റയലിൽ പ്രശ്നങ്ങൾ സങ്കീർണമാകുന്നു, ബെൻസിമയും വിനീഷ്യസും തമ്മിലുള്ള പ്രശ്നത്തിന്റെ കൂടുതൽ വിശദാംശങ്ങൾ
ജർമൻ ക്ലബായ ഗ്ലാഡ്ബാഷിനെതിരായ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ റയൽ സഹതാരം വിനീഷ്യസ് ജൂനിയറിനെതിരെ ബെൻസിമ നടത്തിയ പരാമർശങ്ങളുടെ പുതിയ വിശദാംശങ്ങൾ പുറത്ത്. റയൽ രണ്ടു ഗോളുകൾക്കു പിന്നിട്ടു നിന്നതിനു ശേഷം സമനില വഴങ്ങിയ മത്സരത്തിൽ വിനീഷ്യസിനു പാസ് ചെയ്യരുതെന്ന് സഹതാരം മെൻഡിയോട് ബെൻസിമ പറയുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
നേരത്തെ പുറത്തു വിട്ട റിപ്പോർട്ടിൽ വിനീഷ്യസിനു പാസ് ചെയ്യരുതെന്നും താരം നമുക്കെതിരെയാണു കളിക്കുന്നതെന്നും മെൻഡിയോടു ബെൻസിമ പറയുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തു വന്നത്. ഇപ്പോൾ സ്പാനിഷ് ടിവി സ്റ്റേഷനായ ഗോൾ ടിവി പുറത്തുവിട്ടതിൽ സംഭവങ്ങളുടെ കൂടുതൽ വിശദാംശങ്ങളുണ്ട്.
Karim Benzema was caught on camera telling Ferland Mendy to not pass to Vinicius Jr during Real Madrid's match with Gladbach 😳 pic.twitter.com/KgCAClHNBq
— Goal (@goal) October 28, 2020
വിനീഷ്യസ് ഉപകാരമുള്ള ഒരു കാര്യവും ചെയ്യുന്നില്ലെന്നു ബെൻസിമ പറയുമ്പോൾ അതിനു മെൻഡിയുടെ മറുപടി ഇങ്ങിനെയായിരുന്നു. “എപ്പോഴെങ്കിലും പേടി വരുമ്പോൾ വിനീഷ്യസിനു തന്റെ മികവു കാണിക്കാനുള്ള കഴിവു നഷ്ടപ്പെടുകയാണ്.”
രണ്ടാം പകുതിയിൽ ബെൻസിമ ഒരു പാസ് പോലും വിനീഷ്യസിനു നൽകിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മെൻഡി മൂന്നു തവണ മാത്രമാണ് ബ്രസീലിയൻ താരത്തിനു പന്തു നൽകിയത്. സീസണിന്റെ തുടക്കത്തിൽ മികവു കാണിച്ചിരുന്ന വിനീഷ്യസ് കഴിഞ്ഞ കുറച്ചു കളികളായി മോശം ഫോമിലാണ്.