ഇമോഷണലായി,രോമാഞ്ചമുണ്ടായി,വിവരിക്കാൻ പോലും ബുദ്ധിമുട്ടാണ്: ആ സന്ദർഭത്തെ കുറിച്ച് മെസ്സി.

ലയണൽ മെസ്സിക്ക് തന്റെ കരിയറിലെ ഏറ്റവും കൂടുതൽ വിമർശനങ്ങളും പരിഹാസങ്ങളും ഏൽക്കേണ്ടി വന്നിട്ടുള്ളത് ഒരു അന്താരാഷ്ട്ര കിരീടത്തിന്റെ പേരിലായിരുന്നു. ഫുട്ബോളിലെ എല്ലാം വെട്ടിപ്പിടിച്ചിട്ടും ഒരു ഇന്റർനാഷണൽ കിരീടം മെസ്സിയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു.അതിന്റെ പേരിലായിരുന്നു ദീർഘകാലം മെസ്സി വേട്ടയാടപ്പെട്ടത്.

എന്നാൽ അതിന് അറുതിവരുത്താൻ 2021ൽ മെസ്സിക്ക് സാഹചര്യം.കോപ അമേരിക്ക കിരീടം നേടിക്കൊണ്ടാണ് മെസ്സി വിമർശകരുടെ വായടപ്പിച്ചത്. അതും ചിരവൈരികളായ ബ്രസീലിനെ അവരുടെ നാട്ടിൽ വെച്ച് പരാജയപ്പെടുത്തി കൊണ്ടാണ് മെസ്സി എല്ലാവർക്കും മറുപടി നൽകിയത്.

ആ ഒരു വൈകാരിക നിമിഷത്തെക്കുറിച്ച് ഇപ്പോൾ മെസ്സി തുറന്ന് സംസാരിച്ചിട്ടുണ്ട്. ആ നിമിഷം ഇമോഷണലായെന്നും രോമാഞ്ചമുണ്ടായി എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്. വിവരിക്കാൻ പോലും ബുദ്ധിമുട്ടുള്ള ഒരു സന്ദർഭമായിരുന്നു അതെന്നാണ് മെസ്സി അറിയിച്ചിട്ടുള്ളത്.പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ വ്യക്തിപരമായി പറയുകയാണെങ്കിൽ അത് ഇൻക്രെഡിബിൾ ആയിട്ടുള്ള ഒരു അനുഭവമായിരുന്നു. വിവരിക്കാൻ പോലും ബുദ്ധിമുട്ടാണ്. ആ മത്സരം അവസാനിച്ചപ്പോൾ ഞാൻ ഇമോഷണൽ ആയി, മാത്രമല്ല എനിക്ക് രോമാഞ്ചം ഉണ്ടാവുകയും ചെയ്തു. ഞാൻ എന്റെ കരിയറിലുടനീളം സ്വപ്നം കാണുകയും അതിനു വേണ്ടി പോരാടുകയും ചെയ്ത ഒന്നായിരുന്നു ആ കിരീടം. എനിക്ക് ഒരുപാട് തിരിച്ചടികൾ നാഷണൽ ടീമിനൊപ്പം ഉണ്ടായിട്ടുണ്ട് ‘ മെസ്സി തുടരുകയാണ്.

‘ കോപ്പ അമേരിക്ക ഫൈനലുകളിൽ പരാജയപ്പെട്ടു, വേൾഡ് കപ്പ് ഫൈനലിൽ പരാജയപ്പെട്ടു. ഈ പരാജയങ്ങളുടെ പേരിൽ ഒരുപാട് കാലം വിമർശിക്കപ്പെട്ടു. ബാഴ്സയോടൊപ്പവും വ്യക്തിപരമായും എല്ലാം നേടി കഴിഞ്ഞിട്ടും ഇതു മാത്രം അകന്നു നിൽക്കുകയായിരുന്നു.പക്ഷേ എനിക്ക് ഈ കിരീടം നേടാൻ ഭാഗ്യമുണ്ടായി. അത് എല്ലാത്തിനെയും മാറ്റിമറിച്ചു.വളരെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം കൈവന്നു. വ്യത്യസ്തമായ രീതിയിൽ മുന്നോട്ടു പോകാനുള്ള അവസരവും വന്നു ‘ മെസ്സി പൂർത്തിയാക്കി.

മെസ്സിയുടെ അതേ അനുഭവം തന്നെയാണ് ഓരോ അർജന്റീന ആരാധകർക്കും ആ ദിവസം ഉണ്ടായിട്ടുള്ളത്. ഒട്ടുമിക്ക ആരാധകർക്കും രോമാഞ്ചമുണ്ടാവുകയും ഇമോഷണലാവുകയും ചെയ്തിട്ടുണ്ട്.