ക്രിസ്റ്റ്യാനോ റൊണാൾഡോയെ ജനുവരിയിൽ ഒഴിവാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് |Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ബന്ധത്തിന് സന്തോഷകരമായ അന്ത്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബും താരവും. കഴിഞ്ഞവർഷം യുവന്റസിൽ നിന്നും റൊണാൾഡോയെ ഓൾഡ് ട്രാഫൊഡിലേക്ക് കൊണ്ട് വന്നത് പല പദ്ധതികളുടെയും ഭാഗമായിട്ടായിരുന്നു. 37 കാരനെ മുൻനിർത്തി യുണൈറ്റഡ് പല പ്രോജക്റ്റുകളും ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു, എന്നാൽ അതൊന്നും ഫലപ്രാപ്തിയിൽ എത്തിയില്ല.

റൊണാൾഡോ തന്റെ മിന്നുന്ന കരിയർ ആത്യന്തിക ഉയരത്തിൽ അവസാനിപ്പിക്കുക എന്ന ലക്‌ഷ്യം വെച്ചാണ് ഓൾഡ് ട്രാഫൊഡിലെത്തിയത്. എന്നാൽ റൊണാൾഡോയുടെ തിരിച്ചുവരവ് മൊത്തത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് യുണൈറ്റഡിന് ഉണ്ടാക്കിയത്. എന്നാൽ ക്ലബ്ബിലെത്തി ഒരു വര്ഷം കഴിഞ്ഞതിന് ശേഷം റൊണാൾഡോയും യുണൈറ്റഡും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ നടന്ന സംഭവങ്ങൾക്ക് ശേഷം റൊണാൾഡോയെ യുണൈറ്റഡ് ഒരു മത്സരത്തിൽ നിന്നും വിലക്കുകയും ചെയ്തു. യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് നേരിട്ടുള്ള ശിക്ഷ എന്ന നിലയിലാണ് തീരുമാനമെടുത്തതെന്ന് മനസ്സിലാക്കുന്നു.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ റൊണാൾഡോ ജനുവരിയിൽ ക്ലബ്ബിൽ നിന്നും പോകും എന്നുറപ്പായിരുക്കുകയാണ്. രണ്ടു വർഷത്തെ കരാറിലാണ് റൊണാൾഡോ യൂണൈറ്റഡിലേക്കെത്തിയത്. എന്നാൽ ജനുവരിയിൽ കരാർ അവസാനിപ്പിച്ച് ഫ്രീ ആയി വിടാനുള്ള ഒരുക്കത്തിലാണ് യുണൈറ്റഡ്. സീസണിന്റെ തുടക്കത്തിൽ റൊണാൾഡോ ക്ലബ് വിടാൻ താൽപര്യപ്പെട്ടെങ്കിലും ആരും സൂപ്പർ താരത്തെ സ്വന്തമാക്കാൻ മുന്നോട്ട് വന്നിരുന്നില്ല. ഇതോടെ പ്രൊഫെഷണൽ കരിയർ ആരംഭിച്ചതിനു ശേഷം ആദ്യമായി യൂറോപ്പ ലീഗിൽ കളിക്കേണ്ട സാഹചര്യവും റൊണാൾഡോക്കു വന്നു ചേർന്നു.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബെഞ്ചിലാണ് റൊണാൾഡോയുടെ സ്ഥാനം. പരിശീലകൻ ടെൻ ഹാഗ് പകരക്കാരനായാണ് 37 കാരനെ ഇറക്കുന്നത്. കഴിഞ്ഞ സീസണിൽ യുണൈറ്റഡിന്റെ ടോപ് സ്കോററായ റൊണാൾഡോക്ക് ഈ പ്രീമിയർ ലീഗ് സീസണിൽ അവർക്കായി ഒരു ഗോൾ മാത്രമാണ് നേടാൻ സാധിച്ചത്.റൊണാൾഡോ മാഞ്ചസ്റ്റർ യൂണൈറ്റഡിനായി തന്റെ അവസാന മത്സരം കളിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു.

Rate this post