മുപ്പത്തിയഞ്ചിലും പതിവുതെറ്റിക്കാതെ ക്രിസ്റ്റ്യാനോ,ഈ വർഷത്തെ ഗോൾ വേട്ടയിൽ ഒന്നാം സ്ഥാനത്തെത്തി.
പ്രായമൊന്നും തനിക്കൊരു പ്രശ്നവുമല്ലെന്ന് ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ജൈത്രയാത്ര തുടരുകയാണ്. കോവിഡ് മുക്തനായ ശേഷം പകരക്കാരന്റെ രൂപത്തിൽ കളത്തിലിറങ്ങിയ റൊണാൾഡോ രണ്ട് ഗോളുകളാണ് സ്പെസിയയുടെ വലയിൽ അടിച്ചു കയറ്റിയത്. യാതൊന്നും തന്നെ ഗോളടിമികവിനെയോ പ്രതിഭാപാടവത്തേയോ തളർത്തുകയില്ലെന്ന് ഒരിക്കൽ റൊണാൾഡോ ആരാധകർക്ക് കാണിച്ചു കൊടുത്തു.
സ്പെസിയക്കെതിരെ ഇരട്ടഗോൾ കണ്ടെത്തിയതോടെ ഈ വർഷത്തെ ഗോളടി വേട്ടയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഈ സൂപ്പർ താരം. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന പട്ടികയിലാണ് റൊണാൾഡോ ഒന്നാം സ്ഥാനത്ത് എത്തിയത്. ഈ വർഷം 22 സിരി എ മത്സരങ്ങളിൽ നിന്ന് 26 ഗോളുകളാണ് ഈ സൂപ്പർ താരം നേടിയത്. ടോപ് ഫൈവ് ലീഗുകളിൽ ഇത്രയും ഗോളുകൾ നേടിയ ഒരു താരവും ഈ വർഷമില്ല.
Cristiano Ronaldo 🇵🇹 (26 goals) becomes the top scorer in the 5 leagues in 2020 ahead of Robert Lewandowski 🇵🇱 (25 goals). 🔥#SpeziaJuve #Ronaldo pic.twitter.com/BquOfLklFv
— RouteOneFootball (@Route1futbol) November 1, 2020
ഈ വർഷം ജനുവരി ആറിന് കാഗ്ലിയാരിക്കെതിരെ ഹാട്രിക് നേടികൊണ്ടാണ് റൊണാൾഡോ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. തുടർന്ന് കഴിഞ്ഞ സീസണിൽ പതിനെട്ടു ഗോളുകൾ നേടി. ഈ സീസണിലും റൊണാൾഡോയുടെ ഗോൾവേട്ടക്ക് ക്ഷീണം സംഭവിച്ചിട്ടില്ല. കളിച്ച മൂന്ന് മത്സരങ്ങളിലും റൊണാൾഡോ ഗോൾ നേടികഴിഞ്ഞു. സാംപഡോറിയ, റോമ, സ്പെസിയ എന്നിവരായിരുന്നു റൊണാൾഡോയുടെ ഇരകൾ.
അതേസമയം റോബർട്ട് ലെവന്റോസ്ക്കിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 19 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ താരം നേടികഴിഞ്ഞു. ഇമ്മൊബിലെ (22), കപുട്ടോ (18), ഹാലണ്ട് (18), സലാഹ് (17), ഇബ്രാഹിമോവിച്ച് (17) എന്നിവർ പിറകിലുണ്ട്. സൂപ്പർ താരം ലയണൽ മെസ്സി ഈ വർഷം പതിമൂന്ന് ഗോളുകൾ മാത്രമാണ് നേടിയത്.