പ്രതിസന്ധികളെ പടവെട്ടി തോൽപ്പിച്ച ഫ്രഞ്ച് പോരാളി : കരീം ബെൻസിമ|Karim Benzema

ഇന്നലെ പാരീസിലെ തിയേറ്റർ ഡു ചാറ്റ്‌ലെറ്റിൽ 2022 ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ അവാർഡ് പ്രഖ്യാപിക്കുമ്പോൾ അത് ആർക്ക് ലഭിക്കും എന്ന കാര്യത്തിൽ ആർക്കും ഒരു സംശയം ഉണ്ടായിരുന്നില്ല. കാരണം കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ കരീം ബെൻസിമ നേടിയ നേട്ടങ്ങൾക്ക് അടുത്തെത്താൻ പോലും ഒരു താരത്തിന് സാധിച്ചിരുന്നില്ല. യുവേഫ ചാമ്പ്യൻസ് ലീഗ് ,സ്പാനിഷ് ല ലിഗ കിരീടം , ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ , ല ലീഗ്‌ ടോപ് സ്‌കോറർ ഫ്രാൻസിനൊപ്പം നേഷൻസ് ലീഗ് എന്നിവയായിരുന്നു ഫ്രഞ്ച് താരത്തിന്റെ പ്രധാന നേട്ടങ്ങൾ.

തന്റെ റയൽ മാഡ്രിഡ് കരിയറിൽ സൂപ്പർ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലൂക്ക മോഡ്രിച്ചും ബാലൺ ഡി ഓർ സ്വന്തമാക്കിയപ്പോൾ ദൂരെ നിന്നും കയ്യടിക്കുന്ന ബെൻസിമയെ നാം പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ തന്റെ കുട്ടികാലം മുതലുള്ള സ്വപ്നങ്ങളിൽ ഒന്നായ അഭിമാന പുരസ്‌കാരം ഒരു നാൾ തനിക്ക് സ്വന്തമാക്കാൻ സാധിക്കും എന്ന ഉറച്ച വിശ്വാസം 34 കാരന് ഉണ്ടായിരുന്നു. വലിയ പ്രതിസന്ധികൾ തന്റെ കരിയറിൽ വന്നെങ്കിലും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അതിനു വേണ്ടിയുള്ള കഠിന പരിശ്രമത്തിലായിരുന്നു ബെൻസിമ. ക്ലബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും എത്ര മികച്ച പ്രകടനം പുറത്തെടുത്തലും പലരുടെയും നിഴലായി നിൽക്കാനായിരുന്നു കഴിഞ്ഞ കുറച്ചു വർഷങ്ങൾ വരെ ബെൻസിമയുടെ യോഗം.

എന്നാൽ തനിക്ക് പലരും സ്വന്തമാക്കണം എന്ന ദൃഢ നിശ്ചയം അദ്ദേഹത്തെ ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് എത്തിച്ചു.ആധുനിക ഫുട്ബോൾ ലോകത്തിലെ ഏറ്റവും നിർഭാഗ്യരായ കളിക്കാരുടെ കണക്കെടുത്താൽ അതിൽ ഏറ്റവും മുകളിൽ തന്നെ കരീം ബെൻസേമയെ കാണാൻ സാധിക്കുമായിരുന്നു. 2016ൽ യൂറോ കപ്പ് ഫൈനലിൽ ഫ്രാൻസ് പൊരുതി വീഴുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന കരീം ബെൻസേമ. കായിക ലോകത്തിലെ മാമാങ്കമായ ലോകകപ്പ് വേദിയിൽ റൊണാൾഡോയും മെസ്സിയും അടക്കമുള്ളവർ പൊരുതി വീഴുമ്പോൾ സ്വന്തം ടീം കപ്പുയർത്തുന്നത് ദൂരെ മാറി നിന്ന് കാണേണ്ടി വന്ന കരീം ബെൻസേമ.

