മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്താൻ സാധ്യതയില്ല : കാരണങ്ങൾ വിശദീകരിച്ച് ബലാഗ്

ലയണൽ മെസ്സിയുടെ കരാർ ഈ സീസണിന്റെ അന്ത്യത്തിൽ അവസാനിക്കും. രണ്ടുവർഷത്തെ കരാറിലായിരുന്നു മെസ്സി ഒപ്പുവെച്ചിരുന്നത്. ഈ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ മെസ്സിയുടെ മുന്നിൽ ഉണ്ടെങ്കിലും അത് അദ്ദേഹം ഉപയോഗപ്പെടുത്തിയിട്ടില്ല.

അതേസമയം മെസ്സിയുടെ മുൻ ക്ലബ്ബായ ബാഴ്സലോണക്ക് മെസ്സിയെ തിരികെ എത്തിക്കാൻ താല്പര്യമുണ്ട്.ഈയിടെ മെസ്സിയെ ആദരിക്കുമെന്നുള്ള കാര്യം ലാപോർട്ട അറിയിച്ചിരുന്നു. മാത്രമല്ല ക്യാമ്പ് നൗവിന് പുറത്ത് മെസ്സിയുടെ പ്രതിമ സ്ഥാപിക്കുമെന്നും ബാഴ്സ സ്ഥിരീകരിച്ചിട്ടുണ്ട്. മെസ്സി അടുത്ത സീസണിൽ ബാഴ്സയിലേക്ക് മടങ്ങിയെത്തി കരിയറിന്റെ അവസാനം വരെ ബാഴ്സയിൽ കളിച്ച് വിരമിക്കണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

എന്നാൽ പ്രമുഖ സ്പാനിഷ് ഫുട്ബോൾ നിരീക്ഷകനായ ഗില്ലം ബലാഗ് ഈ വിഷയത്തിൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് മെസ്സി അടുത്ത സീസണിൽ ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതിനേക്കാൾ കൂടുതൽ സാധ്യത പിഎസ്ജിയിൽ തുടരാനാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. അതിനുള്ള കാരണമായി കൊണ്ട് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് മെസ്സി പിഎസ്ജിയിൽ ഹാപ്പിയാണ് എന്നുള്ളതാണ്.

‘ നിലവിൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം അദ്ദേഹം ഇപ്പോൾ ഈ ക്ലബ്ബിൽ വളരെയധികം ഹാപ്പിയാണ്. മാത്രമല്ല നല്ല പ്രകടനവും പുറത്തെടുക്കാൻ മെസ്സിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. മാത്രമല്ല വേൾഡ് കപ്പിന് ശേഷമായിരിക്കും അദ്ദേഹം തീരുമാനം എടുക്കുക. അദ്ദേഹത്തിന് എത്ര കാലം ക്ലബ്ബിൽ തുടരണമോ അത്രയും കാലം തുടരാനുള്ള അവസരം പിഎസ്ജി നൽകിയേക്കും.ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതിനേക്കാൾ കൂടുതൽ,അല്ലെങ്കിൽ ഇന്റർ മിയാമിയിലേക്ക് പോകുന്നതിനേക്കാൾ കൂടുതൽ നിലവിൽ മെസ്സി പിഎസ്ജിയിൽ തന്നെ തുടരുന്നതിനാണ് ഏറ്റവും കൂടുതൽ സാധ്യതകൾ അവശേഷിക്കുന്നത് ‘ ബലാഗ് പറഞ്ഞു.

ഏതായാലും ലിയോ മെസ്സിയുടെ മനസ്സും തീരുമാനവും അദ്ദേഹത്തിന് മാത്രമേ അറിയൂ. നിലവിൽ ഖത്തർ വേൾഡ് കപ്പിനെ കുറിച്ച് മാത്രമാണ് മെസ്സി ചിന്തിക്കുന്നത്.ഒരുപക്ഷേ വേൾഡ് കപ്പ് റിസൾട്ടും അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

Rate this post