ലയണൽ മെസിയെ തിങ്കളാഴ്ച കാണുമെന്ന് ബാഴ്സലോണ പ്രസിഡന്റ് ലപോർട്ട
ബാഴ്സലോണയും ലയണൽ മെസിയും തമ്മിൽ എന്തെങ്കിലും അസ്വാരസ്യങ്ങൾ നിലവിലുണ്ടെങ്കിൽ അത് മാറാനുള്ള സമയമടുത്തെന്ന സൂചനകൾ നൽകി താരത്തെ തിങ്കളാഴ്ച കാണുമെന്ന് ക്ലബിന്റെ പ്രസിഡന്റായ യോൻ ലപോർട്ട വെളിപ്പെടുത്തി. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിട്ട ലയണൽ മെസിക്ക് അർഹിക്കുന്ന ആദരവ് നൽകുന്നതിന്റെ ഭാഗമായി താരത്തോടു സംസാരിക്കുമെന്ന സൂചനകളും ലപോർട്ട നൽകി. പാരീസിൽ വെച്ചു നടക്കുന്ന ബാലൺ ഡി ഓർ ചടങ്ങിൽ വെച്ചാണ് മെസിയെ കാണുകയെന്നാണ് ലപോർട്ട പറയുന്നത്.
2021 സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ക്ലബിന്റെ എക്കാലത്തെയും മികച്ച താരമായ ലയണൽ മെസിയെ ബാഴ്സലോണക്കു കൈവിടേണ്ടി വന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോയതിനാൽ മെസിക്ക് പുതിയ കരാർ നൽകാൻ ബാഴ്സലോണയ്ക്ക് കഴിയാത്തതിനെ തുടർന്നാണ് താരം പിഎസ്ജിയിൽ എത്തിയത്. തങ്ങളുടെ ഇതിഹാസതാരത്തിന് ആദരവ് നൽകുന്നതിന്റെ ഭാഗമായി മെസിയുടെ പ്രതിമ ക്യാമ്പ് ന്യൂവിൽ സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനു പിന്നാലെയാണ് മെസിയെ കാണുമെന്നും ലപോർട്ട പറഞ്ഞത്.
“ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസിക്ക് അർഹിക്കുന്ന ആദരവ് നൽകാൻ ഞങ്ങൾ വേണ്ടതു ചെയ്യും. ഞങ്ങൾ ബാഴ്സലോണ ആരാധകരുടെ മനസിൽ താവുമുണ്ട്. ഈ ഞായറാഴ്ച ബാഴ്സലോണയിൽ മെസി അരങ്ങേറ്റം നടത്തിയതിന്റെ പതിനെട്ടാം വാർഷികമാണ്, ഞങ്ങൾ കാര്യമായി തന്നെ എന്തെങ്കിലും ചെയ്യും. താരത്തിന്റെ കരിയറിനെ കുറിച്ച് ഞങ്ങൾക്ക് എല്ലാമറിയാം.”
❗️Laporta: "We want to honor Leo Messi, the best player in history. I’ll see him in Paris on Monday." pic.twitter.com/qNDoGyy01o
— Barça Universal (@BarcaUniversal) October 14, 2022
“പാരീസിലെ ബാലൺ ഡി ഓർ ചടങ്ങിൽ വെച്ച് ഞാൻ മെസിയെ കാണും. നിലവിൽ പിഎസ്ജിയുടെ താരമായ അദ്ദേഹത്തിനു ഞങ്ങൾ അർഹിക്കുന്ന ബഹുമാനം നൽകേണ്ടതുണ്ട്. മെസിയുടെ പദവിയെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട്. ഇപ്പോഴും നിരവധി കാറ്റലൻസ് മെസിയുടെ ജേഴ്സിയണിയുന്നതു തുടരുന്നു.” ബാഴ്സ ടിവിയോട് സംസാരിക്കുമ്പോൾ ലപോർട്ട പറഞ്ഞു.
അതേസമയം മെസിയെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുമോയെന്ന കാര്യത്തിൽ ലപോർട്ട പ്രതികരണമൊന്നും നടത്തിയില്ല. നിലവിലെ ബാഴ്സലോണയുടെ അവസ്ഥ പരിഗണിക്കുമ്പോൾ മെസി തിരിച്ചു വരണമെന്ന് തന്നെയാവും ആരാധകർ ആഗ്രഹിക്കുന്നുണ്ടാവുക. ഈ സീസണോടെ മെസിയുടെ പിഎസ്ജി കരാർ അവസാനിക്കുമെന്നിരിക്കെ താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായി ഉയർന്നു വരുന്നുമുണ്ട്.