ആർക്കാടാ മെസ്സിയെ ഫൗൾ ചെയ്യേണ്ടത് : എതിർതാരത്തെ വളഞ്ഞാക്രമിച്ച് അർജന്റൈൻ താരങ്ങൾ

ഇന്ന് നടന്ന ഫ്രണ്ട്‌ലി മത്സരത്തിൽ ഹോണ്ടുറാസിനെതിരെ മികച്ച വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഹോണ്ടുറാസിനെ പരാജയപ്പെടുത്തിയത്. ഈ മൂന്നു ഗോളുകളിൽ രണ്ടു ഗോളും നേടിയത് ലയണൽ മെസ്സിയായിരുന്നു. ഒരു ഗോൾ ലൗറ്ററോയുടെ വകയായിരുന്നു.

മത്സരത്തിൽ ഉജ്ജ്വലപ്രകടനമാണ് ലിയോ മെസ്സി പുറത്തെടുത്തിട്ടുള്ളത്. ആദ്യപകുതി അവസാനിക്കുന്നതിനു മുന്നേ പെനാൽറ്റിയിലൂടെയാണ് മെസ്സി ആദ്യ ഗോൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിലാണ് അതിമനോഹരമായ ഗോൾ സ്വന്തമാക്കിയത്. ബോക്സിന് പുറത്തുനിന്ന് ഒരു ഫസ്റ്റ് ടൈം ചിപിലൂടെയാണ് മെസ്സി ഗോൾ കണ്ടെത്തിയത്.ആ ബോൾ ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ വലയിലേക്ക് ചാഞ്ഞിറങ്ങുകയായിരുന്നു. ഗോളുകൾക്ക് പുറമേ മത്സരത്തിൽ നിറഞ്ഞു കളിക്കാനും മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.

മത്സരത്തിന്റെ 38ആം മിനിറ്റിൽ ഒരു അസാധാരണ സംഭവം അരങ്ങേറിയിരിക്കുന്നു. അതായത് ഹോണ്ടുറാസ് താരമായ ഡെയ്ബി ഫ്ലോറs മെസ്സിയെ കൈമുട്ട് കൊണ്ട് ഇടിച്ച് വീഴ്ത്തുകയായിരുന്നു.ഗുരുതരമായ ഫൗളിന് ഇരയായ ലയണൽ മെസ്സി അവിടെ വീഴുകയായിരുന്നു.എന്നാൽ ഈ ഫൗൾ കണ്ടുകൊണ്ട് കയ്യുംകെട്ടി നോക്കിനിൽക്കാൻ മെസ്സിയുടെ സഹതാരങ്ങൾ തയ്യാറായില്ല എന്നുള്ളതാണ്.

റോഡ്രിഗോ ഡി പോൾ അടക്കമുള്ള അർജന്റീന താരങ്ങൾ മെസ്സി ഫോൾ ചെയ്യപ്പെട്ട ഉടനെ ഈ ഹോണ്ടുറാസ് താരത്തിന്റെ അടുക്കലേക്ക് പാഞ്ഞെടുക്കുകയായിരുന്നു. മെസ്സിയെ ഫൗൾ ചെയ്തതിലുള്ള രോഷം എല്ലാം അർജന്റീന താരങ്ങളുടെ മുഖത്തും വ്യക്തമായിരുന്നു.ഡി പോളായിരുന്നു ഏറ്റവും കൂടുതൽ ദേഷ്യം പ്രകടിപ്പിച്ചത്. എന്നാൽ റഫറിയും ബാക്കി താരങ്ങളും ഇടപെട്ടുകൊണ്ട് രംഗം ശാന്തമാക്കുകയായിരുന്നു. യഥാർത്ഥത്തിൽ മെസ്സിയെ ഫൗൾ ചെയ്തതിന് ഹോണ്ടുറാസ് താരത്തെ വളഞ്ഞാക്രമിക്കുന്ന ഒരു കാഴ്ച തന്നെയായിരുന്നു അവിടെ കാണാൻ സാധിച്ചിരുന്നത്.

ലയണൽ മെസ്സിയോടുള്ള അർജന്റൈൻ താരങ്ങളുടെ സ്നേഹവും കരുതലുമാണ് ഈ സംഭവത്തിൽ നിന്നും വ്യക്തമാവുന്നത്. മെസ്സിയെ പോലെ ഒരു താരത്തിന് പരിക്കേറ്റാൽ അത് വലിയ തിരിച്ചടിയാകുമെന്ന് സഹതാരങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ മെസ്സിയെ പരമാവധി സംരക്ഷിക്കാനാണ് സഹതാരങ്ങൾ ശ്രമിക്കുന്നത്. അതിനുള്ള മറ്റൊരു ഉദാഹരണം കൂടിയാണ് ഈ മത്സരത്തിൽ ആരാധകർക്ക് കാണാൻ സാധിച്ചിട്ടുള്ളത്. ഏതായാലും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം വൈറലാണ്.