അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോളുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടക്കാൻ ലയണൽ മെസ്സിക്ക് സാധിക്കുമോ ?

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അന്താരാഷ്ട്ര ഫുട്‌ബോളിൽ തങ്ങളുടെ ടീമുകളുടെ പ്രധാന താരമായി ഇപ്പോഴും തുടരുകയാണ്.ഇരു കളിക്കാരും അവരുടെ രാജ്യത്തിനായി കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയിരുന്നു. മിയാമിയിൽ ഹോണ്ടുറാസിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ 3 -0 ന്റെ ജയത്തിൽ ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

അർജന്റീനയുടെ എക്കാലത്തെയും ഉയർന്ന സ്കോററായ മെസ്സിയുടെ ഗോളുകളുടെ എണ്ണം 88 ട്ടിലേക്ക് ഉയരുകയും ചെയ്തു. ഇന്നലെ നേഷൻസ് ലീഗിൽ പോർച്ചുഗലിനായി റൊണാൾഡോ ഇറങ്ങിയെങ്കിലും ഗോളുകളൊന്നും നേടാനായില്ല.ഒരു അസിസ്റ്റ് മാത്രമാണ് മത്സരത്തിൽ റൊണാൾഡോക്ക് നല്കാൻ കഴിഞ്ഞത്. പോർച്ചുഗൽ എതിരില്ലാതെ നാല് ഗോളിന് ചെക്ക് റിപ്പബ്ലിക്കിനെയാണ് ഇന്നലെ പരാജയപ്പെടുത്തിയത്.117 ഗോളുമായി അന്താരാഷ്ട്ര മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സ്കോററാണ് യുണൈറ്റഡ് ഫോർവേഡ് . കഴിഞ്ഞ ഒന്നര ദശകമായി ലോക ഫുട്ബോൾ അടക്കി ഭരിച്ചിരുന്ന മെസ്സിയും റൊണാൾഡോയും തങ്ങളുടെ കരിയറിന്റെ അവസാനത്തിലാണ്. 35 കാരനായ മെസ്സിയുടെയും 37 കാരനായ റൊണാൾഡോയുടെയും അവസാന വേൾഡ് കപ്പാവും ഖത്തറിൽ നടക്കാൻ പോവുന്നത്.

ഇരു സൂപ്പർ താരങ്ങളും വിരമിക്കലിനെക്കുറിച്ച് ഒരു സൂചനയും ഇതുവരെ നൽകാത്തതിനാൽ ഗോൾ സ്കോറിന് തുടരുക തന്നെ ചെയ്യും. എന്നാൽ നിലവിലെ അവസ്ഥയിൽ രണ്ടു പേരും വ്യത്യസ്ത അവസ്ഥയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലയണൽ മെസ്സി പിഎസ്ജിക്കായും അർജന്റീനക്ക് വേണ്ടിയും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ മറുവശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഇടം നേടാൻ സാധിക്കാതെ ബെഞ്ചിൽ ഇരിക്കുകയാണ് റൊണാൾഡോ. നേഷൻസ് ലീഗ് കളിക്കാനുള്ള പോർച്ചുഗീസ് ടീമിൽ ഫോമിലല്ലാത്ത റൊണാൾഡോയെ ടീമിലെടുത്തപ്പോൾ പല ഭാഗത്ത് നിന്നും വിമര്ശനം ഉയരുകയും ചെയ്തു.

അന്തരാഷ്ട്ര ഗോളുകളിൽ ക്രിസ്റ്റ്യാനോയെക്കാൾ 29 എണ്ണം മാത്രം പുറകിലാണ് ലയണൽ മെസ്സി. 35 കാരൻ നിലവിലെ ഫോമിൽ തുടരുകയെങ്കിൽ ആ റെക്കോർഡും താരം കാൽകീഴിലാക്കും എന്നാണ് ആരാധകർ കരുതുന്നത്.163 മത്സരങ്ങളിൽ നിന്ന് 88 ഗോളുകളാണ് അർജന്റീനയ്ക്കായി മെസ്സി നേടിയത്. രാജ്യാന്തര ഗോളുകളുടെ കാര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (117), അലി ദേയ് (109), മൊക്താർ ദഹാരി (89) എന്നിവർക്ക് പിന്നിൽ മാത്രമാണ് അദ്ദേഹം.2022ൽ അർജന്റീനയ്‌ക്കായി 8 ഗോളുകൾ നേടിയ മെസ്സി നേരത്തെ ഇതിഹാസ താരം ഫെറൻക് പുഷ്‌കാസിനെ (84 ഗോളുകൾ) മറികടന്നിരുന്നു.80-ലധികം ഗോളുകൾ നേടിയ ഏഴ് കളിക്കാരിൽ ഒരാളാണ് മെസ്സി.

എന്നാൽ 2024 യൂറോ കപ്പ് വരെ റൊണാൾഡോ പോർച്ചുഗീസ് ടീമിനൊപ്പം തുടരും എന്ന് റൊണാൾഡോ പ്രഖ്യാപിച്ചതോടെ ഇരുവരും തമ്മിലുള്ള മത്സരം ഇനിയും നമുക്ക് കാണാൻ സാധിക്കും. ഖത്തർ വേൾഡ് കപ്പിൽ കൂടുതൽ ഗോളുകൾ കണ്ടെത്താനുള്ള അവസരം ഇരു താരങ്ങൾക്കുമുണ്ട്. ലയണൽ മെസ്സി വേൾഡ് കപ്പിൽ 19 മത്സരങ്ങളിൽ നിന്നും ആറു ഗോളുകളും അഞ്ചു അസിസ്റ്റും രേഖപെടുത്തിയിട്ടുണ്ട്. റൊണാൾഡോ 17 മത്സരങ്ങളിൽ നിന്നും രണ്ടു അസിസ്റ്റും 7 ഗോളുകളും നേടിയിട്ടുണ്ട്.