കുകയായിരുന്നു.

എന്നാൽ റയലിന്റെ ഉറുഗ്വൻ മിഡ്‌ഫീൽഡറായ ഫെഡേ വാൽവെർദെക്ക് വേണ്ടിയും ഈ സമ്മറിൽ ആവശ്യക്കാർ ഉണ്ടായിരുന്നു.പ്രീമിയർ ലീഗിലെ മറ്റൊരു വമ്പൻമാരായ ലിവർപൂളായിരുന്നു താരത്തിന് വേണ്ടി സമീപിച്ചിരുന്നത്. 100 മില്യൺ യൂറോയുടെ ഭീമൻ ഓഫർ ലിവർപൂൾ റയൽ മാഡ്രിഡിന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ താരത്തെ നഷ്ടപ്പെടുത്താൻ ഉദ്ദേശമില്ലാത്ത റയൽ മാഡ്രിഡ് ഈ ഓഫർ തള്ളിക്കളഞ്ഞു.

കോട്ട് ഓഫ്സൈഡ് എന്ന മീഡിയക്ക് വേണ്ടി പ്രമുഖ ഫുട്ബോൾ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ എഴുതിയ കോളത്തിലാണ് ഇക്കാര്യം വെളിവായിട്ടുള്ളത്.’ ഒരു മിഡ്ഫീൽഡറെ എത്തിക്കാൻ ലിവർപൂളിന് താല്പര്യമുണ്ടായിരുന്നു. അവർ വാൽവെർദെക്ക് വേണ്ടി ശ്രമങ്ങൾ നടത്തുകയും ചെയ്തു.എന്നാൽ താരത്തിന്റെ ട്രാൻസ്ഫർ കാര്യത്തിൽ ചർച്ച ചെയ്യാൻ പോലും റയൽ ആഗ്രഹിച്ചിരുന്നില്ല. എന്തെന്നാൽ ഇതിനോടകം തന്നെ അവർക്ക് കാസമിറോയെ നഷ്ടമായിരുന്നു ‘ ഫാബ്രിസിയോ എഴുതി.

ഇപ്പോൾ റയലിന്റെ വളരെ പ്രധാനപ്പെട്ട താരമാണ് ഫെഡേ വാൽവെർദെ. കഴിഞ്ഞ മയ്യോർക്കക്കെതിരെയുള്ള മത്സരത്തിൽ ഈ സൂപ്പർ താരം ഏവരെയും അമ്പരപ്പിക്കുന്ന രൂപത്തിലുള്ള ഒരു ഗോൾ നേടിയിരുന്നു. ഈ ലാലിഗയിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഈ ഉറുഗ്വൻ താരം സ്വന്തമാക്കിയിട്ടുള്ളത്.2016ലായിരുന്നു താരം റയൽ മാഡ്രിഡിലേക്ക് എത്തിയത്.

ഈയിടെ മാഡ്രിഡിന്റെ പരിശീലകനായ ആഞ്ചലോട്ടി താരത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഭാവിയിൽ റയലിന്റെ നായകനാവാൻ വാൽവെർദെക്ക് കഴിയുമെന്നായിരുന്നു പരിശീലകൻ പറഞ്ഞിരുന്നത്. മാത്രമല്ല ക്ലബ്ബിനോട് വളരെയധികം കമ്മിറ്റ്മെന്റ് ഓടുകൂടി കളിക്കുന്ന താരം കൂടിയാണ് ഫെഡേ. അതുകൊണ്ടുതന്നെ റയൽ മാഡ്രിഡ് ആരാധകർക്കിടയിൽ വലിയ ജനപ്രീതി ഉള്ള താരം കൂടിയാണ് എൽ ഹാൽക്കൺ.