മെസ്സിയെ അഭിവാദ്യം ചെയ്തപ്പോൾ കൈകൾ വിറച്ചു : അർജന്റീനയിലെ സഹതാരം പറയുന്നു

അർജന്റീനയിലെ എല്ലാ താരങ്ങൾക്കും ലയണൽ മെസ്സിയോട് ഒരു പ്രത്യേക ഇഷ്ടമാണ്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിനിടെ സഹതാരങ്ങളുടെ മെസ്സിയോടുള്ള ഇഷ്ടവും കരുതലും നാം കണ്ടതുമാണ്.മെസ്സിയെ മനപ്പൂർവ്വം ചെയ്തു വീഴ്ത്തിയപ്പോൾ അർജന്റീന ടീം ഒന്നടങ്കം പ്രതികരിക്കുന്ന കാഴ്ചയായിരുന്നു നാം കണ്ടത്.

ബ്രയിറ്റണിന്റെ അർജന്റൈൻ താരമായ മാക്ക് ആല്ലിസ്റ്റർ മെസ്സിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവങ്ങൾ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.അതായത് ലയണൽ മെസ്സിയെ അഭിവാദ്യം ചെയ്തപ്പോൾ തന്റെ കൈകൾ വിറച്ചുപോയി എന്നാണ് മാക്ക് ആല്ലിസ്റ്റർ പറഞ്ഞിട്ടുള്ളത്. കൂടാതെ മറ്റു ചില കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു.

‘ ഞാൻ ആദ്യമായി ലയണൽ മെസ്സിയെ കണ്ട സമയത്ത് അഭിവാദ്യം ചെയ്തിരുന്നു,ആ സമയത്ത് എന്റെ കൈകൾ വിറക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തെ അഭിവാദ്യം ചെയ്യണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ സംശയത്തിലായിരുന്നു. വളരെയധികം നാണമുള്ള ഒരു വ്യക്തിയാണ് ഞാൻ.ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി. എന്നാൽ വളരെ ശാന്തമായ സ്വഭാവമാണ് അദ്ദേഹത്തിന്റെത്. എല്ലാവരോടും അദ്ദേഹം വളരെയധികം ബഹുമാനം വെച്ച് പുലർത്തും. ഒരു മികച്ച താരത്തിന്റെ താരജാഡകൾ ഒന്നും അദ്ദേഹത്തിന് ഇല്ല.കേവലം മറ്റൊരു വ്യക്തിയെ പോലെയാണ് അദ്ദേഹം നടക്കുക ‘ മാക്ക് ആല്ലിസ്റ്റർ പറഞ്ഞു.

ഈയിടെ നൽകിയ ഇന്റർവ്യൂവിൽ ലയണൽ മെസ്സി തന്റെ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.താൻ ഒരിക്കലും ചരിത്രത്തിലെ ഏറ്റവും മികച്ച താരമാവാൻ ശ്രമിച്ചിട്ടില്ല എന്നാണ് മെസ്സി പറഞ്ഞത്. മറിച്ച് വിരമിക്കുന്ന സമയത്ത് ഞാൻ ഒരു നല്ല വ്യക്തിയായിരുന്നു എന്നറിയപ്പെടാനാണ് താൻ ലക്ഷ്യം വെക്കുന്നതെന്നും മെസ്സി കൂട്ടിചേർത്തിരുന്നു.

ലയണൽ മെസ്സിയുടെ ഏറ്റവും വലിയ ക്വാളിറ്റി അതുതന്നെയാണ്. എത്ര വലിയ ഉയരത്തിലാണെങ്കിലും വളരെയധികം വിനയം വെച്ച് പുലർത്തുന്ന വ്യക്തിയാണ് മെസ്സി. അതുകൊണ്ടുതന്നെയാണ് ലോക ഫുട്ബോളിലെ പലരും റോൾ മോഡലായിക്കൊണ്ട് മെസ്സിയെ ചൂണ്ടിക്കാണിക്കുന്നത്