1987 ഡിസംബർ 19ന് അൾജീരിയയിൽ നിന്നും ഫ്രാൻസിലെ ലിയോണിലേക് കുടിയേറിപാർത്ത ഹാഫിദിൻ്റെയും വാഹിദയുടെയും ഒമ്പത് മക്കളിൽ ആറാമനായാണ് കരീമിൻ്റെ ജനനം. ലിയോണിലെ കുപ്രസിദ്ധമായ ബ്രോൺ പ്രവിശ്യയിൽ വളർന്ന കരീം കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വീണ് പോവാനുള്ള സാധ്യത വലുതായിരുന്നു. എന്നാൽ കുടിയേറ്റജീവിതത്തിൻ്റെ കാഠിന്യം പന്ത് തട്ടി മറക്കാൻ പഠിച്ച കരീം ഇന്ന് കാൽപന്ത്ലോകത്തെ ഏറ്റവും മികച്ചവൻ ആയിരിക്കുന്നു. കരിം ബെൻസേമ ഒരിക്കലും ഒരു കൺവെൻഷണൽ സ്ട്രൈക്കർ അല്ല. ഗോൾ നേടാൻ അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കാൻ അയാൾ തയാറല്ല, അവ സ്വയം ഉണ്ടാക്കിയെടുക്കാനാണ് അയാൾക്ക് താല്പര്യം. കരീമിനെ പോലെ കളിയുടെ ഗതി മനസിലാക്കാനും നിയന്ത്രിക്കാനും കഴിയുന്ന സ്ട്രൈക്കർമാർ ലോക ഫുട്ബോളിൽ അപൂർവമാണ്.

കരിയറിലെ സുവർണ കാലഘട്ടം ക്രിസ്ത്യാനോ റൊണാൾഡോ എന്ന മഹാമേരുവിന്റെ മറവിൽ കളിച്ചു തീർക്കാൻ വിധിക്കപ്പെട്ട താരമാണ് ബെൻസേമ. തിരിച്ചടികളും തള്ളിപ്പറയലുകളും അതിജീവിച്ച കരീം ബെൻസേമ; റൊണാൾഡോയുടെ പ്രഭാവത്തിൽ മറഞ്ഞു നിൽക്കുമ്പോൾ തന്നെ ഫോമിൽ വന്ന തളർച്ചയുടെ പേരിൽ ആരാധകരുടെ വരെ അപ്രീതി ഏറ്റുവാങ്ങേണ്ടി വന്ന ബെൻസേമയിൽ നിന്ന്, കഴിഞ്ഞ മൂന്നു സീസണുകളിൽ റയൽ അക്രമണനിരയെ ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോകുന്ന, ഹിയേറോയുടെയും റാമോസിന്റെയും നാലാം നമ്പറും, റൗളിന്റെയും റൊണാൾഡോയുടെയും ഏഴാം നമ്പറും കൊടികളായി ഉയർത്തുന്ന സാന്റിയാഗോ ബെർണബ്യുവിലെ ഗോൾ പോസ്റ്റിന് പുറകിലെ വെള്ളകടൽ ഇപ്പോൾ അവയ്ക്കൊപ്പം തന്നെ ഉയർത്തി പിടിക്കുന്ന ഒമ്പതാം നമ്പറിന്റെ ഉടമയായ ബെൻസേമയിലേക്ക്, അയാൾ താണ്ടിയ ദൂരം എത്രത്തോളം ദുർഘടമായിരുന്നു എന്ന് സങ്കല്പിക്കാൻ പോലും പ്രയാസമാണ്.

