എൽ ക്ലാസ്സിക്കോയിലെ രാജാവ് മെസ്സി തന്നെ,വിടവറിഞ്ഞ് ബാഴ്സ

ഇന്നലെ ലാലിഗയിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്സ ഈ ലാലിഗയിലെ ആദ്യ എൽ ക്ലാസിക്കോ മത്സരത്തിൽ പരാജയപ്പെട്ടത്. റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിലായിരുന്നു ഈ മത്സരം നടന്നിരുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപാട് മികച്ച താരങ്ങളെ ടീമിൽ എത്തിച്ചുവെങ്കിലും അതിനുള്ള ഒരു തക്കതായ ഗുണം ഇപ്പോൾ ബാഴ്സക്ക് ലഭിക്കുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.യുവേഫ ചാമ്പ്യൻസ് ലീഗിലെ ദയനീയമായ പ്രകടനം അതിനുള്ള ഉദാഹരണമാണ്. ലാലിഗയിൽ സ്ഥിരതയാർന്ന പ്രകടനം ഇതുവരെ കാഴ്ചവെച്ചിരുന്നുവെങ്കിലും ആദ്യ തോൽവി റയലിനോട് ബാഴ്സക്ക് വഴങ്ങേണ്ടി വരികയായിരുന്നു.

സാന്റിയാഗോ ബെർണാബുവിൽ ഒട്ടേറെ തവണ ബാഴ്സക്ക് വേണ്ടി ചരിത്രം രചിച്ചിട്ടുള്ള ലയണൽ മെസ്സിയുടെ അഭാവം ഇപ്പോഴും ബാഴ്സ അനുഭവിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ അത് തെറ്റാവുമെന്ന് തോന്നുന്നില്ല. മെസ്സിയെപ്പോലെ മുന്നിൽ നിന്ന് നയിക്കുന്ന,എല്ലാം നിയന്ത്രിക്കുന്ന ഒരു താരത്തിന്റെ അഭാവമാണ് ഇപ്പോൾ ബാഴ്സയെ അലട്ടുന്നത്. മെസ്സി ബാഴ്സക്ക് ആരായിരുന്നു എന്നറിയാൻ എൽ ക്ലാസിക്കോയിലെ കണക്കുകൾ മാത്രം പരിശോധിച്ചാൽ മതി. അത്രയേറെ എൽ ക്ലാസിക്കോ റെക്കോർഡുകളാണ് ലയണൽ മെസ്സിയുടെ പേരിലുള്ളത്.

എൽ ക്ലാസ്സിക്കോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരം ലയണൽ മെസ്സിയാണ്. 26 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.14 അസിസ്റ്റുകൾ നേടിയിട്ടുള്ള മെസ്സി തന്നെയാണ് എൽ ക്ലാസിക്കോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരം.രണ്ട് ഹാട്രിക്കുകൾ മെസ്സി റയലിനെതിരെ കരസ്ഥമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും മെസ്സി തന്നെയാണ് ഒന്നാമൻ.ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകളും ഏറ്റവും കൂടുതൽ പെനാൽറ്റി ഗോളുകളും നേടിയ താരവും മെസ്സി തന്നെയാണ്. രണ്ട് ഫ്രീകിക്ക് ഗോളുകളും 6 പെനാൽറ്റി ഗോളുകളുമാണ് മെസ്സി റയലിനെതിരെ നേടിയിട്ടുള്ളത്.

ബോക്സിന് പുറത്തുനിന്നും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മെസ്സിയാണ്.മൂന്ന് ഗോളുകളാണ് ഇങ്ങനെ മെസ്സിയുടെ പേരിലുള്ളത്.എൽ ക്ലാസിക്കോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും മെസ്സിയാണ്. ഇതിനൊക്കെ പുറമേ ബാഴ്സ ആരാധകരെ ആവേശത്തിലാഴ്ത്തിയ എത്രയോ നിമിഷങ്ങൾ മെസ്സി സമ്മാനിച്ചിട്ടുണ്ട്.റയലിനെ വീഴ്ത്തിയ സുന്ദരമായ ഗോളും അതിനുശേഷമുള്ള ജേഴ്സി സെലിബ്രേഷനുമൊക്കെ ബാഴ്സ ആരാധകർക്ക് ഇന്നും മധുരമുള്ള ഓർമ്മയാണ്. ലയണൽ മെസ്സിയുടെ അഭാവം ബാഴ്സ അനുഭവിക്കുന്നുണ്ട് എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്.

Rate this post