”ബാഴ്സലോണയെ സൂക്ഷിക്കണം”- കൂമാൻ നൽകിയ മുന്നറിയിപ്പു വെളിപ്പെടുത്തി ഡി ജോംഗ്

അയാക്സിൽ നിന്നും ബാഴ്സയിലേക്കുള്ള ട്രാൻസ്ഫറിനു തയ്യാറെടുക്കുമ്പോൾ കൂമാനുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം തനിക്കു നിർദ്ദേശങ്ങൾ നൽകിയിരുന്നുവെന്നും വെളിപ്പെടുത്തി മധ്യനിര താരം ഡി ജോംഗ്. കറ്റാലൻ ക്ലബിനെ കുറിച്ച് വളരെ മികച്ച അഭിപ്രായം വെളിപ്പെടുത്തിയ കൂമാൻ ബാഴ്സലോണ നഗരത്തെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പു തനിക്കു നൽകിയെന്ന് ഡി ജോംഗ് വെളിപ്പെടുത്തി.

”ബാഴ്സലോണ ട്രാൻസ്ഫറിനു മുൻപ് ഞാൻ കൂമാനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ബാഴ്സലോണ ക്ലബിനെ കുറിച്ചും നഗരത്തെ കുറിച്ചും വളരെ മികച്ച അഭിപ്രായമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പൊസിറ്റീവായ കാര്യങ്ങളാണ് അദ്ദേഹം സംസാരിച്ചതിൽ കൂടുതലും.” യുവേഫയോട് ഡി ജോംഗ് പറഞ്ഞു.

“എന്നാൽ ബാഴ്സലോണ നഗരത്തെ സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റസ്റ്ററന്റുകളിൽ കൂടുതൽ പോകുന്നതും ഭക്ഷണം അധികം കഴിക്കുന്നതും ശ്രദ്ധിക്കണമെന്നാണ് കൂമാൻ പറഞ്ഞത്. ബാഴ്സലോണയിലെ ജീവിതം വളരെ മനോഹരണെന്നും അതുകൊണ്ടു തന്നെ അവധിക്കാലം ആഘോഷിക്കുന്നതു പോലെ തോന്നാൻ സാധ്യതയുള്ളതൊഴിച്ചാൽ ബാക്കിയെല്ലാം അടിപൊളിയാണെന്നാണ് കൂമാൻ പറഞ്ഞത്.” ഡി ജോംഗ് വ്യക്തമാക്കി.

ബാഴ്സലോണയിലെ തന്റെ ജീവിതം വളരെ മനോഹരമാണെന്ന് ഡി ജോംഗും സമ്മതിച്ചു. നെതർലൻഡ്സ് ടീമിൽ ഒരുമിച്ചുണ്ടായിരുന്ന കൂമാൻ പരിശീലകനായി എത്തിയതോടെ തന്റെ സ്വാഭാവിക പൊസിഷനിൽ കളിക്കാൻ തുടങ്ങിയ താരം പൂർണമികവിലെത്താനുള്ള ശ്രമത്തിലാണ്. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെ നേരിടാൻ ബാഴ്സക്കൊപ്പം തയ്യാറെടുക്കുകയാണ് ഡി ജോംഗ്.

Rate this post