മികച്ച ഫോമിൽ നിൽക്കുമ്പോഴും പരിശീലകൻ ദെഷാമ്സിന്റെ കണ്ണിൽ ബെൻസേമ രാജ്യത്തിനു വേണ്ടി കളിക്കാൻ യോഗ്യതയില്ലാത്തവനായിരുന്നു. ഫ്രാൻസിലെ വർഗ-വർണ്ണവെറി നിറഞ്ഞ ഒരു കൂട്ടം ആരാധകരും ബെൻസേമക്കെതിരെ നിലകൊണ്ടു. ഗോളടിക്കുമ്പോൾ ഞാൻ ഫ്രഞ്ച്കാരനും അല്ലാത്തപ്പോൾ ഞാൻ അറബിയുമാകുന്നു എന്ന് പറഞ്ഞ ബെൻസേമയിൽ പൈതൃകത്തിന്റെ പേരിൽ സ്വന്തം ആരാധകരിൽ നിന്ന് ഏറ്റുവാങ്ങിയ മുറിവുകൾ ഇന്നും നീറി നിൽക്കുന്നുണ്ട്.ദേശീയ ടീമിൽ തിരിച്ചെത്തി ഒരുകൊല്ലം തികയും മുമ്പേ തന്നെ യൂറോ കപ്പിലെ ബ്രോൺസ് ബൂട്ട് നേടിയും, നേഷൻസ് ലീഗ് കിരീടം ഫ്രാൻസിലെത്തിച്ചും കൊണ്ട് ടീമിലെ അവിഭാജ്യഘടകമായി ബെൻസേമ മാറിയിരിക്കുന്നു.

ഫ്രഞ്ച് ഫുട്ബോളിൽ ഇതിഹാസ താരം സിനദിൻ സിദാൻ തുടങ്ങിവെച്ച കുടിയേറ്റ വിപ്ലവം ഫ്രാൻസിൽ കരീം ബെൻസീമയിലൂടെ മുന്നോട്ട് പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഫ്രാൻസിന്റെ പേര് റെക്കോർഡ് ബുക്കുകളിൽ എഴുതിച്ചേർത്തത്തിൽ അൾജീരിയയിൽ നിന്നും മറ്റു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കുടിയേറിയവർക്ക് വലിയ പങ്കുണ്ട്.1998 ലെ വേൾഡ് കപ്പ് ജയത്തോടെയാണ് ഫുട്ബോൾ താരങ്ങളായ കുടിയേറ്റക്കാരെകുറിച്ച ഫ്രാൻസിൽ കൂടുതൽ ചർച്ചകൾ വന്നത്. ഉദാഹരണമായി അൾജീരിയൻ (കാബിൽ) വംശജനായ സിനദിൻ സിദാൻ ഫ്രാൻസിലെ മാഴ്‌സെയിൽ ആണ് ജനിച്ചതെങ്കിലും സിഡാനെ ഫ്രഞ്ച് ജനസംഖ്യയിൽ ഭൂരിഭാഗവും “വിദേശി” ആയിട്ടാണ് കാണുന്നത്. എന്നിരുന്നാലും, 1998 ലെ ഫൈനലിലെ അദ്ദേഹത്തിന്റെ അവിസ്മരണീയ പ്രകടനത്തിന് ശേഷം, ഫ്രാൻസിലെ വിദേശികളെയും കുടിയേറ്റക്കാരെയും കുറിച്ചുള്ള സാംസ്കാരിക വിപ്ലവത്തിന്റെ അടയാളമായി ആളുകൾ ഫുട്ബോൾ ടീമിനെ കാണാൻ തുടങ്ങി.

