മെസ്സിയെ ടീമിലെത്തിച്ച പിഎസ്ജിക്കെതിരെ കോടതിയിൽ പരാതി നൽകി ഒരു കൂട്ടം ബാഴ്സ ആരാധകർ!

2021 ഓഗസ്റ്റ് മാസത്തിലായിരുന്നു ലയണൽ മെസ്സിക്ക് സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബാഴ്സ വിട്ട് പുറത്തേക്ക് പോവേണ്ടി വന്നത്. മെസ്സിയുടെ കരാർ പുതുക്കാൻ ബാഴ്സക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ തടസ്സം നിൽക്കുകയായിരുന്നു. പിന്നീട് ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് പോവുകയും ചെയ്തു.

പിഎസ്ജിയിലെ ആദ്യ സീസൺ മെസ്സിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. മെസ്സിക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ ഈ സീസണിൽ മെസ്സി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.പിഎസ്ജിക്ക് വേണ്ടി എട്ടു ഗോളുകളും എട്ട് അസിസ്റ്റുകളും നേടാൻ മെസ്സിക്ക് ഈ സീസണിൽ കഴിഞ്ഞിട്ടുണ്ട്.

ലയണൽ മെസ്സിയെ മുൻ ക്ലബ് ആയ ബാഴ്സ തിരികെ എത്തിക്കും എന്ന കിംവദന്തികൾ പ്രചരിക്കുന്നതിനിടയിൽ മറ്റൊരു റിപ്പോർട്ട് കൂടി മാർക്ക പുറത്തു വിട്ടിട്ടുണ്ട്.അതായത് ഒരു കൂട്ടം ബാഴ്സ ആരാധകർ ഇപ്പോൾ ലക്സംബർഗിൽ ഉള്ള യൂറോപ്യൻ കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെ പിഎസ്ജി സൈൻ ചെയ്തത് നിയമവിരുദ്ധമായാണ് എന്നാണ് ഈ ബാഴ്സ ആരാധകർ പരാതിയിൽ പറഞ്ഞിട്ടുള്ളത്.

പിഎസ്ജിയുടെ സാമ്പത്തിക ഇടപാടുകൾക്കെതിരെയാണ് ആരാധകർ പരാതി നൽകിയിട്ടുള്ളത്.അതായത് രണ്ടുവർഷത്തെ കരാറിനോടൊപ്പം ഒരു വർഷത്തെ ഓപ്ഷനും മെസ്സിക്ക് മുന്നിലുണ്ട്. ഈ മൂന്നുവർഷത്തെ കരാറിനായി 94 മില്യൻ പൗണ്ട് ആണ് പിഎസ്ജി ചിലവഴിച്ചിട്ടുള്ളത്. എന്നാൽ ഈ തുക പിഎസ്ജിയുടെ യഥാർത്ഥ വരുമാനം അല്ലെന്നും മറിച്ച് ഖത്തർ ഉടമകൾ നിക്ഷേപിച്ചതാണ് എന്നുമാണ് ബാഴ്സ ആരാധകർ ഉന്നയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ഫിനാൻഷ്യൽ ഫെയർ പ്ലേക്ക് എതിരാണെന്നും മെസ്സിയുടെ ട്രാൻസ്ഫർ അസാധുവാണ് എന്നുമാണ് ബാഴ്സ ആരാധകരുടെ ആരോപണം.

ഈ പരാതി ഇപ്പോൾ കോടതി പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. ഒരു രണ്ടു മാസത്തിനുള്ളിൽ തന്നെ ഇതിന്റെ തീർപ്പ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാൻ ഇനി കേവലം മാസങ്ങൾ മാത്രം അവശേഷിക്കാൻ ഒരു കൂട്ടം ബാഴ്സ ആരാധകർ ഈ പരാതി നൽകാൻ ഉണ്ടായ ചേതോവികാരം എന്താണ് എന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല.

Rate this post