ബാഴ്സയിലേക്ക് മടങ്ങാനുള്ള ആഗ്രഹം നെയ്മർ ഉപേക്ഷിക്കുന്നു, പിഎസ്ജിയുമായി കരാർ പുതുക്കിയേക്കും.
കഴിഞ്ഞ രണ്ട് മൂന്ന് സീസണുകളിലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനചർച്ചാവിഷയം നെയ്മർ ജൂനിയറായിരിക്കും. താരം എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങി വരുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രാൻസ്ഫർ വാർത്തകളാണ് ഫുട്ബോൾ ലോകത്ത് പ്രചരിക്കാറുള്ളത്. എന്നാൽ ഇനി അതുണ്ടാവാൻ സാധ്യതയില്ല എന്നാണ് പുറത്ത് വരുന്ന പുതിയ വാർത്തകൾ.
നെയ്മർ ബാഴ്സയിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇനി ബാഴ്സയിലേക്ക് തിരികെ പോവേണ്ട എന്ന് നെയ്മർ മാറിചിന്തിച്ചു കഴിഞ്ഞു എന്നാണ് പ്രമുഖമാധ്യമമായ ഫൂട്ട്മെർക്കാറ്റോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടെ പിഎസ്ജിയുമായുള്ള കരാർ പുതുക്കാനും നെയ്മർ ആലോചിക്കുന്നുണ്ട്.നിലവിൽ താൻ പിഎസ്ജിയിൽ സന്തോഷവാനാണ് എന്ന കാര്യം നെയ്മർ തുറന്നു പറഞ്ഞിരുന്നു.
Neymar 'will NOT try and force a return to Barcelona again this summer' https://t.co/7WT5RhPhv1
— MailOnline Sport (@MailSport) October 31, 2020
2017-ലായിരുന്നു നെയ്മർ വേൾഡ് റെക്കോർഡ് തുകയായ 198 മില്യൺ പൗണ്ടിന് ബാഴ്സയിൽ നിന്ന് പിഎസ്ജിയിൽ എത്തിയത്. താരത്തിന് 2022 വരെയാണ് പിഎസ്ജിയുമായി കരാറുള്ളത്. അത് പുതുക്കാൻ നെയ്മർ തയ്യാറായിരുന്നില്ല. എന്നാൽ ഈ കരാർ 2025 വരെ പുതുക്കാൻ നെയ്മർ ആലോചിക്കുന്നുണ്ട് എന്നാണ് ഫൂട്ട്മെർക്കാറ്റോയുടെ വാദം. താരത്തിന്റെ കരാർ പുതുക്കാൻ കഴിയുംവിധം പിഎസ്ജി ശ്രമിക്കുന്നുമുണ്ട്. അത് ഫലം കണ്ടു തുടങ്ങി എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. താരം കരാർ പുതുക്കണമെന്ന് പിഎസ്ജി അധികൃതരെ അറിയിച്ചതായാണ് വിവരങ്ങൾ.
ഇരുപത്തിയെട്ടുകാരനായ താരം ഒരു വർഷം 32.4 മില്യൺ പൗണ്ട് ആണ് സാലറിയായി കൈപ്പറ്റുന്നത്.നിലവിൽ മറ്റൊരു ക്ലബ്ബിനെ കുറിച്ച് നെയ്മർ ചിന്തിക്കുന്നില്ല എന്ന് വ്യക്തമാണ്. സൂപ്പർ താരം കിലിയൻ എംബാപ്പെ കരാർ 2022-ഓടെ അവസാനിക്കും.താരത്തിന്റെ കരാറും പുതുക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ അടുത്ത സീസണോടെ ക്ലബ് വിടാൻ ആഗ്രഹമുണ്ടെന്ന് എംബാപ്പെ ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്.