ഈ വിപ്ലവത്തിന്റെ ഐക്കൺ ടീമിന്റെ സെന്റർ-മിഡ്ഫീൽഡർ സിനെഡിൻ സിഡാനെ ആയിരുന്നു. ലോകകപ്പ് ഫൈനലിൽ ബ്രസീലിയൻ ടീമിനെതിരെ രണ്ട് ഹെഡ്ഡർ ഗോളുകൾ നേടിയ സിദാനെ “ ഫ്രാൻസിന്റെ പതാകവാഹകൻ” വിളിക്കപ്പെട്ടു. ലോകകപ്പ് ട്രോഫി ചുംബിക്കുകയും ഫ്രഞ്ച് ദേശീയ ഗാനം ആലപിക്കുകയും കരയുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ, പിന്നീട് ദിവസങ്ങളോളം ഫ്രഞ്ച് മാധ്യമങ്ങൾ റീപ്ലേ ചെയ്യുകയും ഒരു ഫ്രഞ്ച് ദേശീയ നായകനായി സിദാനെ സ്ഥിരമായി അവരോധിക്കുകയും ചെയ്തു. ഈ അർത്ഥത്തിൽ, സിഡാനെ ഫ്രാൻസിലെ കുടിയേറ്റത്തിന്റെ പ്രതിനിധിയാണെന്നും അദ്ദേഹത്തിന്റെ വീരപദവി കാരണം ഫ്രഞ്ച് സമൂഹത്തിൽ കുടിയേറ്റകാർക്ക് മാന്യത കൈവരികയും ചെയ്തു.

എന്നാൽ ഫ്രഞ്ച് ഫുട്ബോൾ തീത്തും അവഗണിച്ചു പോയ കുടിയേറ്റ വംശജനാണ് അൾജീരിയൻ വംശജനായ കരീം ബെൻസേമ എന്ന് പറയേണ്ടി വരും. എന്നാൽ ബാലൺ ഡി ഓർ പുരസ്‌കാര നേട്ടത്തോടെ 34 കാരൻ ഫ്രഞ്ച് ഫുട്ബോളിന്റെ മഹിമ ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്തിരിക്കുകയാണ്.റിയൽ മാഡ്രിഡിനൊപ്പം കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി മികച്ച ഗോൾ സ്കോററും ക്രിയേറ്റീവ് ഫോർവേഡുമായി ലോക ഫുട്‌ബോളിലെ സൂപ്പർ താര ലേബലിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി തിളങ്ങുന്ന ബെൻസേമയെ തന്റെ 26ആം വയസ്സിൽ സെ ക്സ് ടാപ് ബ്ലാക്ക്മെയിൽ അച്ചടക്ക ലംഘനത്തിന്റെ പേരിൽ ആയിരുന്നു ഫ്രാൻസ് ഫുട്‌ബോൾ വിലക്കിയത്. എന്നാൽ ഫ്രാൻസിൽ ഇപ്പോഴും കുടിയേറ്റക്കാരായ ഫുട്ബോൾ താരങ്ങൾ നേരിടുന്ന അവഗണനയുടെ ഇരയാണ് ബെൻസിമ എന്ന് പലരും വിമർശിച്ചിരുന്നു.

വിലക്ക് നേരിട്ടില്ലായിരുന്നെങ്കിൽ ഫ്രാൻസ് ദേശീയ ടീമിലെ എല്ലാ ഗോൾ റെക്കോർഡുകളും ആ കാൽ കീഴിൽ ഇരുന്നേനെ.എന്നാൽ കഠിനാധ്വാനവും അർപ്പണബോധവും കൈവിടാതെ പൊരുതിയ താരം തന്നെ പുച്ചിച്ചവർക്കും അവഗണിച്ചവർക്കു മുന്നിലൂടെ തലയുർത്തി പിടിച്ചാണ് നടന്നു നീങ്ങുന്നത്.പല ആളുകൾക്കും പ്രകടനത്തിലൂടെയും ഗോളുകളിലൂടെയും മറുപടി നൽകുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് 34 കാരൻ മുന്നോട്ട് കുതിക്കുന്നത്.ഖത്തർ വേൾഡ് കപ്പിൽ ബെൻസിമയുടെ ഗോളുകളിലൂടെ ഫ്രാൻസ് കിരീടം കൂടുമോ എന്ന് കണ്ടറിയാൻ മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. നിർഭാഗ്യം മൂലം നഷ്ടപ്പെട്ടുപോയ നേട്ടങ്ങൾ ഓരോന്നായി പിടിച്ചെടുക്കാനുള്ള ബാല്യം ഇനിയും ബാക്കിയുള്ള കരീമിന് അത് സാധിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.

Rate this post