ലയണൽ മെസ്സിയില്ലാതെ ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ സാധിക്കാതെ ബാഴ്സലോണ |FC Barcelona

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഏവരും ഉറ്റു നോക്കിയിരുന്ന ഗ്രൂപ്പായിരുന്നു ബാഴ്സലോണയും ഇന്റർ മിലാനും ബയേൺ മ്യൂണിക്കും അടങ്ങിയ ഗ്രൂപ്പ് സി. ഈ സീസണിലെ മരണ ഗ്രൂപ്പെന്ന് പലരും ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ബയേണും ബാഴ്സയും വീണ്ടും നേർക്ക് നേർ വരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് ബയേണിനോടേറ്റ ദയനീയ പരാജയത്തിന് പകരം വീട്ടുക എന്ന ലക്‌ഷ്യം കൂടി മത്സരങ്ങൾ ആരംഭിക്കുന്നതിനു മുന്നേ ബാഴ്സയ്ക്കുണ്ടായിരുന്നു.

എന്നാൽ പകരം വീട്ടുന്നത് അടുത്ത സീസണിലേക്ക് മാറ്റിവെക്കേണ്ട അവസ്ഥ ബാഴ്സക്ക് മുന്നിൽ വന്നിരിക്കുകയാണ്. ഗ്രൂപ്പിലെ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാല് വിജയവുമായി ബയേൺ മ്യൂണിക്ക് നോക്ക് ഔട്ട് ഉറപ്പിച്ചിരിക്കുകയാണ്. ഏഴു പോയിന്റുമായി ഇന്റർ മിലാൻ രണ്ടാം സ്ഥാനത്തും 4 പോയിന്റുമായി ബാഴ്സ പുറത്താകലിന്റെ വക്കിലാണുള്ളത്. ഇന്നലെ ക്യാമ്പ് നൗവിൽ ഇന്ററിനെതിരെ വിജയം അനിവാര്യമായ മത്സരത്തിൽ സമനില വഴങ്ങിയതാണ് ബാഴ്സക്ക് തിരിച്ചടിയായത്. ബാഴ്‌സലോണ തുടർച്ചയായ രണ്ടാമത്തെ സീസണിലും യൂറോപ്പ ലീഗിൽ കളിക്കേണ്ടി വരുമെന്ന സാഹചര്യമാണ് നേരിടുന്നത്.

ലയണൽ മെസി ക്ലബ് വിട്ട കഴിഞ്ഞ സീസണിൽ മോശം ഫോമിനെത്തുടർന്ന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ മൂന്നാമതായ ബാഴ്‌സലോണക്ക് യൂറോപ്പ ലീഗ് കളിക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ സീസണിൽ സാമ്പത്തിക പ്രതിസന്ധി മൂലം പ്രധാന താരങ്ങളെ സ്വന്തമാക്കാൻ കഴിയാത്തത് ടീമിന് തിരിച്ചടി നൽകിയപ്പോൾ ഈ സീസണിൽ പ്രധാന താരനാണ് ഉണ്ടായിരുന്നിട്ടും വീണു പോകുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്.ലാ ലിഗയിൽ ബാഴ്സ ഒന്നാം സ്ഥാനത്താണെങ്കിലും തുടർച്ചയായ രണ്ടാമത്തെ സീസണിലും അവർ ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് കാണാതെ പുറത്ത് പോവാനുളള സാദ്ധ്യതകൾ വർധിക്കുകയാണ്. കഴിഞ്ഞ വര്ഷം 17 സീസണുകളിൽ ആദ്യമായി ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് കാണാതെ പുറത്തു പുറത്ത് പോവുകയും യൂറോപ്പ് ലീഗ് കളിക്കേണ്ട വരികയും ചെയ്തിരുന്നു.2003-04 ന് ശേഷം ആദ്യമായാണ് ബാഴ്സലോണ അവസാന പതിനാറിൽ കടക്കാതിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ ഇന്റർ മിലൻറെ മത്സരഫലങ്ങൾ കൂടി അനുകൂലമാകണം.അടുത്ത രണ്ടു മത്സരത്തിലും ബാഴ്‌സലോണ വിജയം നേടുകയും ഇന്റർ മിലാൻ ഏതെങ്കിലും കളിയിൽ തോൽക്കുകയും ചെയ്‌താൽ ബാഴ്‌സക്ക് നോക്ക്ഔട്ട് പ്രതീക്ഷയുണ്ട്. അതേസമയം ഒരു ജയവും ഒരു സമനിലയും അടുത്ത രണ്ടു മത്സരങ്ങളിൽ ഇന്റർ മിലാൻ നേടിയാൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താകും.ഇന്റർ മിലാനും ബാഴ്‌സലോണക്കും ഇനിയുള്ള മത്സരങ്ങൾ ബയേൺ മ്യൂണിക്ക്, വിക്ടോറിയ പ്ലെസൻ എന്നീ ടീമുകൾക്കെതിരെയാണ്. ഇന്റർ ബയേണിനെതിരെയും ബാഴ്‌സലോണ വിക്ടോറിയ പ്ലെസനെതിരെയും എവേ മാച്ചാണ് കളിക്കുക. നിലവിലെ സാഹചര്യത്തിൽ സ്വന്തം മൈതാനത്ത് ബയേൺ മ്യൂണിക്കിനെതിരെ വിജയം നേടാൻ കഴിയുമെന്ന യാതൊരു പ്രതീക്ഷയും ബാഴ്‌സലോണക്കില്ലാത്തതിനാൽ ചാമ്പ്യൻസ് ലീഗിന്റെ അടുത്ത ഘട്ടത്തിലേക്ക് ടീം മുന്നേറാനുള്ള സാധ്യത വളരെ കുറവാണ്.

നാല് തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബാഴ്സലോണ 2015 ലാണ് അവസാനമായി കിരീടം നേടിയത്.കഴിഞ്ഞ നാല് സീസണുകളിൽ മാത്രം യൂറോപ്പിലെ പാരീസ് സെന്റ് ജെർമെയ്‌ൻ (രണ്ട് തവണ), യുവന്റസ് (രണ്ട് തവണ), റോമ, ലിവർപൂൾ, ബെൻഫിക്ക എന്നിവരോട് മൂന്നോ അതിലധികമോ ഗോളുകൾക്ക് അവർ പരാജയപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷത്തിൽ മൂന്ന് ഗോളുകൾക്കോ ​​അതിൽ കൂടുതലോ മൂന്ന് തവണ അവരെ ബയേൺ തോൽപ്പിച്ചിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിലെ അവസാന 13 മത്സരങ്ങളിൽ ഏഴിലും ബാഴ്‌സ പരാജയപ്പെട്ടു.