ഇപ്പോഴും ബാഴ്സ ആരാധകരിൽ പലരും മെസ്സിയുടെ ജേഴ്സിയാണ് ധരിക്കാറുള്ളത് : ലാപോർട്ട
കഴിഞ്ഞ സീസണിലായിരുന്നു ലിയോ മെസ്സിക്ക് അവിചാരിതമായി കൊണ്ട് ബാഴ്സ വിടേണ്ടിവന്നത്.കരഞ്ഞു കൊണ്ടായിരുന്നു മെസ്സി ബാഴ്സയോട് വിടപറഞ്ഞത്. ഇപ്പോൾ പിഎസ്ജിക്കൊപ്പം തന്റെ രണ്ടാമത്തെ സീസണാണ് മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോൾതന്നെ മെസ്സിയെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരങ്ങൾ വളരെയധികം നടക്കുന്നുണ്ട്. ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട തന്നെ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്നാൽ മെസ്സി ഇതേക്കുറിച്ച് ഒന്നുംതന്നെ ഇപ്പോൾ ചിന്തിക്കുന്നില്ല. അർജന്റീനക്കൊപ്പം വരുന്ന വേൾഡ് കപ്പിനെ കുറിച്ച് മാത്രമാണ് ലയണൽ മെസ്സിയുടെ ശ്രദ്ധയുള്ളത്.
കഴിഞ്ഞദിവസം ബാഴ്സ ടിവിയോട് സംസാരിക്കുന്ന വേളയിൽ മെസ്സിക്ക് ബാഴ്സ അർഹിച്ച ആദരങ്ങൾ നൽകുമെന്നുള്ള കാര്യം പ്രസിഡന്റായ ലാപോർട്ട പറഞ്ഞിരുന്നു. മാത്രമല്ല ഇപ്പോഴും ബാഴ്സ ആരാധകരിൽ പലരും മെസ്സിയുടെ ജേഴ്സിയാണ് ധരിക്കാറുള്ളതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ബാലൻ ഡി’ഓർ ചടങ്ങിൽ വെച്ച് മെസ്സിയുമായി സംസാരിക്കുമെന്നും ലാപോർട്ട അറിയിച്ചു.
‘ ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി.അദ്ദേഹത്തെ ഞങ്ങൾ ആദരിക്കുക തന്നെ ചെയ്യും. മെസ്സിയുടെ വിജയകരമായ കരിയറിനെ കുറിച്ച് ഞങ്ങൾക്ക് എല്ലാമറിയാം. നിലവിൽ അദ്ദേഹം പിഎസ്ജി താരമാണ്. പക്ഷേ ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ട്. അദ്ദേഹത്തെ ആദരിക്കുന്ന കാര്യത്തിൽ ഞങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. ഇപ്പോഴും പല ബാഴ്സ ആരാധകരും ലയണൽ മെസ്സിയുടെ ജേഴ്സിയാണ് ധരിക്കാറുള്ളത് ‘ ലാപോർട്ട പറഞ്ഞു.
Le bel hommage de Laporta à Messi https://t.co/lMrIKVkWVf
— Foot Mercato (@footmercato) October 14, 2022
ലയണൽ മെസ്സി ബാഴ്സ വിട്ടെങ്കിലും ബാഴ്സ ആരാധകർ ഒരിക്കലും തന്നെ മെസ്സിയെ വിട്ടിട്ടില്ല.എല്ലാ ബാഴ്സ ആരാധകരും ഇപ്പോഴും മെസ്സിയെ വളരെയധികം സ്നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്. ഒരിക്കൽ കൂടി മെസ്സിയെ ബാഴ്സ ജേഴ്സിയിൽ കാണാമെന്നുള്ള പ്രതീക്ഷയിലാണ് ഈ ആരാധകർ എല്ലാവരുമുള്ളത്.