❝ഏത് ടീമിനേയും നേരിടാൻ ഞങ്ങൾ തയ്യാറാണ്, വേൾഡ് കപ്പിൽ കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കും❞ |Lionel Messi

ഖത്തർ ലോകകപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരികയാണ്. ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമായി അർജന്റീന വളർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ അവരുടെ സ്ഥിരതയാർന്ന ഫോം തന്നെയാണ് ഇതിന്റെ കാരണം.കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒരു തോൽവി പോലും അർജന്റീനക്ക് ഏൽക്കേണ്ടി വന്നിട്ടില്ല. 34 മത്സരങ്ങളിലാണ് അർജന്റീന ഒരു പരാജയം പോലും ഏറ്റുവാങ്ങാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

ലോകകപ്പിന്റെ സങ്കീർണ്ണതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും ഖത്തറിൽ വലിയ പ്രതീക്ഷയുണ്ടെന്ന് ആൽബിസെലെസ്റ്റിന്റെ ക്യാപ്റ്റനും പ്രതീകവുമായ ലയണൽ മെസ്സി വ്യക്തമാക്കി. “ആരെയും നേരിടാൻ തയ്യാറുള്ള ഒരു ടീമായി അര്ജന്റീന മാറിയിരിക്കുകയാണ്.ഓരോ മത്സരത്തിലും എന്തുചെയ്യണമെന്ന് വളരെ വ്യക്തമാണ്, എതിരാളിയെ പരിഗണിക്കാതെ ഞങ്ങൾ ഓരോ മത്സരങ്ങൾക്കും തയ്യാറെടുക്കുകയാണ്.മത്സരങ്ങൾക്കായി കോച്ചിംഗ് സ്റ്റാഫ് വളരെ നന്നായി തയ്യാറെടുക്കുന്നു,ഈ പാതയിൽ തുടരുക എന്നതാണ് പ്രധാന ലക്ഷ്യം, ലോകകപ്പിൽ മികച്ചത് നൽകാൻ ശ്രമിക്കുക ” ലയണൽ മെസ്സി വേൾഡ് കപ്പിനെക്കുറിച്ച് പറഞ്ഞു. “ലോകകപ്പ് വളരെ പ്രയാസകരമാണെന്ന് ഞങ്ങൾക്കറിയാം, അവിടെ ചെറിയ തെറ്റുകൾ പോലും നിങ്ങളെ ചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കുന്നു. പക്ഷേ അത് മത്സരിക്കാൻ തയ്യാറുള്ള ഒരു ദേശീയ ടീമാണ്, ഏത് എതിരാളിയായാലും പോരാടും” മെസ്സി കൂട്ടിച്ചേർത്തു.

“വ്യക്തിപരമായി ഇത് അവിശ്വസനീയവും വിശദീകരിക്കാൻ പ്രയാസമുള്ളതുമായ ഒന്നായിരുന്നു.അവസാന നിമിഷവും ആഘോഷങ്ങളും കാണുമ്പോൾ, ഞാൻ ഞെട്ടിപ്പോവുകയും വികാരാധീനനാകുകയും ചെയ്യുന്നു.ദേശീയ ടീമിനൊപ്പം എന്തെങ്കിലും നേടാൻ കഴിയുക എന്നത് എന്റെ കരിയറിൽ ഉടനീളം സ്വപ്നം കണ്ട ഒരു കാര്യമായിരുന്നു. എനിക്ക് വളരെ കഠിനമായ പ്രഹരങ്ങൾ ഉണ്ടായിരുന്നു, കോപ്പ അമേരിക്ക ഫൈനൽ തോൽവി, ലോകകപ്പ്… ആ തോൽവികൾക്ക് വളരെക്കാലമായി വിമർശിക്കപ്പെട്ടു. ബാഴ്‌സലോണയ്‌ക്കൊപ്പവും വ്യക്തിഗതമായും എല്ലാം നേടിയതിന് ശേഷം ഒടുവിൽ എന്റെ ദേശീയ ടീമിനൊപ്പം സ്വയം സമർപ്പിക്കാൻ കഴിയുകയും അത് നേടുകയും ചെയ്തു”2021 ബ്രസീലിൽ നടന്ന കോപ്പ അമേരിക്കയിലെ കിരീടധാരണത്തെ അദ്ദേഹം വികാരത്തോടെ അനുസ്മരിച്ചു.

നിലവിൽ സൗഹൃദ മത്സരങ്ങൾ കളിച്ചുകൊണ്ടിരിക്കുകയാണ് അർജന്റീന ടീം. ആദ്യ മത്സരത്തിൽ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്താൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. രണ്ട് ഗോളുകൾ നേടിയിട്ടുള്ള മെസ്സി മികവ് ആവർത്തിക്കുകയായിരുന്നു. ഇനി ജമൈക്കയാണ് അർജന്റീനയുടെ എതിരാളികൾ. ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് സിയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്.സൗദി അറേബ്യ,പോളണ്ട്,മെക്സിക്കോ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ. അർജന്റീന അനായാസം അടുത്ത റൗണ്ടിലേക്ക് മുന്നേറും എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.

Rate this post