രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെതിരെ , കാലിയൂഷ്നി ആദ്യ ഇലവനിലുണ്ടാകുമോ..? |Kerala Blasters| ISL 2022-23
ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ നേരിടും.കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ പുറത്തെടുത്ത പ്രകടനം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ പരാജയപ്പെട്ടാണ് മോഹൻ ബഗാന്റെ വരവ്.
രണ്ടാം ഹോം മത്സരത്തിലെ മുഴുവൻ ടിക്കറ്റുകളും ഇതിനോടകം വിറ്റു തീർന്നിരിക്കുകയാണ്. ആരാധകരുടെ പിന്തുണ ബ്ലാസ്റ്റേഴ്‌സ് വിജയങ്ങളിൽ നിർണായക പങ്കാണ് വഹിക്കുന്നത്.നാളെ വൈകിട്ട് 7.30നാണു മത്സരത്തിനു കിക്കോഫ്.ആദ്യ മത്സരത്തിൽ 34978 പേരായിരുന്നു ജൻഹർലാൽ സ്റ്റേഡിയത്തിൽ കാണികളായുണ്ടായിരുന്നത്. ഐഎസ്എൽ ഔദ്യോഗിക വെബ്സ്റ്റാണ് ഈ കണക്ക് പുറത്തുവിട്ടത്. ആദ്യ മത്സരത്തിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ടീമിൽ വലിയ മാറ്റങ്ങൾ പരിശീലകൻ ഇവാൻ കൊണ്ട് വരാനുള്ള സാധ്യത കാണുന്നില്ല.
തന്റെ സ്വതസിദ്ധമായ ഫോർമേഷനിൽ വുകോമനോവിച്ച് മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കുറവാണ്. മധ്യനിര താരമായ ഇവാൻ കലിയുഷ്‌നിയെ കളത്തിലിറക്കാൻ മറ്റൊരു വിദേശതാരത്തെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ മുന്നേറ്റനിരയിൽ കളിക്കുന്ന ജിയാനു, ഡയമന്റക്കൊസ് എന്നീ താരങ്ങളിൽ ഒരാളെ മാത്രമേ ഒഴിവാക്കാൻ കഴിയുകയുള്ളൂ.അതുകൊണ്ട് യുക്രൈൻ താരത്തെ പകരക്കാരൻ തന്നെയായിട്ടാവും പരീക്ഷിക്കുക. ഉത്ഘാടന മത്സരത്തിൽ ഈ യുക്രൈൻ മിഡ്ഫീൽഡർ രണ്ട് മിന്നുന്ന ഗോളുകളാണ് നേടിയത്.
ഐഎസ്എല്ലിലെ പരിചയസമ്പത്തിന് പുറമെ ശാരീരികമായി മികവ് പുലർത്തുന്ന എടികെ ക്കെതിരെ കലിയുഷ്‌നിയെ പോലെയുള്ള താരത്തിന്റെ സാനിധ്യം ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുമെന്നുറപ്പാണ്.രണ്ട് ഓപ്‌ഷനുകളാണ് വുകോമനോവിച്ചിന് മുന്നിലുള്ളത്. ഒന്നുകിൽ കലിയുഷ്‌നിയെ ഒഴിവാക്കി കഴിഞ്ഞ മത്സരത്തിലെ ആദ്യ ഇലവനെ തന്നെ കളത്തിലിറക്കി മത്സരത്തിന്റെ ഗതി മനസിലാക്കി യുക്രൈൻ താരത്തെ പകരക്കാരനായി ഇറക്കുക. അതല്ലെങ്കിൽ മുന്നേറ്റ നിരയിൽ നിന്നും ഓസ്‌ട്രേലിയൻ ഗ്രീക്ക് ജോഡിയിൽ നിന്നും ഒരാളെ പിൻവലിച്ച് യുക്രൈൻ താരത്തെ ഇറക്കുക. ലൂണ -കലിയുഷ്‌നി ജോഡി ഒരുമിച്ച് കളത്തിലിറങ്ങിയത് എതിരാളികൾ കഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. ഈ സാഹചര്യങ്ങൾ എല്ലാം നിലനിൽക്കുമ്പോഴും ആദ്യ മത്സരത്തിലെ ഇലവനെ തന്നെ ഇവാൻ എടികെ ക്കെതിരെ ഇറക്കാനാണ് സാധ്യത കാണുന്നത്.
ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്.രണ്ടാം പകുതിക്ക് ശേഷമാണ് ഗോളുകളെല്ലാം പിറന്നത്. അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിനായി ആദ്യത്തെ ഗോൾ നേടിയപ്പോൾ രണ്ടു ഗോളുകൾ എൺപതാം മിനുട്ടിനു ശേഷം പകരക്കാരനായിറങ്ങിയ യുക്രൈൻ താരം ഇവാൻ കലിയുഷ്‌നിയുടെ വകയായിരുന്നു.മത്സരത്തിൽ പൂർണ ആധിപത്യമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്.