’20 വർഷം മുമ്പ് കളിക്കാൻ തുടങ്ങിയപ്പോഴുള്ള അതേ ബഹുമാനമാണ് സഹ താരങ്ങളോടുള്ളത്’: ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഓൾഡ് ട്രാഫൊഡിൽ ടോട്ടൻഹാമിനെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. എന്നാൽ വിജയത്തേക്കാൾ വാർത്തകളിൽ നിന്നും നിറഞ്ഞു നിന്നത് മത്സരത്തിൽ കളിക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു.

റൊണാൾഡോ ടോട്ടൻഹാം ഹോട്‌സ്പറിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവന്റെ ഭാഗമായിരുന്നില്ല. കളിയിലുടനീളം പകരക്കാരനായി പോലും അദ്ദേഹത്തെ പരിശീലകൻ ടെൻ ഹാഗ് കളത്തിലിറക്കിയില്ല. ഇത് 37 കാരനെ നിരാശനാക്കുകയും അവസാന വിസിൽ മുഴങ്ങുന്നതിന് മുമ്പുതന്നെ ഓൾഡ് ട്രാഫോഡിലെ എക്സിറ്റ് ടണലിലൂടെ ഇറങ്ങി പോവുകയും ചെയ്തു.മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ മൈതാനത്ത് തങ്ങളുടെ മികച്ച വിജയം ആഘോഷിക്കുമ്പോൾ റൊണാൾഡോയുടെ പ്രവർത്തികൾ വലിയ വിമർശനങ്ങൾക്ക് വഴി വെക്കുകയും ചെയ്തു.

ഇതിന്റെ ശിക്ഷയെന്നോണം ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ നിന്നും റൊണാൾഡോയെ ഒഴിവാക്കിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.”ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ ശനിയാഴ്ച ചെൽസിക്കെതിരായ പ്രീമിയർ ലീഗ് മത്സരത്തിനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ ഭാഗമാകില്ല. ബാക്കിയുള്ളവർ ആ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,” ക്ലബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിമർശനങ്ങൾ ഉയർന്നതോടെ റൊണാൾഡോ ഒടുവിൽ ഈ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ്. തന്റെ സഹതാരങ്ങളോടും പരിശീലകരോടും ഇപ്പോഴും ബഹുമാനം കാണിക്കാറുണ്ട് . 20 വർഷം മുമ്പ് കളിക്കാൻ തുടങ്ങിയപ്പോഴുള്ള അതേ ബഹുമാനമാണ് ഇപ്പോഴുമുള്ളതെന്ന് അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് പറഞ്ഞു.

“എന്റെ കരിയറിൽ ഞാൻ എപ്പോഴും ചെയ്തിട്ടുള്ളതുപോലെ, എന്റെ സഹപ്രവർത്തകരോടും എതിരാളികളോടും പരിശീലകരോടും ബഹുമാനത്തോടെ ജീവിക്കാനും കളിക്കാനും ഞാൻ ശ്രമിക്കുന്നു. അത് മാറിയിട്ടില്ല, ഞാൻ മാറിയിട്ടില്ല. ഞാൻ കഴിഞ്ഞ 20 വർഷമായി എലൈറ്റ് ഫുട്ബോൾ കളിക്കുന്നു, എന്റെ തീരുമാനമെടുക്കൽ പ്രക്രിയയിൽ ബഹുമാനം എല്ലായ്പ്പോഴും വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്” റൊണാൾഡോ പറഞ്ഞു.

“ഞാൻ പ്രതിനിധീകരിച്ച എല്ലാ ടീമുകളിലും വളർന്ന യുവാക്കൾക്ക് മാതൃകയാക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചു. നിർഭാഗ്യവശാൽ അത് എല്ലായ്പ്പോഴും സാധ്യമല്ല.എനിക്ക് കാരിംഗ്ടണിൽ കഠിനാധ്വാനം ചെയ്യണം, എന്റെ ടീമംഗങ്ങളെ പിന്തുണയ്ക്കണം, ഏത് ഗെയിമിലും എല്ലാത്തിനും തയ്യാറായിരിക്കണം. സമ്മർദ്ദത്തിന് വഴങ്ങുക എന്നത് ഒരു ഓപ്ഷനല്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം, താമസിയാതെ നമ്മൾ വീണ്ടും ഒന്നിക്കും,” റൊണാൾഡോ കൂട്ടിച്ചേർത്തു

Rate this post